വയനാട്ടിൽ യു.ഡി.എഫ് നേരിടാൻ പോകുന്നത് വൻ പ്രതിസന്ധി, ഉപതിരഞ്ഞെടുപ്പ് വന്നാൽ കാര്യങ്ങൾ എളുപ്പമാകില്ല

വയനാട്ടിൽ യു.ഡി.എഫ് നേരിടാൻ പോകുന്നത് വൻ പ്രതിസന്ധി, ഉപതിരഞ്ഞെടുപ്പ് വന്നാൽ കാര്യങ്ങൾ എളുപ്പമാകില്ല

രാഹുല്‍ ഗാന്ധിയുടെ റായ്ബറേലിയില്‍ മത്സരിക്കാനുള്ള തീരുമാനം കേരളത്തിലെ കോണ്‍ഗ്രസ്സിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. സോണിയ ഗാന്ധി കുത്തകയാക്കി വച്ച റായ്ബറേലിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ കൂടി ശക്തമായ പിന്തുണ ഉള്ളതിനാല്‍ രാഹുല്‍ ഗാന്ധിക്ക് വിജയം ഉറപ്പാണ്. അത്തരമൊരു സാഹചര്യത്തില്‍ വയനാട് ഉപേക്ഷിച്ച് റായ്ബറേലിയില്‍ നില്‍ക്കാനാണ് രാഹുല്‍ ഗാന്ധി താല്‍പ്പര്യപ്പെടുക. ഇത് വയനാട്ടില്‍ ഒരു ഉപതിരഞ്ഞെടുപ്പിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുക. വയനാട് പോലെ ഉപതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം റായ് ബറേലിയില്‍ കോണ്‍ഗ്രസ്സിന് ഉണ്ടാവില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല ഹിന്ദി ഹൃദയഭൂമിയില്‍ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചു പിടിക്കാന്‍ റായ്ബറേലിയില്‍ സീറ്റ് നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസ്സിന് അനിവാര്യവുമാണ്.

ഇവിടെയാണ് യു.ഡി.എഫ് ഇനി യഥാര്‍ത്ഥ പ്രതിസന്ധി നേരിടാന്‍ പോകുന്നത്. വയനാട് മുന്നില്‍ കണ്ടാണ് മൂന്നാംസീറ്റ് മുസ്ലീംലീഗ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്കു വേണ്ടി വിട്ടുവീഴ്ച ചെയ്താണ് രാജ്യസഭ സീറ്റെന്ന ഓഫറിന് ലീഗ് വിട്ടുവീഴ്ച ചെയ്തിരുന്നത്. രാഹുല്‍ ഗാന്ധി റായ്ബറേലിയിലേക്ക് കൂട് മാറുന്നതോടെ മുന്‍ നിലപാടില്‍ നിന്നും ലീഗും പിന്നോട്ട് പോകാനാണ് സാധ്യത.

മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ … എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് വയനാട് ലോകസഭ മണ്ഡലം. ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതു കൊണ്ടാണ് വയനാടിനു വേണ്ടി ലീഗ് പിടിമുറുക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതു കൊണ്ടു മാത്രമാണ് വയനാടിനു വേണ്ടി അവകാശവാദം ഉന്നയിക്കാത്തതെന്ന് പലവട്ടം ലീഗ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇക്കാര്യം തന്നെയാണ് അണികളോടും ലീഗ് നേതൃത്വം വിശദീകരിച്ചിരുന്നത്. ഇക്കാരണത്താല്‍ തന്നെ രാഹുല്‍ വയനാട് സീറ്റ് ഒഴിഞ്ഞാല്‍ ലീഗിനും മുന്‍ നിലപാട് പുനപരിശോധിക്കേണ്ടതായി വരും. യുവ നേതാക്കളെ മൂന്നാം സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യം യൂത്ത് ലീഗും ശക്തമായി തന്നെയാണ് ഉയര്‍ത്തിയിരിക്കുന്നത്. രാഹുല്‍ രാജിവച്ചാല്‍ ഈ വാദം കൂടുതല്‍ ശക്തിപ്പെടാനാണ് സാധ്യത. ഒഴിവു വരുന്ന രാജ്യസഭ സീറ്റു വേണ്ട വയനാട് സീറ്റ് മതിയെന്ന് ലീഗ് ശഠിച്ചാല്‍ കോണ്‍ഗ്രസ്സ് ശരിക്കും വെട്ടിലായി പോകും.

