അമേരിക്കുമായുള്ള വ്യാപാര ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ കാണിക്കുന്ന നിഷ്ക്രിയ സമീപനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ. “ഭീരുവായ മുയലുകളാണ് യൂറോപ്യൻ യൂണിയൻ എന്നാണ് ഓർബൻ നടത്തിയ പരാമർശം. അമേരിക്ക ചുമത്തുമെന്ന് പറയുന്ന തീരുവകൾക്കും, അമേരിക്കയ്ക്കും യൂറോപ്യൻ യൂണിയനും ഇടയിലുള്ള വ്യാപാര തർക്കം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലുമാണ് ഓർബന്റെ ഈ പരമാമർശങ്ങൾ. ബുഡാപെസ്റ്റിൽ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി പാർട്ടിയിലെ ആലീസ് വീഡലിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ, അമേരിക്കയുമായുള്ള സാമ്പത്തിക തർക്കങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ ഫലപ്രദമായി സംരക്ഷിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ നിലവിലെ നേതൃത്വത്തിന്റെ കഴിവിനെക്കുറിച്ചും ഓർബൻ സംശയം പ്രകടിപ്പിച്ചു.
യൂറോപ്യൻ യൂണിയനിലെയും യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങളിലെയും മുതലാളിമാർ ഭീരുക്കളായ മുയലുകളെപ്പോലെ ഇരിക്കുന്നു എന്നതാണ് നിലവിലെ പ്രശ്നം. അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളിൽ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാൻ അവർക്ക് സാധിക്കുന്നില്ല. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ ജർമ്മനിയും ഫ്രാൻസും ഇതിനായി മുന്നിട്ടിറങ്ങണമെന്നും ഓർബൻ കൂട്ടിച്ചേർത്തു. ദുർബലരോട് ഒരു ദയയും കാണിക്കാൻ കഴിയില്ല,” ഇറക്കുമതി തീരുവ സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ സ്വന്തം നിർദ്ദേശങ്ങൾ അമേരിക്കയ്ക്ക് മുന്നിൽ മുൻകൂട്ടി അവതരിപ്പിക്കണമെന്നും ഓർബൻ മുന്നറിയിപ്പ് നൽകി.
Also Read: നാറ്റോയുടെ നിലനില്‍പ്പിന് അഴിച്ചുപണി ആവശ്യം: ഇലോണ്‍ മസ്‌ക്
അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ, ഒഴിവാക്കലുകളോ ഇളവുകളോ ഇല്ലാതെ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കും 25% തീരുവ ചുമത്തുമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദശകത്തിൽ അമേരിക്കയിലേക്കുള്ള യൂറോപ്യൻ യൂണിയന്റെ സ്റ്റീൽ കയറ്റുമതി പ്രതിവർഷം ശരാശരി 3 ബില്യൺ യൂറോ (3.10 ബില്യൺ ഡോളർ) ആയിരുന്നു. അതേസമയം, താരിഫുകൾക്ക് മറുപടി കൊടുക്കാതിരിക്കില്ലെന്നും, ഈ കൂട്ടായ്മയിൽ നിന്ന് ഉറച്ചതും ആനുപാതികവുമായ പ്രതിപ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമിടുമെന്നും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. അമേരിക്കൻ എണ്ണകളും, വാതകങ്ങളും വാങ്ങിയില്ലെങ്കിൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള സാധനങ്ങൾക്ക് അധിക നികുതി ചുമത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പിൽ എതിർപ്പ് പ്രകടിപ്പിച്ച് യൂറോപ്യൻ യൂണിയൻ നേതാക്കൾ രംഗത്തുവന്നിരുന്നു.

2018-ൽ ട്രംപ് പാശ്ചാത്യ സ്റ്റീലിനും അലുമിനിയത്തിനും ദേശീയ സുരക്ഷാ ആശങ്കകൾ ഉന്നയിച്ച് താരിഫ് ചുമത്തിയതോടെയാണ് അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്ക് തുടക്കമാകുന്നത്. ഇത് യൂറോപ്യൻ യൂണിയനിൽ നിന്ന് അമേരിക്കയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നതിന് കാരണമായി. പിന്നീടങ്ങോട്ട് ഇരുകൂട്ടരുടെയും വ്യാപര ബന്ധങ്ങളിൽ പലതവണ വിള്ളലുകളുണ്ടായി. പക്ഷെ നിലവിൽ ട്രംപ് എടുത്തിരിക്കുന്നത് കടുത്ത തീരുമാനങ്ങളാണ്. അതിനോടെന്തായാലും തിരിച്ചടിക്കാതിരിക്കാൻ യുറോപിനു കഴിയില്ല. അങ്ങനെ ഒരു തിരിച്ചടി വന്നാൽ അമേരിക്കയും വെറുതെ ഇരിക്കില്ല. ഒരേ ചേരിക്കാരായിരുന്നവർ തമ്മിലുള്ള ഒരു പോരിനായിരിക്കും പിന്നീട് ലോകം സാക്ഷിയാവുക.
