പ്രശ്നം ശരീരത്തിലല്ല, നോക്കുന്ന കണ്ണിലാണ്..! കത്രീനയുടെ പുതിയ ലുക്കിന് നേരെ വിമർശനം

കത്രീനയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്

പ്രശ്നം ശരീരത്തിലല്ല, നോക്കുന്ന കണ്ണിലാണ്..! കത്രീനയുടെ പുതിയ ലുക്കിന് നേരെ വിമർശനം
പ്രശ്നം ശരീരത്തിലല്ല, നോക്കുന്ന കണ്ണിലാണ്..! കത്രീനയുടെ പുതിയ ലുക്കിന് നേരെ വിമർശനം

അമ്മയായതിന് പിന്നാലെ ആദ്യമായി വലിയൊരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ട കത്രീന കൈഫിന്റെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. മുംബൈയിൽ നടന്ന അംബാനി കുടുംബത്തിന്റെ ഗണേശോത്സവത്തിൽ ഭർത്താവ് വിക്കി കൗശലിനൊപ്പമാണ് കത്രീന എത്തിയത്. മിന്റ് നിറത്തിലുള്ള അനാർക്കലി വേഷവും നിറങ്ങളുള്ള എംബ്രോയ്ഡറി ദുപ്പട്ടയും അണിഞ്ഞെത്തിയ കത്രീനയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ സന്തോഷം പങ്കുവെച്ചെങ്കിലും, പിന്നാലെ നടിയുടെ ശരീരഭാരത്തെയും രൂപത്തെയും വിമർശിച്ചുള്ള കമന്റുകളും വ്യാപകമായി.

2025 നവംബറിൽ മകൻ വിയാൻ ജനിച്ചതിന് ശേഷം കത്രീന പൊതുവേദികളിൽ നിന്ന് ഏറെ മാറിനിന്നിരുന്നു. ഗർഭധാരണത്തിന് ശേഷമുള്ള ശരീരമാറ്റങ്ങളെ മുൻകാല ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് ചിലർ സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിച്ചത്. ‘She is finished’ എന്നതടക്കമുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇത്തരം പ്രതികരണങ്ങൾക്കെതിരെ നിരവധി ആരാധകരും സ്ത്രീകളും രംഗത്തെത്തി. പ്രസവശേഷം ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും, ഒരു സ്ത്രീയുടെ രൂപത്തെ മാത്രം അടിസ്ഥാനമാക്കി അവരെ വിലയിരുത്തുന്നത് ശരിയല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

ALSO READ:‘സീതാ ദേവിയെ നേരിൽ കാണുന്നതുപോലെ..! ജയ് ജയ് ശ്രീറാം എത്തിയതോടെ സായ് പല്ലവിക്ക് കയ്യടി

കത്രീനയുടെ സംഭവത്തോടെ പ്രസവശേഷം സ്ത്രീകൾക്ക് നേരെയുള്ള ‘പെട്ടെന്ന് പഴയ രൂപത്തിലേക്ക് തിരിച്ചെത്തണം’ എന്ന സാമൂഹിക സമ്മർദവും വീണ്ടും ചർച്ചയായി. ഗർഭധാരണവും പ്രസവവും ശരീരഭാരം, മുഖത്തിന്റെ രൂപം, പേശികളുടെ ഘടന തുടങ്ങിയവയിൽ മാറ്റങ്ങൾ ഉണ്ടാക്കാമെന്നും, പ്രസവശേഷം ശരീരം പഴയ നിലയിലേക്ക് തിരിച്ചെത്താൻ എല്ലാവർക്കും ഒരേ സമയമെടുക്കില്ലെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

ഇതിനിടെ, കത്രീനയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്. പ്രസവശേഷമുള്ള ശരീരമാറ്റങ്ങളെ സ്വാഭാവികമായി സ്വീകരിക്കാനുള്ള സന്ദേശമാണ് കത്രീനയുടെ പുതിയ ലുക്ക് നൽകുന്നതെന്ന് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയും പ്രതികരിച്ചു. സ്ത്രീകൾക്ക് ഓരോ ഘട്ടത്തിലും രൂപത്തെക്കുറിച്ച് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്ന സമീപനമാണ് ഇത്തരം വിവാദങ്ങൾ വീണ്ടും മുന്നിലെത്തിക്കുന്നത്.

Share Email
Top