അര്‍ധരാത്രി കാമുകിയെ കാണാനെത്തിയ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി

അര്‍ധരാത്രി കാമുകിയെ കാണാനെത്തിയ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി

ഗുജറാത്ത്: അര്‍ധരാത്രി കാമുകിയെ കാണാനെത്തിയ യുവാവിനെ കാമുകിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. സൂറത്തിലെ വജ്രാഭരണ നിര്‍മാണ തൊഴിലാളിയായ മെഹുല്‍ സോളാങ്കി(23)യെയാണ് കാമുകിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം.

കഴിഞ്ഞ രണ്ടുവര്‍ഷമായി മെഹുല്‍ സോളാങ്കിയും 21-കാരിയും തമ്മില്‍ പ്രണയത്തിലാണ്. കഴിഞ്ഞദിവസം യുവതി അമ്മാവന്റെ വീട്ടില്‍ താമസിക്കാനെത്തി. അമ്മാവന്റെ മകള്‍ വീട്ടില്‍ ഒറ്റയ്ക്കായതിനാല്‍ കൂട്ടുനില്‍ക്കാനാണ് യുവതി ഇവിടെയെത്തിയത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ കാമുകനെ ഫോണില്‍ വിളിച്ച് ഇവിടേക്ക് വരാന്‍ ആവശ്യപ്പെട്ടു. അര്‍ധരാത്രി ഒന്നരയോടെയാണ് മെഹുല്‍ സോളാങ്കി വീട്ടിലെത്തിയത്. എന്നാല്‍, യുവതിയുടെ സഹോദരനായ ശക്തി ബാരിയ ഇക്കാര്യമറിഞ്ഞു. അമ്മാവനായ മഹിപാത്തിനെയും ബന്ധുവായ ഗോഹിലിനെയും ഇയാള്‍ വിവരമറിയിച്ചു. തുടര്‍ന്ന് അര്‍ധരാത്രി രണ്ടുമണിയോടെ മൂവരും വീട്ടിനുള്ളില്‍ കയറി യുവാവിനെ മര്‍ദിക്കുകയായിരുന്നു.

ഏകദേശം രണ്ടുമണിക്കൂറോളം യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചെന്നാണ് പൊലീസ് പറയുന്നത്. ബെല്‍റ്റ് കൊണ്ടും കയറുകൊണ്ടും നിരന്തരം അടിച്ചു. ഒടുവില്‍ പുലര്‍ച്ചെ നാലരയോടെ 21-കാരി യുവാവിന്റെ സുഹൃത്തുക്കളെ വിളിച്ച് വിവരമറിയിച്ചു. സുഹൃത്തുക്കള്‍ സംഭവസ്ഥലത്ത് എത്തിയതോടെയാണ് പ്രതികള്‍ മര്‍ദനം നിര്‍ത്തിയത്. ഗുരുതരമായി പരിക്കേറ്റനിലയിലാണ് മെഹുലിനെ പ്രതികള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറിയത്. ശരീരമാസകലം മര്‍ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. തുടര്‍ന്ന് യുവാവിനെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. മെഹുലിന്റെ സഹോദരന്റെ പരാതിയില്‍ യുവതിയുടെ ബന്ധുക്കള്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Top