മംഗളൂരു: യുവ എൻജിനീയറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫാറൂഖ് മോട്ടിയയുടെ മകൻ ഫഹദ് മോട്ടിയാണ് (35) മരിച്ചത്. ഉത്തര കന്നട ജില്ലയിലെ ഭട്കലിൽ ശനിയാഴ്ച രാത്രി ഒമ്പതോടെ ഗുഡ് ലക്ക് റോഡിൽ അബു ഉബൈദ മസ്ജിദിന് സമീപം താമസിക്കുന്ന മാതൃസഹോദര ഭാര്യയുടെ വീട്ടിൽ നിന്നും ബൈക്കിൽ പുറപ്പെട്ടതായിരുന്നു സിവിൽ എൻജിനീയറായ ഫഹദ്.
പിന്നീട് ഹുറുലിസാലക്കടുത്ത് പാതക്കരികെ ഉള്ള ഒരു ഇറക്കത്തിൽ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. കഴുത്തിൽ നേരിയ പാടുകൾ ഉണ്ടായിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിച്ച ഫഹദ് സാമ്പത്തിക പ്രശ്നങ്ങൾ ഏറെ നേരിട്ടിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിനോട് പറഞ്ഞു. ഭട്കൽ റൂറൽ പൊലീസ് സ്ഥലത്തെത്തി കേസ് റജിസ്റ്റർ ചെയ്തു.