ചെറുതോണി: ഇടുക്കി ജില്ലയിൽ മഞ്ഞപിത്തം വർധിക്കുന്നതായി റിപ്പോർട്ട്. ജില്ലയിലെ മരിയാപുരം പഞ്ചായത്തിലും വാഴത്തോപ്പ് പഞ്ചായത്തിലും മഞ്ഞപ്പിത്തം രൂക്ഷമായി തുടരുകയാണ്. ഒരുമാസത്തിനുള്ളിൽ മൂന്നുപേരാണ് മരിയാപുരം പഞ്ചായത്തിൽ മാത്രം മഞ്ഞപ്പിത്തം മൂലം മരിച്ചത്. നിലവിൽ പല വീടുകളിലും ഒന്നിലധികം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.
പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ ആരോഗ്യവകുപ്പ് നിഷ്ക്രിയമായി നിലകൊള്ളുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്. മഞ്ഞപ്പിത്തം വ്യാപിക്കുന്നതിൻറെ ഉറവിടം കണ്ടെത്താൻ ഇനിയുമായിട്ടില്ല. ഒരു മാസത്തിനുള്ളിൽ മൂന്നുപേർ മരണപ്പെട്ടിട്ടും അധികൃതർ മുൻകരുതൽ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Also Read: പാലക്കാട് ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട്: ഇ എൻ സുരേഷ് ബാബു
തടിയംപാട് കേന്ദ്രീകരിച്ച് പല ഓട്ടോ- ടാക്സി തൊഴിലാളികളും രോഗഭീഷണിയിലാണ്. ഒന്നരമാസം മുമ്പ് ഇടുക്കിയിലെ പൊതുപ്രവർത്തകൻറെ ഭാര്യ മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞിരുന്നു. മരിയാപുരം ആരോഗ്യ കേന്ദ്രത്തിലും മെഡിക്കൽ കോളജിലും ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞയാഴ്ച വിമലഗിരി സ്വദേശിയായ ഓട്ടോ ഡ്രൈവർ മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞു. നാലുദിവസം മുമ്പാണ് ഉപ്പുതോട് സ്വദേശിനിയായ വീട്ടമ്മയും മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്.
പതിനാറാംകണ്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നാല് ദിവസത്തോളം ചികിത്സ തേടിയിരുന്ന ഇവർ രോഗം കുറയാതെ വന്നതോടെ കരിമ്പനിലെ സ്വകാര്യ ആശുപത്രിയെയും ആശ്രയിച്ചിരുന്നു. ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രണ്ടുമണിക്കൂറിന് ശേഷം വീട്ടമ്മ മരിച്ചു.