കുവൈത്ത് സിറ്റി: കുവൈത്തിൽ പത്ത് വയസ്സുള്ള കുട്ടിയെ മറയാക്കി ഗ്രോസറി സ്റ്റോറുകളിൽ നിന്നും മോഷണം നടത്തിയിരുന്ന പ്രതിയെ എഐ യുടെ സഹായത്തോടെ പിടികൂടി. ബയോമെട്രിക് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയിലൂടെയാണ് പ്രതിയെ പിടികൂടിയത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആദ്യമായി പിടിക്കപ്പെട്ട വ്യക്തിയാണ് ഇത്. സമാന സ്വഭാവമുള്ള 25 മോഷണങ്ങൾ നടത്തിയതായി പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു.
ലഹരിക്ക് അടിമയായ പ്രതി മോഷ്ടിച്ച സാധനങ്ങൾ മറ്റ് ചില ഗ്രോസറി ഷോപ്പുകൾക്ക് മറിച്ചു വിൽക്കുകയായിരുന്നു. തന്റെ മകന് സംഭവം അറിയില്ലെന്നും അവനെ ബോധപൂർവ്വം മറയാക്കുകയായിരുന്നുവെന്നും പ്രതി തുറന്ന് സമ്മതിച്ചു. കഴിഞ്ഞ ഡിസംബർ 10ന് മൈദാൻ ഹവല്ലിയിലെ ഗ്യാസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ഗ്രോസറി ഷോപ്പിൽ നിന്നും മോഷണം നടത്തിയതിനെ തുടർന്ന് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
Also Read: മസ്കത്തിൽ കാരവാനിൽ തീപിടിത്തം; ഒരാൾക്ക് പരിക്ക്
ഹവല്ലി കുറ്റാന്വേഷണ വിഭാഗം സിസിടിവി പരിശോധിച്ചപ്പോൾ, പ്രതി മോഷ്ടിച്ച സാധനങ്ങൾ കുട്ടിയോടൊപ്പം ബാഗിൽ വച്ച് വാഹനത്തിൽ കടത്തുന്നത് കണ്ടെത്തി. തുടർന്ന്, ഈ വാഹനം തിരിച്ചറിഞ്ഞതാണ് കേസിൽ നിർണായകമായത്. ആധുനിക ബയോമെട്രിക് തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ദാഹർ പ്രദേശത്ത് താമസിക്കുന്ന സ്വദേശി പൗരനാണെന്ന് തിരിച്ചറിഞ്ഞു. കൂടാതെ ജലീബ് അൽ ഷുവൈഖ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസ് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.