അന്ന് ശശികല, ഇന്ന് തൃഷ,സനാതന ധർമവും വ്യക്തിപരമായ അധിക്ഷേപങ്ങളും; വിവാദങ്ങളുടെ തോഴനായ ഉദയനിധിയുടെ രാഷ്ട്രീയ ഭാവി ഇനി എന്ത്?

2021-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ശശികല പരാമർശമാണ് ഉദയനിധിയുടെ ആദ്യ പ്രധാന രാഷ്ട്രീയ വിവാദങ്ങളിലൊന്ന്. അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയുടെ പാദങ്ങൾ തൊടാൻ "മൃതദേഹത്തെപ്പോലെ ഇഴഞ്ഞു" എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം

അന്ന് ശശികല, ഇന്ന് തൃഷ,സനാതന ധർമവും വ്യക്തിപരമായ അധിക്ഷേപങ്ങളും; വിവാദങ്ങളുടെ തോഴനായ ഉദയനിധിയുടെ രാഷ്ട്രീയ ഭാവി ഇനി എന്ത്?
അന്ന് ശശികല, ഇന്ന് തൃഷ,സനാതന ധർമവും വ്യക്തിപരമായ അധിക്ഷേപങ്ങളും; വിവാദങ്ങളുടെ തോഴനായ ഉദയനിധിയുടെ രാഷ്ട്രീയ ഭാവി ഇനി എന്ത്?

വിവാദങ്ങളുടെ കളിത്തോഴനെന്ന വിശേഷണം വീണ്ടും ശരിവെക്കുകയാണ് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ.സനാതന ധർമ പരാമർശം മുതൽ രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതത്തെ പരാമർശിച്ചുള്ള പ്രസ്താവനകൾ വരെ തുടർച്ചയായി വിവാദങ്ങളുടെ കേന്ദ്രബിന്ദുവായ ഉദയനിധി, ഇപ്പോൾ നടി തൃഷ കൃഷ്ണനെ പരാമർശിച്ച പ്രസംഗത്തിന്റെ പേരിൽ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കാവേരി നദീജല തർക്കവും മേക്കേദാട്ടു പദ്ധതിയും സംബന്ധിച്ച് തഞ്ചാവൂരിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പ്രസംഗമാണ് ഇത്തവണ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലേക്കും പുതിയ രാഷ്ട്രീയ വിവാദത്തിലേക്കും എത്തിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിൽ കാവേരി നദീജല വിതരണവും മേക്കേദാട്ടു അണക്കെട്ട് പദ്ധതിയും ചൊല്ലിയുള്ള പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവം. പ്രസംഗത്തിനിടെ മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ രൂക്ഷമായി വിമർശിച്ച ഉദയനിധി, കാവേരി ഡെൽറ്റയിലെ കർഷകർ വെള്ളത്തിനായി ബുദ്ധിമുട്ടുമ്പോൾ സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനേക്കാൾ പ്രതിപക്ഷത്തിനെതിരെ കേസെടുക്കുന്നതിലാണെന്ന് ആരോപിച്ചു. ഇതിനിടെയാണ് ജനക്കൂട്ടത്തിലെ ഒരു വിഭാഗം നടി തൃഷ കൃഷ്ണന്റെ പേര് വിളിച്ചത്. അതിന് പിന്നാലെ ഉദയനിധി നടത്തിയ പ്രതികരണം ലൈംഗിക സൂചനയുള്ള ഇരട്ട അർഥപ്രയോഗമാണെന്ന ആരോപണം ഉയർന്നു. പിന്നീട് താൻ ഉദ്ദേശിച്ചത് കാവേരി നദിയിലെ വെള്ളത്തെക്കുറിച്ചാണെന്ന് അദ്ദേഹം വിശദീകരിച്ചെങ്കിലും പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവാദം ശക്തമായി.

സംഭവത്തെ തുടർന്ന് ഭരണകക്ഷിയായ തമിഴക വെട്രി കഴകം ഔദ്യോഗികമായി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത, തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമം, വിവരസാങ്കേതികവിദ്യ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം ഉദയനിധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഓഗസ്റ്റ് നാലിന് രാവിലെ ചെന്നൈയിലെ വസതിയിൽ നിന്ന് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ താൻ യാതൊരു തെറ്റായ പരാമർശവും നടത്തിയിട്ടില്ലെന്നും നിയമപരമായി കോടതിയിൽ കേസ് നേരിടുമെന്നും ഉദയനിധി പ്രതികരിച്ചു.

എന്നാൽ, ഇത് ഉദയനിധിയെ സംബന്ധിച്ചിടത്തോളം ഒറ്റപ്പെട്ട വിവാദമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സജീവമായി കടന്നുവന്ന ശേഷം നടത്തിയ പല പ്രസംഗങ്ങളും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകളെയും രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതത്തെയും പരാമർശിച്ചുള്ള അദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ പലതവണ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഡിഎംകെ സാമൂഹിക നീതിയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും വക്താക്കളാണെന്ന് അവകാശപ്പെടുമ്പോഴും, ഉദയനിധിയുടെ ചില പ്രസംഗങ്ങൾ ആ നിലപാടിന് വിരുദ്ധമാണെന്നാണ് വിമർശകർ ആരോപിക്കുന്നത്.

ദേശിയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തതനുസരിച്ച്, 2021-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ശശികല പരാമർശമാണ് ഉദയനിധിയുടെ ആദ്യ പ്രധാന രാഷ്ട്രീയ വിവാദങ്ങളിലൊന്ന്. അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയുടെ പാദങ്ങൾ തൊടാൻ “മൃതദേഹത്തെപ്പോലെ ഇഴഞ്ഞു” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്ത്രീയെ അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവനയാണിതെന്ന് ആരോപിച്ച് എഐഎഡിഎംകെ ശക്തമായി പ്രതിഷേധിക്കുകയും മാനനഷ്ടക്കേസ് നൽകുകയും ചെയ്തിരുന്നു.

അടുത്തിടെ തമിഴക വെട്രി കഴകം സർക്കാർ അധികാരത്തിലെത്തിയതിന് ശേഷവും ഉദയനിധിയുടെ ചില പ്രസ്താവനകൾ വീണ്ടും വിവാദമായി. മുഖ്യമന്ത്രി വിജയിയുടെ നിയമസഭാ പ്രസംഗത്തെ വിമർശിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കുടുംബജീവിതത്തെ പരോക്ഷമായി പരാമർശിച്ചെന്ന ആരോപണം ഉയർന്നു. അതേ ദിവസം തന്നെ ടിവികെ എംഎൽഎമാരെ പരിഹസിച്ചുകൊണ്ട് നടത്തിയ മറ്റൊരു പരാമർശവും രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ഇത്തരം പരാമർശങ്ങൾ രാഷ്ട്രീയ സംവാദത്തിന്റെ നിലവാരം താഴ്ത്തുന്നതാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ദേശീയ തലത്തിൽ ഏറ്റവും വലിയ വിവാദമായത് 2023-ൽ നടത്തിയ സനാതന ധർമ പരാമർശമാണ്. സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ, കൊറോണ പോലുള്ള രോഗങ്ങളോട് ഉപമിച്ച അദ്ദേഹം, അതിനെ എതിർക്കുക മാത്രമല്ല “ഉന്മൂലനം ചെയ്യണം” എന്നും പ്രസ്താവിച്ചു. ഈ പ്രസംഗം രാജ്യവ്യാപക പ്രതിഷേധത്തിനും വിവിധ സംസ്ഥാനങ്ങളിൽ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതിനും കാരണമായി. പിന്നീട് താൻ ഒരു മതവിശ്വാസത്തെയല്ല, ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്ന സാമൂഹിക ഘടനയെയാണു വിമർശിച്ചതെന്ന് ഉദയനിധി വിശദീകരിച്ചു. എന്നിരുന്നാലും, ആ വിവാദം ഇന്നും അദ്ദേഹത്തെ പിന്തുടരുന്ന രാഷ്ട്രീയ വിഷയങ്ങളിലൊന്നാണ്.

തൃഷയെ ചൊല്ലിയുള്ള ഏറ്റവും പുതിയ സംഭവം ഉദയനിധിയുടെ രാഷ്ട്രീയ ശൈലിയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. അനുയായികൾ ഇതിനെ ശക്തമായ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. മറുവശത്ത്, സ്ത്രീകളെ ഉൾപ്പെടുത്തി വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നത് സ്ത്രീവിരുദ്ധവും രാഷ്ട്രീയ മര്യാദയ്ക്ക് വിരുദ്ധവുമാണെന്നാണ് വിമർശകർ പറയുന്നത്. ഈ സംഭവത്തിൽ രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല, സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായ ചർച്ചകളാണ് നടക്കുന്നത്.

ഒരു നേതാവിന്റെ രാഷ്ട്രീയ ഭാവി അദ്ദേഹത്തിന്റെ പ്രസംഗങ്ങളാലും പൊതുജനങ്ങളുമായി സൃഷ്ടിക്കുന്ന പ്രതിച്ഛായയാലുമാണ് നിർണയിക്കപ്പെടുന്നത്. ഡിഎംകെയുടെ അടുത്ത തലമുറ നേതൃത്വത്തിന്റെ മുഖമായി ഒരിക്കൽ വിലയിരുത്തപ്പെട്ടിരുന്ന ഉദയനിധി സ്റ്റാലിന്, തുടർച്ചയായി ഉയരുന്ന ഇത്തരം വിവാദങ്ങൾ രാഷ്ട്രീയമായി എത്രത്തോളം തിരിച്ചടിയാകുമെന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്. ഓരോ പുതിയ വിവാദവും ഏതാനും ദിവസത്തെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നുണ്ടെങ്കിലും, അതിന്റെ ദീർഘകാല പ്രതിഫലനം അദ്ദേഹത്തിന്റെ പൊതുചിത്രത്തെയും രാഷ്ട്രീയ വിശ്വാസ്യതയെയും എങ്ങനെ സ്വാധീനിക്കുമെന്ന ചോദ്യമാണ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ ഉയരുന്നത്.

Share Email
Top