അതിനിടയിൽ നിലവിൽ തങ്ങൾക്ക് നേരിടേണ്ട ഏറ്റവും വലിയ ശക്തികളിലൊന്ന് ചൈനയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അമേരിക്ക. ഇന്തോ-പസഫിക് മേഖലയിൽ വർദ്ധിച്ചുവരുന്ന ചൈനയുടെ സ്വാധീനത്തിൽ എപ്പോഴും ആശങ്കയുള്ള കൂട്ടരാണ് അമേരിക്ക. ഈ സ്വാധീനത്തെ നേരിടാനും രാജ്യത്തെ സംരക്ഷിക്കാനും തങ്ങളുടെ സൈനിക മുൻഗണനകൾ വീണ്ടും കേന്ദ്രീകരിക്കാനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് പെന്റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്ത് പറയുകയുണ്ടായി.
യുക്രെയ്‌നെ പിന്തുണയ്ക്കുന്ന നാറ്റോ, നാറ്റോ ഇതര രാജ്യങ്ങളുടെ ബ്രസ്സൽസിൽ നടന്ന ഒരു പ്രതിരോധ സമ്മേളനത്തിൽ സംസാരിക്കവേ പുതുതായി നിയമിതനായ അമേരിക്കൻ പ്രതിരോധ സെക്രട്ടറി അമേരിക്കയുടെ നയങ്ങളിലുള്ള ഒരു പ്രധാന മാറ്റത്തെ പറ്റി സൂചിപ്പിക്കുകയും യൂറോപ്യൻ സഖ്യകക്ഷികൾ സ്വന്തം സുരക്ഷ ഉറപ്പ് വരുത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു. സ്വന്തം അതിർത്തികൾ സുരക്ഷിതമാക്കുന്നതിലും ചൈനയിൽ നിന്നുള്ള ഭീഷണികളെ ചെറുക്കുന്നതിലും അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹെഗ്സെത്ത് എടുത്ത് പറഞ്ഞു.

ഇന്തോ-പസഫിക് മേഖലയിലെ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് ഭീഷണിയാകാനുള്ള കഴിവും അതിന് താൽപര്യവുമുള്ള ഒരു സമ എതിരാളി” എന്നാണ് ഹെഗ്‌സെത്ത് ചൈനയെ വിശേഷിപ്പിച്ചത്. അമേരിക്കയ്ക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് അവരെന്നും അദ്ദേഹം പറഞ്ഞു. പസഫിക്കിൽ ചൈനയുമായുള്ള യുദ്ധം തടയുന്നതിനും, പ്രതിരോധം പരാജയപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ റിസോഴ്‌സിംഗ് ട്രേഡ്‌ഓഫുകൾ നടത്തുന്നതിനും അമേരിക്ക മുൻഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള തന്ത്രപരമായ മത്സരം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
ഇരു രാജ്യങ്ങളും ഇന്തോ-പസഫിക് മേഖലയിൽ തങ്ങളുടെ സൈനിക, സാമ്പത്തിക സാന്നിധ്യം വികസിപ്പിക്കുന്നുണ്ട്. ചൈനയുടെ സൈനിക ശക്തി വർദ്ധനയും മറ്റ് പല തീരുമാനങ്ങളും ഉയർത്തുന്ന വർദ്ധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് അമേരിക്ക പലതവണ ജാഗരൂകരായിട്ടുണ്ട്. ട്രംപിന്റെ രണ്ടാം ടേമിൽ ചൈനയെ എതിർക്കുന്നത് അമേരിക്കൻ വിദേശനയത്തിന്റെ പ്രധാന തീരമാനങ്ങളിലൊന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഈ നിലപാട് അടിവരയിട്ട് പറഞ്ഞിരുന്നു. ഇതിനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്തും ചെയ്യുമെന്നായിരുന്നു റൂബിയോയുടെ ആരോപണം.
