കായംകുളം: വീട്ടിൽകയറി യുവാവിനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. ഇലിപ്പക്കുളം സ്വദേശി നന്ദുവിനെയാണ് പ്രതികൾ അക്രമിച്ചത്. സംഭവത്തിൽ ഓച്ചിറ ഞക്കനാൽ കിടങ്ങിൽ വീട്ടിൽ സൂരജ് (19), ഓച്ചിറ കൊറ്റമ്പള്ളി അമ്പലശ്ശേരിൽ അമ്പാടി ഹരീഷ് (20), ഓച്ചിറ വയനകം മേനേഴത്ത് ഹരികൃഷ്ണൻ (24) എന്നിവരാണ് പിടിയിലായത്.
ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് നന്ദുവിന്റെ ഇരു കാലുകളിലും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു പ്രതികൾ. കഴിഞ്ഞ 16ന് പുലർച്ചെ നടത്തിയ ആക്രമണത്തിന് ശേഷം ഇവർ കൊട്ടാരക്കരയിലും മണപ്പള്ളിയിലുമായി ഒളിവിലായിരുന്നു.
Also Read: ഒല്ലൂരിൽ ഇൻസ്പെക്ടറെ കുത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു
പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ഓച്ചിറ ഞക്കനാൽ കൊച്ചുപുര കിഴക്കതിൽ അജിത്ത് (26), ഓച്ചിറ മേമന ആരാമത്തിൽ അതുൽ രാജ് (20), തഴവ മണപ്പള്ളി കാപ്പിത്തറ കിഴക്കതിൽ മിഥുൻ രാജ് (22), ഓച്ചിറ മേമന അക്ഷയ് ഭവനത്തിൽ അക്ഷയ് കൃഷ്ണൻ (21), ഓച്ചിറ കൊറ്റമ്പള്ളി ഗൗരി ഭവനത്തിൽ ലൈജു (18), കൊട്ടാരക്കര ചക്കുവരക്കൽ ജയശ്രീ ഭവനത്തിൽ അക്ഷയ് കുമാർ (18) എന്നിവരെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.