സുധാകരൻ കലിപ്പിൽ, വി.ഡി സതീശനെതിരെയും നീക്കം, ഒടുവിൽ ബി.ജെ.പി പാളയത്തിൽ എത്താനും സാധ്യത

സുധാകരൻ കലിപ്പിൽ, വി.ഡി സതീശനെതിരെയും നീക്കം, ഒടുവിൽ ബി.ജെ.പി പാളയത്തിൽ എത്താനും സാധ്യത

തിരുവനന്തപുരം: കെ.പി. സി.സി അദ്ധ്യക്ഷസ്ഥാനത്ത് കെ സുധാകരന്റെ തിരിച്ചു വരവ് ത്രിശങ്കുവിലായതോടെ, കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടാകുമെന്ന അഭ്യൂഹവും ശക്തം. തനിക്ക് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിച്ചില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് പോകേണ്ടി വരുമെന്ന നിലപാടാണ് സുധാകരന്‍ അനുയായികളെ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ സുധാകരന് അദ്ധ്യക്ഷ സ്ഥാനം തിരികെ നല്‍കരുതെന്ന കടുത്ത നിലപാടിലാണ് വി.ഡി സതീശന്‍ വിഭാഗം ഉള്ളത്. ഈ നിലപാടിന് കോണ്‍ഗ്രസ്സിലെ എ വിഭാഗത്തിന്റെ പിന്തുണയുമുണ്ട്. തിരഞ്ഞെടുപ്പ് രംഗത്ത് പലയിടത്തും ബുത്ത് ഏജന്റുമാര്‍ പോലും ഇല്ലാത്ത സാഹചര്യം ഉണ്ടായത് സുധാകരന്‍ കോണ്‍ഗ്രസ്സിനെ നയിച്ചതു കൊണ്ടാണെന്ന ആരോപണമാണ് ഈ വിഭാഗങ്ങള്‍ ഉയര്‍ത്തുന്നത്.

സെമി കേഡര്‍ പാര്‍ട്ടിയാക്കും എന്ന് പറഞ്ഞ് അധികാരം ഏറ്റെടുത്ത സുധാകരന്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയും കോണ്‍ഗ്രസ്സില്‍ ശക്തമാണ്. ഇപ്പോള്‍ താല്‍ക്കാലിക ചുമതലയുള്ള എം.എം ഹസ്സന്‍ തല്‍ക്കാലം തുടരട്ടെ എന്ന നിലപാടാണ് ഈ വിഭാഗത്തിന് ഉള്ളത്. എന്നാല്‍, എം.എം ഹസ്സനെ അംഗീകരിക്കാത്ത മറ്റൊരു വിഭാഗം ഹസന്‍ മാറി ജനകീയരായ ആരെയെങ്കിലും അദ്ധ്യക്ഷ സ്ഥാനത്ത് കൊണ്ടു വരണമെന്ന നിലപാടിലാണ് ഉള്ളത്. ഇതും കോണ്‍ഗ്രസ്സില്‍ ചേരിപ്പോര് ശക്തമാക്കിയിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെയാണ് താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റിയിരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ പദവി തിരികെ നല്‍കും എന്ന ഉറപ്പിലാണ് സുധാകരന്‍ പദവി ഹസ്സന് കൈമാറിയിരുന്നത്. കെ.സി വേണുഗോപാലിന്റെ ഇടപെടലോടെ ഈ ധാരണയാണിപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. എഐസിസിയില്‍ നിന്ന് ഔദ്യോഗികമായി അറിയിപ്പ് വന്ന ശേഷം മാത്രം കെപിസിസി പ്രസിഡന്റ് സ്ഥാനം കെ സുധാകരന് കൈമാറിയാല്‍ മതിയെന്നാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെസി വേണുഗോപാല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിയുന്നത് വരെ എംഎം ഹസ്സന്‍ ഈ സ്ഥാനത്ത് തുടരാന്‍ സാധ്യത തെളിഞ്ഞിട്ടുണ്ട്. കണ്ണൂരില്‍ സുധാകരന്‍ ജയിച്ചാലും തോറ്റാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനം തിരികെ നല്‍കാനുള്ള ഒരു സാധ്യതയും ഇല്ലന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ തവണ യു.ഡി.എഫ് നേടിയ 19 സീറ്റില്‍ എത്ര സീറ്റ് കുറഞ്ഞാലും അതിന്റെ പഴിയും സുധാകരന്‍ തന്നെ അനുഭവിക്കേണ്ടതായി വരും.

തനിക്കെതിരെ പാര്‍ട്ടിയില്‍ നടക്കുന്ന നീക്കത്തില്‍ കടുത്ത അതൃപ്തിയുള്ള സുധാകരന്‍ പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ് സൂചന. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാരണത്താല്‍ കെ സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയ കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിച്ചത് സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിട്ടാണോ എന്ന മറുചോദ്യമാണ് സുധാകര വിഭാഗം ഇപ്പോള്‍ ഉയര്‍ത്തുന്നത്.

തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ അത് ചൂണ്ടിക്കാട്ടി സുധാകരന് പ്രസിഡന്റ് സ്ഥാനം കൈമാറാതിരുന്നാല്‍ വി.ഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റണമെന്ന നിലപാട് സ്വീകരിക്കാനാണ് സുധാകര വിഭാഗത്തിന്റെ നീക്കം. ഈ നീക്കത്തിന് ഐ ഗ്രൂപ്പിന്റെ പിന്തുണയും സുധാകര ക്യാംപ് പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം, കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിക്കാതിരിക്കുകയും കണ്ണൂരില്‍ തോല്‍ക്കുകയും ചെയ്താല്‍ സുധാകരന്‍ ബി.ജെ.പി പാളയത്തില്‍ എത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്. ‘തനിക്ക് തോന്നുമ്പോള്‍ ബി.ജെ.പിയില്‍ പോകുമെന്ന് ‘ മുന്‍പ് പരസ്യമായി പറഞ്ഞിട്ടുള്ള ആളായതിനാല്‍ ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല. അങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസ്സിനെയും യു.ഡി.എഫിനെയും വലിയ രൂപത്തില്‍ പ്രതിരോധത്തിലാക്കുന്ന നീക്കമായി അത് മാറുമെന്ന കാര്യവും ഉറപ്പാണ്.

Top