‘കേരളത്തില്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്ന സിജെപി മുന്നണിയാണുള്ളത്’; കെ.സുധാകരന്‍

ചേരിപ്പോരും തമ്മിലടിയും മുല്യച്യുതിയും ജീര്‍ണ്ണതയുമാണ് സിപിഎം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി.

‘കേരളത്തില്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്ന സിജെപി മുന്നണിയാണുള്ളത്’; കെ.സുധാകരന്‍
‘കേരളത്തില്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്ന സിജെപി മുന്നണിയാണുള്ളത്’; കെ.സുധാകരന്‍

തിരുവനന്തപുരം: നേതൃത്വത്തോടുള്ള അതൃപ്തി പരസ്യപ്പെടുത്തി അണികള്‍ തെരുവില്‍ പ്രതിഷേധിക്കുന്നത് സിപിഎമ്മിന്റെ സമീപകാല ചരിത്രത്തിലാദ്യമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇത് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും എതിരായ അന്തിമ താക്കീതാണ്. ആലപ്പുഴ മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നതും സിപിഎം അണികളുടെ സംഘം കരുനാഗപ്പള്ളിയില്‍ പ്രതിഷേധിച്ചതും അതിന്റെ സൂചനയാണെന്ന് കെ.സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടി നേതാക്കള്‍ ബിജെപിയില്‍ ചേക്കേറുകയാണ്. ചേരിപ്പോരും തമ്മിലടിയും മുല്യച്യുതിയും ജീര്‍ണ്ണതയുമാണ് സിപിഎം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി. അതിനെതിരെ അവരുടെ അണികള്‍ രംഗത്തുവന്നതില്‍ അദ്ഭുതപ്പെടാനില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്ന സിജെപി മുന്നണിയാണുള്ളത്. കോണ്‍ഗ്രസ് ഇത്രയും നാളും സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അവരുടെ അണികള്‍ അടിവരയിടുകയാണ്. നേതാക്കളിലും അണികളിലും ഒരുപോലെ പ്രതിഷേധം പുകയുന്ന അഗ്‌നിപര്‍വതമായി സിപിഎം മാറി. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് സംഘപരിവാറിന്റെ ആലയില്‍ സിപിഎമ്മിനെ നേതൃത്വം തളച്ചത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ പോലും പണയപ്പെടുത്തി ഏതു കറുത്തശക്തിയോടും കൂട്ടുകൂടാന്‍ സിപിഎം നേതൃത്വം തയ്യാറായതിന്റെ ഫലമായി ബംഗാളിലുണ്ടായ തകര്‍ച്ച കേരളത്തിലും സിപിഎമ്മിനെ കാത്തിരിക്കുന്നുവെന്ന് സുധാകരന്‍ തുറന്നടിച്ചു.

Top