റിപ്പോർട്ടറിലെ റെയ്ഡ് ആഭ്യന്തര മന്ത്രിയുടെയും ഡിജിപിയുടെയും അറിവോടെ, ചാനൽ പകയും ആയുധമാക്കി പൊലീസ് !

മുഖ്യമന്ത്രിയെ വിവാദത്തിലേക്ക് വലിച്ചിഴച്ച് അന്വേഷണം വരുത്തുക എന്ന ലക്ഷ്യം റിപ്പോർട്ടർ ഉടമയ്ക്ക് ഉണ്ടായിരുന്നു എങ്കിൽ, ആ ലക്ഷ്യമാണ് ഇപ്പോൾ നടന്നിരിക്കുന്നത്

റിപ്പോർട്ടറിലെ റെയ്ഡ് ആഭ്യന്തര മന്ത്രിയുടെയും ഡിജിപിയുടെയും അറിവോടെ, ചാനൽ പകയും ആയുധമാക്കി പൊലീസ് !
റിപ്പോർട്ടറിലെ റെയ്ഡ് ആഭ്യന്തര മന്ത്രിയുടെയും ഡിജിപിയുടെയും അറിവോടെ, ചാനൽ പകയും ആയുധമാക്കി പൊലീസ് !

റിപ്പോർട്ടർ ചാനലിൽ പൊലീസ് നടത്തിയ അതിക്രമത്തേക്കാൾ നമ്മളെ അത്ഭുതപ്പെടുത്തിയത് മറ്റ് മുഖ്യധാരാ വാർത്താ ചാനലുകളുടെ നിലപാടുകളാണ്. ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കേണ്ട വിഷയത്തിൽ, അത്തരം ഒരു സമീപനം പ്രധാന വാർത്താ ചാനലുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

റിപ്പോർട്ടർ ചാനലിന് ഒരു പണികിട്ടട്ടെ എന്ന് ഈ മാധ്യമങ്ങൾ എല്ലാംതന്നെ ശരിക്കും ആഗ്രഹിക്കുന്നുണ്ട്. അതു കൊണ്ടാണ് അവർ ഒരുതരം വർഗ്ഗ വഞ്ചന ഈ കാര്യത്തിലും ഇപ്പോൾ കാണിച്ചിരിക്കുന്നത്. റിപ്പോർട്ടർ ചാനൽ, വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ മുന്നിട്ട് നിന്നില്ലായിരുന്നു എങ്കിൽ, ഈ പറയുന്ന ചാനലുകളും മറ്റ് മാധ്യമ പ്രവർത്തകരും എല്ലാം കൂടി, തീർച്ചയായും ഇതിനകം തന്നെ മുഖ്യമന്ത്രി സതീശന് മുന്നിൽ കുത്തിയിരിപ്പ് സമരം തന്നെ നടത്തുമായിരുന്നു.

ഇവിടെ ചാനൽ പക ആനപകയായി മാറിയതാണ് സർക്കാറിനും പൊലിസിനും ഗുണമായിരിക്കുന്നത്. അതുകൊണ്ടാണ് റിപ്പോർട്ടർ ചാനലിൻ്റെ ന്യൂസ് ഡെസ്ക്കിൽ വരെ കയറി ചെന്ന് പൊലീസ് പരിശോധന നടത്തിയിരിക്കുന്നത്. എന്തിൻ്റെ പേരിലായാലും ന്യൂസ് ഡെസ്കിൽ പൊലീസ് അതിക്രമിച്ച് കടന്ന് മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവെക്കുകയും, വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തുകയും ചെയ്തത് ഞെട്ടിക്കുന്ന സംഭവമാണ്.

മാധ്യമപ്രവർത്തകർക്ക് അവരുടെ സ്വന്തം ഓഫീസിൽ പോലും തൊഴിൽ നിർവഹിക്കാനുള്ള സ്വാതന്ത്ര്യമില്ല എന്നു പറഞ്ഞാൽ, ഇത് അടിയന്തരാവസ്ഥ കാലമൊന്നുമല്ലല്ലോ എന്നാണ് ചോദിക്കാനുള്ളത്. ഇനി എന്തെങ്കിലും നിയമപരമായ അന്വേഷണം ആവശ്യമായ സാഹചര്യമുണ്ടെങ്കിൽ പോലും, മാധ്യമപ്രവർത്തകരുടെ അവകാശങ്ങളും മാധ്യമസ്ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യവും സംരക്ഷിച്ചുകൊണ്ടായിരിക്കണം അന്വേഷണ നടപടികൾ സ്വീകരിക്കേണ്ടിയിരുന്നത്. ആ വഴിയും ഇവിടെ പൊലീസ് സ്വീകരിച്ചതായി കണ്ടിട്ടില്ല.

മൊബൈൽ ഫോണുകളിലെയും മറ്റ് ഉപകരണങ്ങളിലെയും വിവരങ്ങൾ, മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ട സ്വകാര്യവും, സ്രോതസ്സുകളെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളുന്നതും ആയിരിക്കാം. ഇത് വെളിപ്പെടുത്തേണ്ട ഒരു ബാധ്യതയും മാധ്യമ പ്രവർത്തകർക്കില്ലന്നതു കൂടി ബന്ധപ്പെട്ടവർ മനസ്സിലാക്കണം.

