മലയാളത്തിലെ യുവതാരങ്ങളായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ‘അതിഭീകര കാമുകൻ’ സിനിമയിലെ റാപ്പ് ഗാനം പുറത്തിറങ്ങി. ഇപ്പോൾ ഫെജോ ഒരുക്കിയ, ‘ഡെലൂലു ഡെലൂലു…’ എന്ന് തുടങ്ങുന്ന റാപ്പ് ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഹേകാർത്തി എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം നൽകിയാണ് ഫെജോ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം നവംബർ 14-ന് തിയേറ്ററുകളിൽ എത്താനാണ് ഒരുങ്ങുന്നത്.
ലുക്മാൻ അവതരിപ്പിക്കുന്ന അർജുൻ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം ആറ് വർഷം കഴിഞ്ഞ് കോളേജിൽ പഠിക്കാൻ ചേരുന്നതും തുടർന്നുള്ള പ്രണയവുമാണ് സിനിമയുടെ ഇതിവൃത്തമെന്ന് ട്രെയിലർ സൂചന നൽകുന്നു. ദൃശ്യ രഘുനാഥ് ആണ് നായികയായ അനു എന്ന കഥാപാത്രമായി എത്തുന്നത്. ഇതൊരു റൊമാന്റിക് കോമഡി ഫാമിലി ജോണറിലുള്ള ചിത്രമാണ്. കൂടാതെ, ചിത്രത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിദ്ധ് ശ്രീറാം ആലപിച്ച ‘പ്രേമവതി…’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. സിനിമയുടെ മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് സരിഗമയാണ് സ്വന്തമാക്കിയത്.
Also Read: ‘പഴയ സിനിമകൾ കാണുമ്പോൾ ചമ്മലാണ്, പഴയ ഇ-മെയിൽ ഐഡി പോലെ’; ഭാവന
സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്സെറ്റ്റ എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയാൽ, വി. മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മനോഹരി ജോയ്, അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമ, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങുകയാണ്.














