സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ എല്ലാവിധ അവധിക്കാല ക്ലാസുകളും ജില്ലാ കളക്ടർ നിരോധിച്ചു. സ്കൂളുകൾക്കും ട്യൂഷൻ സെന്ററുകൾക്കും ഈ ഉത്തരവ് ബാധകമാണ്. നിലവിൽ പത്തനംതിട്ട ഉൾപ്പെടെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റ് ഒൻപത് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് അനുഭവപ്പെടാം.
ഈ മാസം 24 വരെ കനത്ത ചൂട് തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയത്ത് അൾട്രാവയലറ്റ് രശ്മികളുടെ അളവ് കൂടുതലായതിനാൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. തുടർച്ചയായി വെയിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. മത്സ്യത്തൊഴിലാളികൾ, പുറം ജോലികളിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