പിന്നെ ചൂണ്ടിക്കാണിക്കാനുള്ള മറ്റൊരു കാര്യം, മെസ്സി വിവാദവുമായി ബന്ധപ്പെട്ട് മാത്രമാണ് ഈ റെയ്‌ഡ് നടന്നത് എന്നത് എന്തായാലും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്, അതൊരു കാരണം മാത്രമായിരിക്കും. ഈ വിഷയം മുൻ നിർത്തി മറ്റ് ചാനലുകളും മാധ്യമങ്ങളും ഇതുവരെ വാർത്ത നൽകിയതും റിപ്പോർട്ടർ ചാനലിനെ ടാർഗറ്റ് ചെയ്താണ്. അത് മുൻപ് സൂചിപ്പിച്ചത് പോലെ റേറ്റിങ്ങിലെ അസൂയ മൂത്ത് നടത്തിയ ഇടപെടലാണ്. വിശ്വാസ്യത തകർക്കുക എന്നത് തന്നെ ആയിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം.

എന്നാൽ, ഇതിൻ്റെ പേര് പറഞ്ഞ് രംഗത്തിറങ്ങിയ പൊലീസ് ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത് ഒരുതരം പക പോക്കലാണ്. റിപ്പോർട്ടർ ചാനൽ ഉടമയായ ആൻ്റോ അഗസ്റ്റിൻ മുഖ്യമന്ത്രി വിഡി സതീശന് എതിരെ നടത്തിയ ചില വിമർശനങ്ങളും വെളിപ്പെടുത്തലുമാണ് പെട്ടന്നുളള പൊലീസ് നടപടിക്ക് കാരണമെന്നാണ് കരുതേണ്ടത്. ഇതിന് പിന്നിൽ മുഖ്യമന്ത്രി വിഡി സതീശൻ മാത്രമല്ല, പൊലീസ് മന്ത്രി രമേശ് ചെന്നിത്തലയ്ക്കും പൊലീസ് ഉപദേഷ്ടാവ് ഹേമചന്ദ്രനും എല്ലാം കൃത്യമായ വിവരം ഉണ്ടായിരുന്നു. അമേരിക്കയിൽ ഇരുന്ന് ആഭ്യന്തര മന്ത്രി ഇടപെടൽ നടത്തിയിട്ടില്ല എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അത് തെറ്റായ ഒരു ബോധ്യം മാത്രമായിരിക്കും. അതു പോലെ തന്നെ സംസ്ഥാന പൊലീസ് മേധാവി അറിയാതെ എ ആർ ക്യാംപിൽ നിന്നും പൊലീസിനെ ഉപയോഗിക്കാൻ എസ് ഐ ടിക്ക് കഴിയില്ലന്നതും പൊലീസ് സംവിധാനത്തെ കുറിച്ച് അറിയാവുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്ന കാര്യവുമാണ്. എസ് ഐ ടി തലവനും തൃക്കാക്കര അസി കമ്മീഷണറും എല്ലാം ഉത്തരവ് അനുസരിച്ചു എന്നത് വേണം മനസ്സിലാക്കാൻ.

അതേസമയം ഇപ്പോൾ മറ്റൊരു ഡവലപ്പ്മെൻ്റ് കൂടി ഉണ്ടായിട്ടുണ്ട്. അത് മുഖ്യമന്ത്രി വി.ഡി. സതീശനെതിരായി ഉയർന്ന വ്യാജ വിവാഹ ആരോപണത്തിൽ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചതാണ്. കോൺഗ്രസ് നേതാവ് രാജു പി.നായർ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. റിപ്പോർട്ടർ ചാനലിന്റെ ഉടമയായ ആന്റോ അഗസ്റ്റിൻ ഒരു ചടങ്ങിൽ നടത്തിയ വെളിപ്പെടുത്തലാണ് ഈ പരാതിക്ക് അടിസ്ഥാനമെന്നത് കൂടി തിരിച്ചറിയുമ്പോഴാണ് റിപ്പോർട്ടർ ചാനലിലെ പൊലീസ് റെയ്ഡും അത്ര നിഷ്‌കളങ്കമല്ലെന്നത് പറയേണ്ടി വരുന്നത്.

കർണാടകയിലെ ബൈന്തൂർ സബ് റജിസ്ട്രാർ ഓഫിസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം റജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചുവെന്നാണ്, ആന്റോ അഗസ്റ്റിൻ പറഞ്ഞിരുന്നത്. വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടാണു വന്നതെന്നും ആധികാരികത ബോധ്യപ്പെടാത്തതിനെ തുടർന്ന് വാർത്ത കൊടുക്കേണ്ട എന്നു തീരുമാനിച്ചുവെന്നും ആന്റോ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജു പി.നായർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. എൻ്റെ അറിവിൽ ഡൽഹിയിലെ ഒരു അഭിഭാഷകനും ഇതു സംബന്ധമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുകയും വ്യാജരേഖയുണ്ടാക്കുകയും ചെയ്ത യുവാക്കളെ കണ്ടെത്തി ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമവുമാണ് നടന്നത് എന്നും പരാതിയിൽ എടുത്ത് പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ എന്തായാലും ശക്തമായ അന്വേഷണം ഉടനെ നടക്കുമെന്നതും ഉറപ്പാണ്.

ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും റിപ്പോർട്ടർ ചാനലിലെ മാധ്യമ പ്രവർത്തകർ തന്നെയാണ് എന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അവരുടെ ആവേശം കാണുമ്പോൾ അവരുടെ ഉടമ ഇത്തരം ഒരു പരാമർശം നടത്തിയതു തന്നെ ഇതുപോലെ ഒരു അന്വേഷണം ക്ഷണിച്ച് വരുത്തുന്നതിനു വേണ്ടിയാണോ എന്ന സംശയം പോലും ഉയർന്നു കഴിഞ്ഞിട്ടുണ്ട്.

EXPRESS VIEW

വീഡിയോ കാണാം…

Share Email
Top