റഷ്യയുമായുള്ള യുക്രെയ്ൻ സംഘർഷം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ, രാജ്യത്തെ ഭരണാധികാരിക്കുമേലും യുക്രെയ്നിലെ പൊതു സ്ഥാപനങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസം ഏറെക്കുറേ നഷ്ടമായി കഴിഞ്ഞിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കീവ് ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യോളജി (KIIS) അടുത്തിടെ നടത്തിയ വിശ്വാസ വോട്ടെടുപ്പിലാണ് യുക്രെയ്നിയൻ ജനതയുടെ വ്ലോഡിമിർ സെലെൻസ്കിയോടുള്ള വിശ്വാസത്തിലുണ്ടായ ഗണ്യമായ ഇടിവിന്റെ സൂചനകൾ പുറത്തു വരുന്നത്. പ്രസിഡന്റ് പദവിയിലും, പാർലമെൻ്റ് (വെർഖോവ്‌ന റാഡ), സർക്കാർ, സുരക്ഷാ സേവനം (എസ്‌ബിയു), ദേശീയ പോലീസ് തുടങ്ങിയ സുപ്രധാന സ്ഥാപനങ്ങളിലെല്ലാമുള്ള ജനങ്ങളുടെ വിശ്വാസം ഇതിനോടകം തന്നെ കുത്തനെ ഇടിഞ്ഞു കഴിഞ്ഞു.
റഷ്യയുമായുള്ള രാജ്യം നേരിടുന്ന സംഘർഷം കണക്കിലെടുക്കുമ്പോൾ യുക്രെയ്‌നു ലഭിക്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് സ്വന്തം ജനങ്ങൾക്ക് ആ രാജ്യത്തെ ഭരണ സംവിധാനത്തിലുള്ള അവിശ്വാസം എന്നത്. യുദ്ധ പശ്ചാത്തലത്തിൽ പുതിയ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന വ്ലോഡിമിർ സെലെൻസ്കിയുടെ തീരുമാനം പ്രസിഡൻ്റിൻ്റെ ഓഫീസിലുള്ള വിശ്വാസം ഗണ്യമായി കുറയുന്നതിന് കാരണമായാതായി സർവേ പറയുന്നു. 2022 ഡിസംബറിൽ 84 ശതമാനത്തിൽ നിന്ന് 2024 ഡിസംബർ ആയപ്പോഴേക്കും 45 ശതമാനമായി ആളുകളുടെ വിശ്വാസ്യത കുറഞ്ഞതായി സർവേ ഫലം കാണിക്കുന്നു. അതേസമയം ജനങ്ങളുടെ അവിശ്വാസം രണ്ട് വർഷം മുമ്പ് 5% ൽ നിന്ന് 31% ആയി ഉയർന്നതായും ഫലം പറയുന്നു. റഷ്യൻ അധിനിവേശത്തെത്തുടർന്ന് 2022 ഫെബ്രുവരി 24 മുതൽ രാജ്യം പട്ടാള നിയമത്തിൻ കീഴിലാണ്.
യുക്രേനിയൻ നിയമം സൈനിക നിയമ സമയത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ അനുവദിച്ചിരുന്നില്ല. ഇത് സെലെൻസ്കിയുടെ പ്രസിഡൻഷ്യൽ കാലാവധിയുടെ നിയമസാധുതയെക്കുറിച്ചുള്ള ആശങ്ക ജനങ്ങളിൽ ഉയരുന്നതിനു കാരണമായി. വെർഖോവ്ന റാഡ എന്നറിയപ്പെടുന്ന യുക്രേനിയൻ പാർലമെൻ്റിനെക്കുറിച്ച് പൗരന്മാർക്കിടയിലുള്ള വിശ്വാസം 35% ൽ നിന്ന് 13% ആയി കുറയുകയാണ് ഉണ്ടായത്. അതേസമയം അവിശ്വാസം 34% ൽ നിന്ന് 68% ആയി ഉയർന്നു. അതുപോലെ, ഗവൺമെൻ്റിൻ്റെ ട്രസ്റ്റ് റേറ്റിംഗ് 52% ൽ നിന്ന് 20% ആയി കുറഞ്ഞു. അവിശ്വാസം 2022 ൽ 19% ൽ നിന്ന് 53% ആയി ഉയർന്നു. യുദ്ധത്തിൽ മടുത്ത ഒരു ജനതയുടെ ഭരണത്തിന്മേലുള്ള അവിശ്വാസത്തിന്റെ കണക്കുകളാണ് ഇവയെല്ലാം. അധികാര കസേര കൈവിട്ടു പോകുമെന്ന ഭയം സെലെൻസ്കിക്ക് നല്ലപോലുണ്ട്.
