തിരുവനന്തപുരം: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. വിജയ് ഹസാരെ ട്രോഫിയിൽ ഉൾപ്പെടുത്താത്ത കെ.സി.എയുടെ നടപടിയിൽ വളരയെധികം സങ്കടമുണ്ടെന്നും സഞ്ജുവിനെ പോലെ വളരെ പരിചയ സമ്പന്നനായ ഒരാൾ കളിക്കാൻ തയാറാണെന്ന് അറിയിക്കുമ്പോൾ ടീമിലെടുക്കണമായിരുന്നെന്നും ശ്രീശാന്ത്.
ശ്രീശാന്ത് പറയുന്നു…
“കേരളത്തിൽ നിന്നുള്ള ആകെയുള്ള താരം സഞ്ജുവാണ്, അസോസിയേഷൻ കളിക്കാരുടെ കൂടെ നിൽക്കുകയാണ് വേണ്ടത്. ഒരു കളിക്കാരനെ ഇല്ലാതാക്കാൻ എളുപ്പമാണ്, ഉണ്ടാക്കിയെടുക്കാനാണ് പ്രയാസം. സഞ്ജുവിനെ വിമർശിക്കുന്നവർ എത്രമാത്രം ക്രിക്കറ്റ് കളിച്ചവരാണ് ?
സഞ്ജുവിനെ ക്രൂശിക്കുകയല്ല, ഒപ്പം നിൽക്കുകയാണ് വേണ്ടത്. തുടർച്ചയായ മത്സരങ്ങൾക്ക് ശേഷം അനിവാര്യമായ ബ്രേക്കാണ് സഞ്ജു എടുത്തത്. വിജയ ഹസാരെക്കുള്ള തയാറെടുപ്പിലായിരുന്നു താരം. ഇത്രയും പരിചയ സമ്പത്തും സീനിയോരിറ്റിയുമുള്ള താരത്തിന് വേണ്ട പരിഗണനകളാണ് അസോസിയേഷൻ നൽകേണ്ടിയിരുന്നത്. കച്ച ഫോമിലുള്ള സഞ്ജുവിനെ പോലുള്ള കളിക്കാരന് ചാമ്പ്യൻസ് ട്രോഫിയിൽ ഇടം നേടാതെ പോയതിൽ എല്ലാവരും ശബ്ദമുയർത്തണമെന്നാണ് തനിക്ക് പറയാനുള്ളത്.
Also Read :ഒന്നാം സ്ഥാനമുറപ്പിച്ച് ലിവർപൂൾ; കാലിടറി അത്‍ലറ്റിക്കോ
സഞ്ജുവിനെ തഴയുന്നതെന്ത്..?

ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിൽ വിശദീകരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ നേരത്തെ രംഗത്ത് വന്നിരുന്നു. സഞ്ജുവിന് തോന്നുമ്പോൾ വന്ന് കളിക്കാനുള്ളതല്ല കേരള ടീം എന്നാണ് കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞത്.
Also Read : ‘ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജുവാണ്’;ചർച്ചയായി ഗംഭീറിന്‍റെ പഴയ ട്വീറ്റ്
“വിജയ് ഹസാരെ ട്രോഫിക്കായുള്ള പരിശീലന ക്യാമ്പിൽ നിന്ന് സഞ്ജു കാരണങ്ങളൊന്നും പറയാതെ വിട്ടുനിന്നുവെന്നും കെ.സി.എ പ്രസിഡന്റ് വിശദീകരിച്ചു. ‘ഞാനുണ്ടാകില്ല’ എന്ന ഒറ്റവരി മെയിൽ മാത്രമാണ് സഞ്ജു കെ.സി.എ സെക്രട്ടറിക്ക് അയച്ചത്. ക്യാമ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞിട്ടില്ല. ക്യാമ്പ് കഴിഞ്ഞ് ടീം പ്രഖ്യാപിച്ചപ്പോൾ ഞാനുണ്ടാകുമെന്ന മെയിലും അയച്ചു. സഞ്ജു ആദ്യമായിട്ടല്ല കെ.സി.എയ്ക്കൊപ്പം കളിക്കുന്നത്. ഒരു ക്യാമ്പ് പ്രഖ്യാപിക്കുമ്പോൾ ഇത്തരത്തിൽ സീനിയർ ആയിട്ടുള്ള ഉത്തരവാദിത്തപ്പെട്ട താരം ഒരു വരി സന്ദേശമാണോ അയക്കുക. ഒരു കാരണവും പറഞ്ഞില്ല”- ജയേഷ് ജോർജ് പറഞ്ഞു.