സുപ്രീം കോടതി അംഗീകരിച്ചിട്ടില്ല..! പിന്നെ ആരാണ് മാറ്റിയത്? ‘ഫോം 6’ വിവാദത്തിൽ ഗ്യാനേഷ് കുമാറിന് പുതിയ കുരുക്ക്

ബിഹാർ വിധിക്ക് ശേഷമാണ് ഇപ്പോഴത്തെ പരിഷ്‌കരിച്ച ഫോം 6 അവതരിപ്പിച്ചതെന്നും അതിനാൽ അന്നത്തെ കേസിൽ ഈ പുതിയ മാറ്റം പരിശോധിക്കേണ്ട സാഹചര്യം കോടതിക്ക് ഉണ്ടായിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

സുപ്രീം കോടതി അംഗീകരിച്ചിട്ടില്ല..! പിന്നെ ആരാണ് മാറ്റിയത്? ‘ഫോം 6’ വിവാദത്തിൽ ഗ്യാനേഷ് കുമാറിന് പുതിയ കുരുക്ക്
സുപ്രീം കോടതി അംഗീകരിച്ചിട്ടില്ല..! പിന്നെ ആരാണ് മാറ്റിയത്? ‘ഫോം 6’ വിവാദത്തിൽ ഗ്യാനേഷ് കുമാറിന് പുതിയ കുരുക്ക്

ന്യൂഡൽഹി: വോട്ടർപ്പട്ടികയിൽ പുതിയതായി പേര് ചേർക്കാൻ എസ്.ഐ.ആർ. നടപടിയിൽ ഉപയോഗിക്കുന്ന പരിഷ്‌കരിച്ച ‘ഫോം 6’ന് സുപ്രീംകോടതി അംഗീകാരം നൽകിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയതോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ വീണ്ടും വിവാദത്തിൽ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ വിചാരണാ നടപടികൾ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർണായക പരാമർശം. കഴിഞ്ഞ ആഴ്ച വിവിധ സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ. നടപടിക്കിടെ ഓൺലൈൻ ഫോം 6നൊപ്പം ചേർത്ത പുതിയ സത്യവാങ്മൂലത്തിന് സുപ്രീംകോടതിയുടെ അംഗീകാരമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ വിശദീകരണം.

1960ലെ ഇലക്ടേഴ്‌സ് രജിസ്‌ട്രേഷൻ ചട്ടങ്ങളിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്താതെ ഫോം 6ൽ മാറ്റം വരുത്താനാകില്ലെന്ന് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ തന്നെ എതിർപ്പ് അറിയിച്ചിരുന്നതായാണ് വിവരം. ഈ എതിർപ്പുകൾ മറികടന്നാണ് പുതിയ മാറ്റങ്ങൾ നടപ്പാക്കിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഫോം 6 വിവാദമായത്. മേയ് മാസത്തിലെ ബിഹാർ എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിധിയിൽ ഫോം 6ലെ സത്യവാങ്മൂലം സുപ്രീംകോടതി ശരിവെച്ചിട്ടുണ്ടെന്ന രീതിയിലാണ് സെപ്റ്റംബർ 26ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.

ALSO READ:‘പാകിസ്താനെ ലോകം പിന്തുണച്ചപ്പോൾ റഷ്യ ഇന്ത്യക്കൊപ്പം..! യൂറോപ്പിനുള്ള ജയ്ശങ്കറിന്റെ മറുപടി

എന്നാൽ ബിഹാർ വിധിക്ക് ശേഷമാണ് ഇപ്പോഴത്തെ പരിഷ്‌കരിച്ച ഫോം 6 അവതരിപ്പിച്ചതെന്നും അതിനാൽ അന്നത്തെ കേസിൽ ഈ പുതിയ മാറ്റം പരിശോധിക്കേണ്ട സാഹചര്യം കോടതിക്ക് ഉണ്ടായിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പരിഷ്‌കരിച്ച ഫോം 6ന് കോടതി അംഗീകാരം നൽകിയിട്ടില്ലെന്നും രേഖകൾ ഹാജരാക്കുമ്പോൾ ഈ മാറ്റങ്ങൾ ആരാണ് വരുത്തിയതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സത്യവാങ്മൂലത്തിൽ പുതിയ വോട്ടറായി പേര് ചേർക്കുന്നവർ തങ്ങളോ മാതാപിതാക്കളോ മുൻ എസ്.ഐ.ആറിൽ ഉൾപ്പെട്ടിരുന്നോ എന്ന് വ്യക്തമാക്കണം. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ എസ്.ഐ.ആറിൽ ഉപയോഗിച്ചിരുന്ന പഴയ ഫോം 6ൽ ഇത്തരം വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല.

ഏകപക്ഷീയമായി എടുത്തതെന്ന് ആരോപിക്കപ്പെടുന്ന 14 തീരുമാനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച റിട്ട് ഹർജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സൈബർ സുരക്ഷാ, ഐ.ടി. വിദഗ്ധരെ ഉൾപ്പെടുത്തി സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണ കമ്മിഷനോ പ്രത്യേക അന്വേഷണ സംഘമോ രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഗ്യാനേഷ് കുമാർ, സീനിയർ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ മനീഷ് ഗാർഗ്, ഡയറക്ടർ ജനറൽ (ഐ.ടി.) സീമ ഖന്ന എന്നിവർക്കെതിരെ 1950ലെ പീപ്പിൾസ് ആക്ട് സെക്ഷൻ 32 പ്രകാരം പരാതി നൽകി പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ഫോം 6 ആരാണ് മാറ്റിയത് എന്ന ചോദ്യത്തിലേക്കാണ് ഇനി കോടതിയുടെ ശ്രദ്ധ നീളുന്നത്.

Share Email
Top