തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്ത് ട്രഷറിയിൽ 6,000 കോടി രൂപ ബാക്കിയുണ്ടെന്ന വാദം ജനങ്ങളെ പറ്റിക്കാനുള്ളതായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മെയ് 16-ലെ കണക്കനുസരിച്ച് ട്രഷറിയിൽ വെറും രണ്ടായിരം കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. മുൻ സർക്കാരിന്റെ കയ്യിൽ 6,000 കോടി രൂപയുണ്ടായിരുന്നുവെങ്കിൽ വിവിധ മേഖലകളിൽ നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശികകൾ എന്തുകൊണ്ട് തീർപ്പാക്കിയില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ധവളപത്രത്തിൽ സംസ്ഥാനത്തിന്റെ ട്രഷറി ബാലൻസ് ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും നിലവിൽ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരെ മോശം അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ സർക്കാർ വിട്ടുപോയ വിവിധ വകുപ്പുകളിലെയും പദ്ധതികളിലെയും ബാധ്യതകൾ മുഖ്യമന്ത്രി സഭയിൽ നിരത്തി. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഇനത്തിൽ മാത്രം 27,000 കോടി രൂപയുടെ കുടിശ്ശികയുണ്ട്. മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ 476 കോടി രൂപ വിതരണം ചെയ്യാനുണ്ട്. കാരുണ്യ സ്കീം 2,017 കോടി രൂപയുടെ ബാധ്യത നിലനിൽക്കുന്നു. ഇതിന് പുറമെ സപ്ലൈകോയ്ക്ക് നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയും കെട്ടിക്കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Also Read: ‘ബംഗാളിൽ സംഭവിച്ചത് കേരളത്തിലും സംഭവിക്കും’; യു.ഡി.എഫിനെതിരെ മതധ്രുവീകരണ ആരോപണവുമായി കെ.ടി. ജലീൽ
കിഫ്ബി പ്രവർത്തനങ്ങളെയും മുഖ്യമന്ത്രി ശക്തമായി വിമർശിച്ചു. കിഫ്ബി കടം വാങ്ങിയ തുകയുടെ പലിശ നിരക്ക് കേട്ടാൽ തലകറങ്ങി വീഴുമെന്നും, അതിനെ ഒരു പ്രത്യേക സാമ്രാജ്യം പോലെയാണ് മുൻ സർക്കാർ കൊണ്ടുനടന്നതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി നിലവിൽ പുതിയ സർക്കാരിന് വലിയൊരു പ്രതിസന്ധിയാണെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു. പൊതുമരാമത്ത് വകുപ്പിലുണ്ടായ അനാവശ്യ കാലതാമസം കാരണം വലിയ രീതിയിലുള്ള നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിട്ടുണ്ടെന്നും, ട്രഷറിയിൽ വലിയ തുകയുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ വാദം വാസ്തവ വിരുദ്ധമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.