ഇടതുപക്ഷത്തെ രണ്ടാം കക്ഷിയായ സി.പി.ഐയ്ക്ക് നാല് സീറ്റുകള്‍ സി.പി.എം വിട്ടു നല്‍കിയപ്പോള്‍ കാലങ്ങളായി ലീഗിനെ രണ്ട് സീറ്റുകളില്‍ ഒതുക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് സ്വീകരിച്ചിരിക്കുന്നത്. ഇതും ലീഗിനെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ഇടതുപക്ഷത്തായിരുന്നു എങ്കില്‍ കൂടുതല്‍ പരിഗണന കിട്ടുമായിരുന്നു എന്ന ചിന്ത ലീഗിലെ പ്രമുഖ നേതാക്കള്‍ക്കിടയിലും വ്യാപകമാണ്. അവരത് തുറന്നു പറയുന്നില്ലെന്നു മാത്രം. കേരളത്തിലെ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചാണെങ്കില്‍ വയനാട് സീറ്റിനെ സംബന്ധിച്ച് ഉറച്ച നിലപാടാണ് ഉള്ളത്. എന്നാല്‍ ഈ നിലപാട് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നാല്‍ സ്വീകരിക്കാന്‍ കഴിയണമെന്നില്ല. കഴിഞ്ഞ തവണ നേടിയ സീറ്റുകളില്‍ എത്രഎണ്ണം നഷ്ടപ്പെട്ടാലും പ്രതിരോധത്തില്‍ ആകാന്‍ പോകുന്നത് കോണ്‍ഗ്രസ്സാണ്. അപ്പോഴാണ് ലീഗിന് മുന്നിലും വഴങ്ങാന്‍ കോണ്‍ഗ്രസ്സ് നിര്‍ബന്ധിക്കപ്പെടുക. മൂന്നാം സീറ്റെന്ന പേരില്‍… വയനാട് ലീഗിന് നല്‍കുന്ന സാഹചര്യമുണ്ടായാല്‍ അത് കോണ്‍ഗ്രസ്സിലും വലിയ പൊട്ടിത്തെറിക്ക് കാരണമാകും. മണ്ഡലം രൂപീകരണ കാലം മുതല്‍ കോണ്‍ഗ്രസ്സ് മത്സരിച്ച വയനാട്ടില്‍ നിന്നും എം.ഐ ഷാനവാസ് വിജയിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ്സിലെ ലീഗ് വിരുദ്ധര്‍ ഈ നീക്കത്തെ ചെറുക്കുന്നത്.

റായ്ബറേലിയില്‍ നിന്നും വയനാട്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ പദവി രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടു തന്നെയാണ് റായ്ബറേലി രാഹുല്‍ നിലനിര്‍ത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. എന്നാല്‍ വയനാടിനെ രാഹുല്‍ കൈവിട്ടാല്‍ അതിനും യു.ഡി.എഫിന് വലിയ വില നല്‍കേണ്ടി വരും. വയനാട്ടുകാരെ വഞ്ചിച്ചു എന്ന പഴി രാഹുലിനും യു.ഡി.എഫിനും കേള്‍ക്കേണ്ടിയും വരും. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്താന്‍ പോകുന്ന പ്രചരണവും ഇതു തന്നെ ആയിരിക്കും. ‘മറ്റൊരു മണ്ഡലത്തില്‍കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്നാണ് വയനാട്ടിലെ ഇടതു സ്ഥാനാര്‍ഥി ആനി രാജ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ഇക്കാര്യം മറച്ചുവച്ചത് വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാര്‍മികതയ്ക്ക് ചേരാത്തതാണെന്നും, ആനി രാജ തുറന്നടിച്ചിട്ടുണ്ട്.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍…. ഒരാള്‍ക്ക് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാം. അത് സ്ഥാനാര്‍ഥികളുടെ അവകാശമവുമാണ്. എന്നാല്‍ രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍നിന്ന് രാജിവയ്ക്കേണ്ടതായിവരും. ഏത് മണ്ഡലത്തില്‍നിന്ന് രാജിവച്ചാലും ആ മണ്ഡലത്തില്‍ അദ്ദേഹത്തെ വിജയിപ്പിച്ച വോട്ടര്‍മാരോടുള്ള അനീതിയാകുമതെന്നാണ് ആനിരാജ പറയുന്നത്. രാഹുല്‍ ഗാന്ധി എപ്പോഴും പറയുന്നത് വയനാടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ്. മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെങ്കില്‍ പോലും വൈകാരികബന്ധമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം രണ്ടാമതും വയനാട്ടില്‍ മത്സരിച്ചിരിക്കുന്നത്. സന്ദര്‍ഭത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്ന വൈകാരികതയാണോ ഇതെന്നതിന് കോണ്‍ഗ്രസ്സ് മറുപടി പറയണമെന്നും ആനിരാജ ആവശ്യപ്പെട്ടിട്ടുണ്ട്.