Also Read: ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കല്‍ പ്രഖ്യാപനം; പ്രതികരിച്ച് ക്രെംലിന്‍
അതുകൊണ്ട് തന്നെ അധികാരത്തിലിരിക്കുന്ന കാലം കൊണ്ട് തന്നെ തന്റെ രാഷ്ട്രീയ എതിരാളികൾക്ക് പൂട്ടിടാനുള്ള നീക്കങ്ങളെല്ലാം സെലെൻസ്കി നടത്തുന്നുണ്ട്. ടെലിഗ്രാഫ് പറയുന്നതനുസരിച്ച്, അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സെലെൻസ്കി ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ തീരുമാനിച്ചാൽ യുക്രേനിയൻ നേതാവ് ആദ്യം നടത്തുന്ന നീക്കം മുൻ ആർമി കമാൻഡർ-ഇൻ-ചീഫ് വലേരി സലൂഷ്‌നിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തിയേക്കുമെന്നതാണ് എന്നാണ് യുക്രെയ്ൻ മാധ്യമമായ ടെലിഗ്രാഫിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. റഷ്യയുമായുള്ള നിലവിലുള്ള സംഘർഷം കാരണം 2024 മെയ് മാസത്തിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താനോ ഓഫീസ് വിടാനോ സെലെൻസ്കി തയ്യാറാകാത്തതിന്റെ വിമർശനങ്ങൾക്കിടയിലാണ് ഈ റിപ്പോർട്ടും പുറത്തു വരുന്നത്. ട്രസ്റ്റ് റേറ്റിംഗിൽ, സെലെൻസ്കിയുടെ വിജയ സാധ്യത 52% ആണ്.
തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തതിനെ തുടർന്നാണ് സെലെൻസ്കി സലുഷ്നിയെ യുക്രെയ്ൻ സായുധസേനയുടെ കമാൻഡർ ഇൻ ചീഫ് സ്ഥാനത്ത് നിന്ന് മാറ്റുന്നത്. യുക്രെയ്‌നിലെ ജനങ്ങൾക്ക് ഏറെ പ്രിയങ്കരനായിരുന്ന സലുഷ്നിയെ നീക്കിയതിലൂടെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് വഴിയിൽ നിന്ന് തന്റെ ഒരു എതിരാളിയെ മുൻകൂട്ടി വെട്ടി മാറ്റാനുള്ള ആസൂത്രിത നീക്കമാണ് സെലെൻസ്കി നടത്തിയത് എന്ന വിമർശനവും വ്യാപകമാണ്. ബ്രിട്ടനിലെ നിലവിലെ യുക്രെയ്ൻ അംബാസഡറായ വലേരി സലുഷ്‌നി മത്സരിക്കാൻ തീരുമാനിച്ചാൽ അടുത്ത യുക്രെയ്ൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വ്ലോഡിമിർ സെലെൻസ്കിയുടെ വിജയത്തിന് അതൊരു തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
അടുത്ത തിരഞ്ഞെടുപ്പിൽ സലുഷ്‌നിയെ മത്സരിപ്പിക്കാതിരിക്കാതിരിക്കാനുള്ള പതിനെട്ടടവും സെലെൻസ്കി ഭരണകൂടം പയറ്റുന്നുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ സെലെൻസ്കിയെ പിന്തുണയ്ക്കാമെന്ന് സമ്മതിച്ചാൽ സെലെൻസ്കിയുടെ പാർട്ടിയിലെ പ്രധാന സ്ഥാനവും പാർലമെൻ്ററി സ്പീക്കറുടെ റോളും ഉൾപ്പെടെയാണ് സലുഷ്നിക്ക് വാഗ്ദാനം ചെയ്തിട്ടുള്ളതെന്നാണ് റിപ്പോർട്ട് പറയുന്നത്.
അതല്ല സെലെൻസ്കിയെ എതിരിടാനാണ് സലുഷ്നി തയ്യാറെടുക്കുന്നതങ്കിൽ 2022-ൽ കെർസൺ നഗരം റഷ്യൻ സേന പിടിച്ചെടുത്തത് മുതലുള്ള അന്വേഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ അന്വേഷണങ്ങളാണ് സലുഷ്നിയെ കാത്തിരിക്കുന്നത്. ഇത് സ്വാഭാവികമായും അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് ശ്രമത്തെ ബാധിക്കുന്നവയാണ് താനും. യുക്രെയ്ൻ പ്രസിഡൻ്റ് സെലെൻസ്കിയുമായി സമാധാന ചർച്ചകൾക്ക് റഷ്യ ചില നിബന്ധനകൾ വെച്ചിട്ടുണ്ട്. പുടിൻ പറയുന്നതനുസരിച്ച്, എന്തെങ്കിലും ചർച്ചകൾ നടക്കുന്നതിന് മുമ്പ് തൻ്റെ നിയമസാധുത പുനഃസ്ഥാപിക്കാൻ സെലെൻസ്കി തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതുണ്ട്. മാത്രമല്ല, ഇപ്പോൾ യുക്രെയ്നിലെ ഏക നിയമപരമായ അധികാരം പാർലമെൻ്റും സ്പീക്കറുമാണെന്നും പുടിൻ അവകാശപ്പെടുന്നു.
