കേരളത്തിലെ യുവതാരം ലുക്മാന്റെ പുതിയ ചിത്രമായ ‘അതിഭീകര കാമുകൻ’ നവംബർ 14-ന് തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്നു. ചിത്രത്തിൽ ലുക്മാൻ അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ദൃശ്യ രഘുനാഥാണ് അനു എന്ന നായികയായി എത്തുന്നത്. റിലീസിനോടനുബന്ധിച്ച്, ചിത്രത്തിലെ ‘സുന്ദരിയേ’ എന്ന് തുടങ്ങുന്ന പുതിയ വീഡിയോ ഗാനം തമിഴ് താരം ജീവ പുറത്തിറക്കി.
‘അതിഭീകര കാമുകൻ’ എന്ന ചിത്രത്തിലെ അടുത്തിടെ പുറത്തിറങ്ങിയ ‘സുന്ദരിയേ…’ എന്ന ഗാനം മനോഹരമായ പ്രണയഭാവത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ബിബിൻ അശോക് ഈണം നൽകിയ ഈ ഗാനത്തിന്റെ വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്, രഖൂ ആണ് ആലാപനം നിർവഹിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തുവന്ന ട്രെയിലർ നൽകുന്ന സൂചന അനുസരിച്ച്, ചിത്രം ഒരു റൊമാന്റിക് കോമഡി ഫാമിലി ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. വേറിട്ടൊരു കുടുംബകഥ പറയുന്നതിനൊപ്പം മധുരമൂറുന്ന പ്രണയ നിമിഷങ്ങളും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളും ചിത്രത്തിലുണ്ടാകും. മനോഹരി ജോയിയും സിനിമയിൽ ഒരു പ്രധാന അമ്മ വേഷത്തിൽ എത്തുന്നുണ്ട്.
Also Read:തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു
ചിത്രത്തിൽ നിന്നും ഇതിനോടകം പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചവയാണ്. സിനിമാ സംഗീത ലോകത്ത് സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ‘പ്രേമവതി..’ എന്ന ഗാനം ആസ്വാദക ഹൃദയങ്ങൾ കവർന്നെടുക്കുമ്പോൾ, ഫെജോ പാടിയ ‘ഡെലൂലു ഡെലൂലു…!’ എന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. സരിഗമയാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ, കളർഫുൾ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് അനൗൺസ്‌മെൻ്റ് പോസ്റ്ററും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ലുക്മാൻ, ദൃശ്യ രഘുനാഥ് എന്നിവരെ കൂടാതെ അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം.






