ദുൽഖർ സൽമാൻ നായകനായെത്തുന്ന തമിഴ് ചിത്രം ‘കാന്ത’യുടെ ഗ്ലിംപ്സ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. സെക്കൻഡുകൾ മാത്രമുള്ള ഈ ഗ്ലിംപ്സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ തമിഴ് ട്രെയിലർ നവംബർ 7-ന് റിലീസ് ചെയ്യും. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ‘കാന്ത’യുടെ കഥ അവതരിപ്പിക്കുന്നത്. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധേയനായ സെൽവമണി സെൽവരാജ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
ദുൽഖർ സൽമാന്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും ‘കാന്ത’ എന്ന സൂചനയാണ് ടീസർ നൽകുന്നത്. രണ്ട് വലിയ കലാകാരന്മാർക്കിടയിൽ സംഭവിക്കുന്ന ഈഗോ ക്ലാഷിന്റെ കഥയാണ് ചിത്രം പ്രധാനമായും പറയുന്നത്. ദുൽഖർ സൽമാനും സമുദ്രക്കനിയും ആണ് ഈ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഭാഗ്യശ്രീ ബോർസെ ആണ് ചിത്രത്തിലെ നായിക.
Also Read: ‘കൊടുമൺ പോറ്റിയെ സ്വീകരിച്ച പ്രേക്ഷകർക്ക് ഈ അവാർഡ്’; നേട്ടം പങ്കുവെച്ച് മെഗാസ്റ്റാർ മമ്മൂട്ടി
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് നിർമ്മാതാക്കൾ. ചിത്രത്തിൽ റാണ ദഗ്ഗുബതി മറ്റൊരു നിർണ്ണായക വേഷവും അവതരിപ്പിക്കുന്നുണ്ട്. നേരത്തെ പുറത്തുവിട്ട ആദ്യ ഗാനത്തിനും മികച്ച പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു.













