കാർത്തി നായകനായി എത്തുന്ന ചിത്രം വാ വാത്തിയാർ. ഇപ്പോഴിതാ ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. കാർത്തിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പെലീസ് വേഷത്തിലാണ് നടൻ എത്തുന്നതെന്നാണ് വിവരം. ‘സൂദു കവ്വും’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നളൻ കുമാരസാമിയാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്.
അതേസമയം കൃതി ഷെട്ടിയാണ് വാ വാത്തിയാറിലെ നായികയായി എത്തുന്നത്. രാജ്കിരൺ, സത്യരാജ്, ജിഎം കുമാർ, ആനന്ദ് രാജ്, ശില്പ മഞ്ജുനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. സത്യരാജാണ് വില്ലൻ വേഷത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ വാത്തിയാറിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 8 വർഷത്തെ ഇടവേളക്ക് ശേഷമാണ് നളൻ കുമാരസാമിയുടേതായി ഒരു സിനിമ എത്തുന്നത്.
Also Read: ഒരുപാട് സ്നേഹം; നരിവേട്ട ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ടൊവിനോ
കാതലും കടന്തു പോവും ആയിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ അവസാന ചിത്രം. വാ വാത്തിയാറിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത് ആമസോൺ പ്രൈമിനാണ്. ചിത്രത്തിൽ കടുത്ത എംജിആർ ആരാധകനായിട്ടാണ് കാർത്തി എത്തുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
ഏറെ പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ മെയ്യഴകന് ശേഷം കാര്‍ത്തി നായകനായി എത്തുന്ന ചിത്രം കൂടിയാണ് വാ വാത്തിയാര്‍. സി. പ്രേം കുമാർ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ അരവിന്ദ് സ്വാമിയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.