എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ അമര്‍ത്തി; ബസിന്റെ വാതിലിന് മെക്കാനിക്കല്‍ തകരാറില്ലെന്ന് ഗതാഗതവകുപ്പ്

എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ അമര്‍ത്തി; ബസിന്റെ വാതിലിന് മെക്കാനിക്കല്‍ തകരാറില്ലെന്ന് ഗതാഗതവകുപ്പ്

തിരുവനന്തപുരം: നവകേരള ബസിന്റെ വാതില്‍ തകരാറായതില്‍ വിശദീകരണവുമായി ഗതാഗതവകുപ്പ്. ബസിന്റെ വാതിലിന് മെക്കാനിക്കല്‍ തകരാര്‍ ഇല്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ അമര്‍ത്തിയതാണ് കാരണം. പ്രശ്നം ഉടന്‍ പരിഹരിക്കാതിരുന്നത് ഡ്രൈവര്‍മാരുടെ പരിചയക്കുറവ് കാരണമെന്നും ഗതാഗത വകുപ്പ് പറഞ്ഞു.

‘നവകേരള ബസ്’ പൊതുജനങ്ങള്‍ക്കായുള്ള ആദ്യത്തെ സര്‍വീസ് ഇന്ന് ആരംഭിച്ചു. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സര്‍വീസ് നാലരയോടെയാണ് ആരംഭിച്ചത്.യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോര്‍ കേടായി. ബസിന്റെ ഡോര്‍ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെത്തിയാണ് വാതില്‍ തകരാര്‍ പരിഹരിച്ചത്.

ശക്തമായി കാറ്റ് അടിക്കാന്‍ തുടങ്ങിയതോടെ കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി. യാത്രക്കാരുടെ നേതൃത്വത്തില്‍ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു. തുടര്‍ന്നു ബത്തേരി ഡിപ്പോയില്‍നിന്ന് വാതിലിന്റെ തകരാര്‍ പരിഹരിച്ചു. എമര്‍ജന്‍സി എക്‌സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിവരം.4 മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും നാലരയോടെയാണ് യാത്ര ആരംഭിച്ചത്. താമരശേരിയില്‍ ബസിന് സ്വീകരണം ലഭിച്ചു.

Top