Also Read: റഷ്യ-യുക്രെയ്‌ൻ യുദ്ധം; പുടിനുമായും സെലെൻസ്‌കിയുമായും സംസാരിച്ച് ട്രംപ്
ചൈനയിലെ നിർണായക വിതരണ ശൃംഖലകളെ ആശ്രയിക്കുക എന്ന അമേരിക്കയുടെ മുൻ നയങ്ങളെയും റൂബിയോ വിമർശിച്ചു. അമേരിക്കൻ ഉൽപ്പാദനം ദുർബലമായി തുടരുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്തോ-പസഫിക് മേഖലയിലും അതിനപ്പുറത്തും ചൈനുടെ സ്വാധീനം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും റൂബിയോ ആവശ്യപ്പെട്ടു. അതേസമയം, മേഖലയിലെ അസ്ഥിരത സൃഷ്ടിക്കുന്ന പ്രധാന ശക്തി അമേരിക്കയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ചൈന ഈ ആരോപണങ്ങളെ ശക്തമായി നിരാകരിക്കുകയാണുണ്ടായത്. ഇന്തോ-പസഫിക്കിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങളെ ചൈനീസ് പ്രതിരോധ മന്ത്രാലയം അപലപിക്കുകയും ചെയ്തു. ഇത് “ചൈനയെ നിയന്ത്രിക്കാനും, ചൈന ഒരു ഭീഷണിയാണെന്ന ആഖ്യാനത്തെ പെരുപ്പിച്ചു കാണിക്കാനുമുള്ള അമേരിക്കൻ തന്ത്രത്തിന്റെ ഭാഗമാണെന്നുമാണ് മന്ത്രാലയം പറഞ്ഞത്.
ഇല്ലാത്ത പ്രശ്നങ്ങളെ പെരുപ്പിച്ച് കാണിച്ച് സ്വന്തം രാജ്യത്തെ കുഴിയിലാക്കുന്ന നടപടികളാണ് ട്രംപ് ഇപ്പോൾ എടുക്കുന്നത്. വെറുതെ ഇരിക്കുന്ന വൻ ശക്തികളെ പ്രകോപിപ്പിച്ച് പണി വാങ്ങി കൂട്ടാനാണ് ട്രംപ് ശ്രമിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളൊന്നും ഇനി അമേരിക്കയുടെ തീരുമാനങ്ങൾക്ക് വക്കാലത്ത് പിടിക്കാൻ പോകില്ലെന്നത് ഉറപ്പാണ്. അമേരിക്കയിൽ നിന്നും മുട്ടൻ പണിയാണ് യൂറോപ്യൻ രാജ്യങ്ങൾക്ക് ഇപ്പോൾ കിട്ടിയത്. എന്നാൽ ഇവരെല്ലാം ഒരുമിച്ച് തന്നെ അമേരിക്കയ്ക്കെതിരെ തിരിഞ്ഞതും, അമേരിക്കയ്ക്ക് അരികിൽ ഭീഷണിയായി ചൈന വളരുന്നതുമെല്ലാം ട്രംപിന് പുതിയ പുതിയ വെല്ലുവിളികളാണുണ്ടാക്കുന്നത്.
ഇങ്ങനെ രാജ്യങ്ങളെ വെറുതെ പ്രകോപിപ്പിച്ച് അവർ തങ്ങൾക്കെതിരെ പ്രവർത്തിയക്കുകയാണെന്ന് സ്വയം കരുതി കാണിച്ചുകൂട്ടുന്ന കോപ്രായങ്ങളാണ് ഇപ്പോൾ ലോകം കാണുന്നത്. പ്രശ്നമുണ്ടാക്കി അതിന് പരിഹാരം കാണുന്ന ഒരു പ്രസിഡന്റ് എന്തായാലും ഇതുവരെ അമേരിക്കയ്ക്ക് ലഭിച്ചിട്ടുണ്ടാകില്ല. ട്രംപിന്റെ കയ്യിൽ കിടന്ന് അമ്മാനമാടുന്ന അമേരിക്കയുടെ ഭാവി ഇനി എങ്ങനെയാണെന്നാണ് കാണേണ്ടത്…!
വീഡിയോ കാണാം