Also Read: ലബനന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ് ജോസഫ് ഔൻ
യുക്രെയ്നിലെ തിരഞ്ഞെടുപ്പ് സമയക്രമം നിലവിലെ സംഘർഷത്തിലെ സംഭവവികാസങ്ങളെയും ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതതയേയും ആശ്രയിച്ചാണ് ഇരിക്കുന്നത്. അതേസമയം, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായുള്ള തന്റെ കൂടിക്കാഴ്ച പുരോഗമിക്കുകയാണെന്ന് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിക്കുകയുണ്ടയായി. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് നിയുക്ത ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സാധ്യമാകാനുള്ള കൊണ്ട് പിടിച്ച നീക്കത്തിലാണ് ട്രംപും കൂട്ടരും.
പ്രസിഡൻ്റ് ജോ ബൈഡൻ്റെ നിരുപാധികമായ സഹായത്തെ ട്രംപ് പലകുറി വിമർശിച്ച് രംഗത്തെത്തിയിരുന്നു. അതുകൊണ്ട് തന്നെ ട്രംപിൻ്റെ ഭരണകൂടം തങ്ങളുടെ രാജ്യത്തിനുള്ള അമേരിക്കയുടെ പിന്തുണ കുറയ്ക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുമെന്ന ആശങ്ക യുക്രെയ്‌നുണ്ട്. യുക്രെയ്നിലെ ഈ അവിശ്വാസ തരംഗത്തിന് ഇവയെല്ലാം ഒരു കാരണമാണ്. യുക്രേനിയൻ നേതാവ് വ്ലോഡിമിർ സെലൻസ്‌കിയെ “ഭൂമിയിലെ ഏറ്റവും വലിയ വിൽപ്പനക്കാരൻ” എന്നാണ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചിരുന്നത്. റഷ്യയ്‌ക്കെതിരായ യുക്രെയ്‌നിൻ്റെ പ്രതിരോധത്തെ പിന്തുണയ്‌ക്കുന്നതിനായി പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് കൂടുതൽ സൈനിക-സാമ്പത്തിക സഹായം നേടാനുള്ള സെലെൻസ്‌കിയുടെ നിരന്തരമായ ഗൂഢനീക്കങ്ങളെയാണ് ഈ വിശേഷണത്തിലൂടെ ട്രംപ് എടുത്തുകാണിച്ചത്.
യുദ്ധം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന കൃത്യമായ മാർഗരേഖ ട്രംപ് ഇത് വരേക്കും വെളിപ്പെടുത്തിയില്ലെങ്കിലും നിലവിലെ മുൻനിരയിൽ സംഘർഷം മരവിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിൻ്റെ ടീം കൃത്യമായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായാണ് മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. എന്നാൽ പുടിൻ താനുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നു എന്ന ഡോണൾഡ് ട്രംപിൻ്റെ അവകാശവാദത്തിനെതിരെ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് രംഗത്തെത്തുകയുണ്ടായി. റഷ്യക്കിതുവരെ അത്തരമൊരു കൂടിക്കാഴ്ചയ്ക്കായി ഔപചാരികമായ അഭ്യർത്ഥനകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് പെസ്കോവ് വെളിപ്പെടുത്തിയിരിക്കുന്നത്.
ട്രംപ് അധികാരമേൽക്കുന്നത് വരെ അത്തരമൊരു ക്ഷണത്തിനായി കാത്തിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും ട്രംപുമായി സംസാരിക്കാൻ റഷ്യ തയ്യാറാണ്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള റഷ്യയുടെ പദ്ധതി പിന്തുടരുകയാണെങ്കിൽ മാത്രമേ അത് സാധ്യമാകൂവെന്നും ദിമിത്രി പെസ്കോവ് പറഞ്ഞു. ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് 100 ദിവസത്തിനുള്ളിൽ റഷ്യയും യുക്രെയ്‌നും തമ്മിൽ ഒരു ഇടപാട് നടത്താമെന്ന പ്രതീക്ഷയിലാണ് ട്രംപിൻ്റെ പ്രത്യേക യുക്രെയ്ൻ പ്രതിനിധി കീത്ത് കെല്ലോഗ് ലക്ഷ്യമിടുന്നത്. യുക്രെയ്നിലെ സംഘർഷം അവസാനിപ്പിക്കാൻ നിർണായക നടപടി സ്വീകരിക്കുമെന്ന ട്രംപിൻ്റെ വാഗ്ദാനത്തിൻ്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഈ അതിമോഹം എന്നത് ശ്രദ്ധേയമാണ്.
വീഡിയോ കാണാം…