വയനാട്ടില്‍ പരാജയപ്പെട്ടാലും ആനിരാജ തന്നെ ആയിരിക്കും ഉപതിരഞ്ഞെടുപ്പു വന്നാല്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെന്നാണ് സി.പി.ഐ കേന്ദ്രങ്ങളും സൂചന നല്‍കുന്നത്. വോട്ടിങ്ങ് ശതമാനത്തില്‍ വലിയ വര്‍ദ്ധനവ് ഇത്തവണ ആനി രാജയ്ക്ക് ഉണ്ടാകുമെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്. ഉപതിരഞ്ഞെടുപ്പ് വന്നാല്‍ അത് അടിച്ചേല്‍പ്പിച്ചതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം എന്തായാലും യു.ഡി.എഫിനു തന്നെ ആയിരിക്കും. അതാകട്ടെ വ്യക്തവുമാണ്. അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ ആയാലും വോട്ടുകളുടെ ശതമാനത്തിലായാലും കേരളത്തില്‍ വലിയ തിരിച്ചടി കോണ്‍ഗ്രസ്സിന് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 20-ല്‍ 20 ഉം വിജയിക്കുമെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫ് നേതൃത്വം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആ നിലപാടില്‍ നിന്നും പിന്നോട്ട് പോയതും, വരാന്‍ പോകുന്ന റിസള്‍ട്ടില്‍ അവര്‍ക്കു തന്നെ ആശങ്കയുള്ളതു കൊണ്ടാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ പിന്നെ കേരളത്തില്‍ ഒരു തിരിച്ചുവരവ് യു.ഡി.എഫ് എന്ന മുന്നണിക്കു തന്നെ പ്രയാസകരമാകും. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സന്തുലനാവസ്ഥയെ തന്നെ മാറ്റിമറിക്കാന്‍ അത്തരമൊരു തിരിച്ചടി വഴിവയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. 2019-ല്‍ ഒരു സീറ്റില്‍ മാത്രം വിജയിച്ച ഇടതുപക്ഷം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍ 99 സീറ്റുകള്‍ നേടി തുടര്‍ ഭരണം സാധ്യമാക്കിയ സാഹചര്യത്തില്‍ ഇടതുപക്ഷം കൂടുതല്‍ ലോകസഭ സീറ്റുകള്‍ നേടിയാല്‍ പിന്നെ യു.ഡി.എഫില്‍ നില്‍ക്കാന്‍ മുസ്ലിം ലീഗിനും ബുദ്ധിമുട്ടാകും. അത്തരമൊരു ഘട്ടത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ലീഗിലെ പ്രബല വിഭാഗം ഇടതുപക്ഷത്ത് എത്തിയാലും അത്ഭുതപ്പെടാനില്ല. ലീഗിനെ സംബന്ധിച്ച് ഭരണം ഇല്ലാതെ ഇനിയും മുന്നോട്ടു പോകാന്‍ കഴിയുകയില്ല. ലോകസഭ തിരഞ്ഞെടുപ്പില്‍ ഈ പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷം സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ മൂന്നാമതും കേരളം ഭരിക്കാനുള്ള വാതിലാണ് ഇടതുപക്ഷത്തിനു മുന്നില്‍ തുറക്കപ്പെടുക. ഇത് കൃത്യമായി അറിയുന്ന ലീഗിലെ ഒരു വിഭാഗം അതിന് അനുസരിച്ചുള്ള നിലപാട് സ്വീകരിച്ചാല്‍ ലീഗില്‍ പിളര്‍പ്പ് ഉറപ്പാണ്. യു.ഡി.എഫിന്റെ അസ്തമയവും അവിടെയാണ് തുടങ്ങുക.

ഇതു കൊണ്ടും കാര്യങ്ങള്‍ അവസാനിക്കുകയില്ല. ലോകസഭ തിരഞ്ഞെടുപ്പില്‍ പത്തില്‍ കുറവ് സീറ്റുകളിലേക്ക് യു.ഡി.എഫ് നിലം പൊത്തിയാല്‍ കോണ്‍ഗ്രസ്സിലും പൊട്ടിത്തെറി ഉറപ്പാണ്. അവിടെ നിന്ന് ആരൊക്കെ എവിടേക്ക് ചാടുമെന്നത് കണ്ടു തന്നെ അറിയേണ്ട സാഹചര്യമാണുള്ളത്.

EXPRESS KERALA VIEW

Top