വന്ദേഭാരത് ട്രെയിനുകളുടെ വേഗത നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നു!

വന്ദേഭാരത് ട്രെയിനുകളുടെ വേഗത നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നു!

ലോകത്തിലെ ഏറ്റവും വലിയ റെയില്‍ ശൃംഖലകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. സേവനങ്ങള്‍ വിപുലീകരിക്കുന്ന തിരക്കിലാണ് അടുത്തകാലത്തായി ഇന്ത്യന്‍ റെയില്‍വേ. അങ്ങനെയാണ് യാത്രക്കാര്‍ രണ്ടു കൈയുംനീട്ടി സ്വീകരിച്ച വന്ദേഭാരത് ട്രെയിനുകളുടെ വരവ്. എന്നാല്‍ ഈ അതിവേഗത മൂന്നുവര്‍ഷം കൊണ്ട് കുറഞ്ഞതായിട്ടാണ് അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് റെയില്‍വേ ഇക്കാര്യം വ്യക്തമാക്കിയത്. വന്ദേ ഭാരത് ട്രെയിനുകളുടെ ശരാശരി വേഗത 2020-21 ലെ 84.48 കിലോമീറ്ററില്‍ നിന്ന് 2023-24 ല്‍ 76.25 കിലോമീറ്ററായി കുറഞ്ഞുവെന്ന് വിവരാവകാശ ചോദ്യത്തിന് മറുപടിയായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. വന്ദേ ഭാരത് മാത്രമല്ല, മറ്റ് പല ട്രെയിനുകളും ചില സ്ഥലങ്ങളില്‍ ജാഗ്രതാ വേഗത നിലനിര്‍ത്തുന്നുണ്ടെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില വന്ദേ ഭാരത് ട്രെയിനുകള്‍ ഭൂമിശാസ്ത്രപരമായ കാരണങ്ങളാലോ അതികഠിനമായ കാലാവസ്ഥകളാലോ വേഗത നിയന്ത്രണങ്ങള്‍ നേരിടുന്നതായും റെയില്‍വേ പറയുന്നു.

രാജ്യത്തിന്റെ പലയിടത്തും റെയില്‍വേ ലൈനുകളില്‍ വലിയതോതിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതുമൂലം പലപ്പോഴും കൂടുതല്‍ വേഗത്തില്‍ പോകാന്‍ സാധിക്കില്ല. പുതിയ വന്ദേഭാരത് ട്രെയിനുകള്‍ കൂടുതല്‍ ദുഷ്‌കരമായ റെയില്‍വേ ലൈനുകളുള്ള റൂട്ടുകളില്‍ ഓടാന്‍ തുടങ്ങിയതും ശരാശരി വേഗതയില്‍ കുറവുണ്ടാകാന്‍ കാരണമായതായി റെയില്‍വേ വിശദീകരിക്കുന്നു.

കൊങ്കണ്‍ മേഖലകളില്‍ കൂടി ഓടുന്ന ട്രെയിനുകള്‍ കുന്നുകളും മലകളും കാരണം സുരക്ഷിതത്വത്തിന്റെ ഭാഗമായി വേഗത കുറച്ചു പോകേണ്ടിവരും. മണ്‍സൂണ്‍ കാലത്ത് ശരാശരി 75 കിലോമീറ്റര്‍ വേഗത്തിലേക്ക് ഈ റൂട്ടിലെ വന്ദേഭാരത് സര്‍വീസുകളുടെ വേഗപരിധി നിജപ്പെടുത്തേണ്ടി വരുമെന്നും ഇന്ത്യന്‍ റെയില്‍വേ മറുപടിയില്‍ പറയുന്നു.

2020-21ല്‍ വന്ദേ ഭാരത് ട്രെയിനുകളുടെ ശരാശരി വേഗത 84.48 ആയിരുന്നുവെന്നും 2022-23ല്‍ ഇത് മണിക്കൂറില്‍ 81.38 കിലോമീറ്ററായി കുറഞ്ഞുവെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച ഡാറ്റ കാണിക്കുന്നു. 2023-24ല്‍ 76.25 ആയി വീണ്ടും കുറഞ്ഞു. രാജ്യത്ത് 2019 ഫെബ്രുവരി 15 നാണ് വന്ദേ ഭാരത് ആദ്യമായി ആരംഭിച്ചത്. ഒരു സെമി-ഹൈ സ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് . ഇതിന് പരമാവധി 160 കിലോമീറ്റര്‍ വേഗതയില്‍ വരെ ഓടാന്‍ കഴിയും. എങ്കിലും, അനുയോജ്യമല്ലാത്ത ട്രാക്കുകള്‍ കാരണം ഡല്‍ഹി-ആഗ്ര റൂട്ടില്‍ ഒഴികെ രാജ്യത്ത് എവിടെയും 130 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ കഴിയില്ല.

‘ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിന്‍ ഗതിമാന്‍ എക്സ്പ്രസിന് 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നതിനായി 2016-ല്‍ വികസിപ്പിച്ച ചില ട്രാക്കുകള്‍ ഡല്‍ഹിക്കും ആഗ്രയ്ക്കുമിടയിലുണ്ട്. ആ സെഗ്മെന്റുകളില്‍ മാത്രം, വന്ദേ ഭാരത് 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നു. ബാക്കിയുള്ള സ്ഥലങ്ങളില്‍, അതിന്റെ പരമാവധി വേഗത ഒന്നുകില്‍ 130 കിമിയോ അല്ലെങ്കില്‍ അതിലും താഴെയോ ആണ്,” ഒരു റെയില്‍വേ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

വന്ദേ ഭാരതിന്റെ വേഗത കൂട്ടുന്നതിനായി റെയില്‍വേ ട്രാക്കുകള്‍ നവീകരിക്കുന്നുണ്ടെന്നും ഇക്കാരണങ്ങളാല്‍ വിവിധ സ്ഥലങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു. ഈ നവീകരണങ്ങള്‍ പൂര്‍ത്തിയായാല്‍, മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ ഇന്ത്യയ്ക്ക് ഉണ്ടാകുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.

Top