CMDRF

പൊതുസ്ഥലത്ത് തട്ടമിട്ടില്ല; ഇറാനിൽ യുവതി അറസ്റ്റിൽ

പൊതുസ്ഥലത്ത് തട്ടമിട്ടില്ല; ഇറാനിൽ യുവതി അറസ്റ്റിൽ
പൊതുസ്ഥലത്ത് തട്ടമിട്ടില്ല; ഇറാനിൽ യുവതി അറസ്റ്റിൽ

തെഹ്റാൻ: ഇറാനിൽ തട്ടമിടാത്തതിന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് തട്ടമിടാതെ പാട്ട് പാടിയതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സാറ ഇസ്മയ്‍ലിയെ ആണ് അറസ്റ്റ് ചെയ്തത്. സാറ എവിടെയാണെന്ന് കുടുംബത്തിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇറാനിൽ പാർക്കുകൾ, മെട്രോ പോലുള്ള എല്ലാ പൊതുയിടങ്ങളിലും സ്ത്രീകൾ ഹിജാബ് ധരിക്കൽ നിർബന്ധമാണ്. നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷയും ഉറപ്പാണ്.

ആമി വിൻഹൗസിന്റെ ബാക് ടു ബാക് എന്ന പാട്ടാണ് സാറ പാടിയത്. ഇറാനിയൻ ഗായികയും ബെർലിൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകയുമായ ഫറാവസ് ഫർവർദിൻ അറസ്റ്റിനെ അപലപിച്ച് രംഗത്തുവന്നു.

​”പൊതുയിടത്തിൽ പാട്ടുപാടിയതിന് ഗായിക സാറയെ ഇറാനിലെ തടങ്കൽ കേന്ദ്രത്തിൽ അടച്ചിരിക്കുന്നു. രാജ്യത്തിന് പുറത്തുള്ള ആക്ടിവിസ്റ്റുകളുമായും സംഗീതജ്ഞൻമാരുമായും ബന്ധം പുലർത്തുന്നതിന് സാറക്കു മേൽ വലിയ സമ്മർദമുണ്ട്.”-എന്നാണ് ഫറാവസ് എക്സിൽ കുറിച്ചത്.

നേരത്തേ മഹ്സ അമീനി എന്ന പെൺകുട്ടി തട്ടം ശരിയായി ധരിക്കാത്തതിനെ തുടർന്ന് അറസ്റ്റിലായി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ രാജ്യത്ത് വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.

Top