പരിവാറിൻ്റെ സകല പ്രതിരോധവും തകർത്ത് മോദിയുടെ ഡൽഹിയിൽ വീണ്ടും വിജയം രചിച്ച് വിപ്ലവ പോരാളികൾ

പരിവാറിൻ്റെ സകല പ്രതിരോധവും തകർത്ത് മോദിയുടെ ഡൽഹിയിൽ വീണ്ടും വിജയം രചിച്ച് വിപ്ലവ പോരാളികൾ

ന്യൂഡൽഹി: ലോകസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപു നടന്ന ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍, വൻ വിജയം നേടി ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ. എസ്.എഫ്.ഐ യും , എ.ഐ.എസ്.എഫും, ഐസയും അടങ്ങിയ ഇടതുസഖ്യം മുഴുവൻ ജനറൽ സീറ്റുകളും തൂത്ത് വാരിയിരിക്കുകയാണ്.

സഖ്യത്തിലെ ഐസ സ്ഥാനാര്‍ഥി ധനഞ്ജയ് കുമാറാണ് പുതിയ വിദ്യാർത്ഥി യുണിയന്‍ പ്രസിഡൻ്റ്. ധനഞ്ജയ് 2598 വോട്ട് നേടി ബഹുദൂരം മുന്നിലെത്തിയപ്പോൾ എ.ബി.വി.പി സ്ഥാനാർത്ഥിയായ ഉമേഷ് സി. അജ്മീറയ്ക്ക് 1676 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

വൈസ് പ്രസിഡന്റായി 2649 വോട്ട് നേടിയ എസ്.എഫ്.ഐ പ്രതിനിധി അവിജിത് ഘോഷ് ആണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.ഇടത് പിന്തുണയോടെ മത്സരിച്ച ‘ബാപ്സ’യുടെ പ്രിയൻഷി ആര്യയാണ് ജനറൽ സെക്രട്ടറി.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടത് സ്ഥാനാർഥിയായി സ്വാതി സിങ് ആയിരുന്നു നേരത്തെ മത്സരരംഗത്തുണ്ടായിരുന്നത്. എന്നാൽ , എ.ബി.വി പി ഇടപെട്ടലിൽ ഒടുവിൽ അവരുടെ നാമനിർദേശം റദ്ദാക്കിയതോടെ , പ്രിയൻഷി ആര്യയെ തന്ത്രപൂർവ്വം പിന്തുണച്ച് എ.ബി.വി.പിയുടെ കണക്കു കൂട്ടലുകൾ തകർക്കുകയാണ് ഇടതുപക്ഷ സംഘടനകൾ ചെയ്തിരിക്കുന്നത്. ജോ സെക്രട്ടറിയായി എ.ഐ.എസ്.എഫിലെ മുഹമ്മദ് സാജിദാണ് വിജയിച്ചിരിക്കുന്നത്.

കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച എസ് എഫ് ഐ സ്ഥാനാർത്ഥിയായ മലയാളി കെ ഗോപിക ബാബുവും, വൻ വിജയമാണ് നേടിയിരിക്കുന്നത്. സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ കൗൺസിലറായാണ് ഗോപിക വിജയിച്ചത്. നാല് വർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച ഒരേയൊരു മലയാളി വിദ്യാർത്ഥിനിയാണ് ഗോപിക.42 കൗണ്‍സിലര്‍മാരില്‍ 30 പേരും ഇടതുപക്ഷ സഖ്യത്തില്‍ നിന്നാണ്.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ജെഎൻയുവിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്. നിലവിൽ ഇടത് വിദ്യാർഥി സഖ്യമാണ് ജെഎൻയു യൂണിയൻ ഭരിക്കുന്നത്. അവർ തന്നെ വീണ്ടും ഭരണം തുടരും.

മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ , ബി.ജെ.പിയുടെയും സംഘപരിവാർ സംഘടനകളുടെയും പിന്തുണയോടെ , അട്ടിമറി വിജയം നേടാൻ ശക്തമായ പ്രവർത്തനങ്ങളാണ് എ.ബി.വി.പി നടത്തിയിരുന്നത്. ഇതിന് ഭരണകൂടത്തിൻ്റെ പിന്തുണയും അവർക്കുണ്ടായിരുന്നു. എന്നാൽ , അതെല്ലാം ചുവപ്പിൻ്റെ മുന്നേറ്റത്തിനു മുന്നിൽ തകർന്നടിയുകയാണ് ഉണ്ടായത്. കോൺഗ്രസ്സിൻ്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യുവിനും ജെ.എൻ.യു കാമ്പസിൽ ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല.

അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഡിബേറ്റിനെ അനുസ്മരിപ്പിക്കുന്ന സംവാദമാണ് ജെഎൻയു വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൻ്റെ ഗതി നിർണ്ണയിക്കുന്നതിൽ ഇത്തവണയും നിർണ്ണായകമായിരിക്കുന്നത്. അർദ്ധരാത്രി വരെ നീണ്ടു നിന്ന വാദപ്രതിവാദത്തിലും , എസ്.എഫ്.ഐ – ഐസ സഖ്യ സ്ഥാനാർത്ഥികളാണ് തിളങ്ങിയിരുന്നത്.

രാജ്യ തലസ്ഥാനത്തെ ഏറ്റവും പ്രധാന കാമ്പസിൽ ഒരിക്കൽ കൂടി ഇടതുപക്ഷം മേധാവിത്വം ഉറപ്പിക്കുമ്പോൾ , അത് പ്രതിപക്ഷ പാർട്ടികൾക്ക് നൽകുന്നതും വലിയ ആവേശമാണ്. മോദിയുടെ മൂക്കിന് താഴെയാണ് ഈ വിജയമെന്നതും അവരെ സംബന്ധിച്ച് ഇരട്ടി മധുരമാണ്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്ത കേന്ദ്ര നടപടിക്കെതിരെ എ.എ.പിക്ക് പുറമെ , ആദ്യം തെരുവിലിറങ്ങി പ്രതിഷേധിച്ചവരിൽ ഇടതുപക്ഷ സംഘടനകളും ഉൾപ്പെടും. അതുകൊണ്ടു തന്നെ , ജെ.എൻ.യുവിലെ ഇടതു വിജയത്തെ , മോദിക്കെതിരായ പ്രഹരമായാണ് എ.എ.പി പ്രവർത്തകരും നോക്കി കാണുന്നത്.

Top