ഇടതുമുന്നണിയിൽ പദവിപ്പോര് മുറുകുന്നു; സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച പരാജയം

പ്രതിപക്ഷ ഉപനേതാവ് പദവി വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുമ്പോൾ, അത് തങ്ങൾക്ക് തന്നെ വേണമെന്ന വാശിയിലാണ് സിപിഐ

ഇടതുമുന്നണിയിൽ പദവിപ്പോര് മുറുകുന്നു; സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച പരാജയം
ഇടതുമുന്നണിയിൽ പദവിപ്പോര് മുറുകുന്നു; സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച പരാജയം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി ഇടതുമുന്നണിയിൽ അസാധാരണ പ്രതിസന്ധി. സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ഉഭയകക്ഷി ചർച്ച സമവായത്തിലെത്താതെ പരാജയപ്പെട്ടു. പദവി ലഭിച്ചില്ലെങ്കിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങാനാണ് സിപിഐയുടെ ആലോചന.

പ്രതിപക്ഷ ഉപനേതാവ് പദവി വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുമ്പോൾ, അത് തങ്ങൾക്ക് തന്നെ വേണമെന്ന വാശിയിലാണ് സിപിഐ. പാർട്ടിക്ക് ലഭിക്കേണ്ട അർഹമായ പ്രാധാന്യം മുന്നണിയിൽ ലഭിക്കുന്നില്ലെന്ന വികാരമാണ് സിപിഐക്കുള്ളിലുള്ളത്. എകെജി സെന്ററിലെ ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, തങ്ങളുടെ ആവശ്യം മുന്നണിക്കകത്ത് വ്യക്തമാക്കിയതാണെന്നും, എന്തുകൊണ്ട് പദവി നൽകുന്നില്ലെന്ന് സിപിഎം വ്യക്തമാക്കണമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

Also Read:ബന്ധുനിയമന വിവാദത്തിൽ മൗനം പാലിച്ച് മന്ത്രി സണ്ണി ജോസഫ്; നിയമസഭയിൽ പ്രതിപക്ഷ ബഹളം

നിയമസഭയിൽ ആകെയുള്ള 35 എൽഡിഎഫ് എംഎൽഎമാരിൽ 26 പേർ സിപിഎമ്മിനും 8 പേർ സിപിഐക്കും ഒരു സീറ്റ് ആർജെഡിക്കുമാണ്. കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണമെന്നാണ് സിപിഐയുടെ പ്രധാന ആവശ്യം. എന്നാൽ, സിപിഎം ഇക്കാര്യത്തിൽ ഒരു ചർച്ചയ്ക്കും ഇതുവരെ തയ്യാറായിട്ടില്ല. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തപ്പോൾ പോലും സിപിഐയുമായി കൂടിയാലോചന നടത്തിയിരുന്നില്ലെന്ന് പാർട്ടിക്ക് പരാതിയുണ്ട്.

കെ.എൻ. ബാലഗോപാലാണ് നിലവിൽ പ്രതിപക്ഷ നിരയിൽ രണ്ടാമനായി പ്രവർത്തിക്കുന്നത്. ആദ്യ അടിയന്തര പ്രമേയം അവതരിപ്പിച്ചതും അദ്ദേഹമാണ്. മുൻകാലങ്ങളിൽ പി.എം. ശ്രീ അടക്കമുള്ള വിഷയങ്ങളിൽ ഇരു പാർട്ടികളും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ഇപ്പോൾ പദവി തർക്കത്തോടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. കനത്ത തോൽവിക്ക് ശേഷം ഇത്തരം ആവശ്യങ്ങൾ പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎം നേതൃത്വത്തിനുള്ളത്.

Share Email
Top