ലോകസഭ തിരഞ്ഞെടുപ്പിൽ ആര് നേടിയാലും, തമിഴകത്ത് ഇനി കളി മാറും, വൻ റാലിയുമായി വരുന്നു വിജയ് !

ലോകസഭ തിരഞ്ഞെടുപ്പിൽ ആര് നേടിയാലും, തമിഴകത്ത് ഇനി കളി മാറും, വൻ റാലിയുമായി വരുന്നു വിജയ് !

ലോകസഭ തിരഞ്ഞെടുപ്പില്‍ തമിഴകത്ത് മുഴുവന്‍ സീറ്റുകളും ഡി.എം.കെ സഖ്യം തൂത്തുവാരിയാലും, ബി.ജെ.പി അപ്രതീക്ഷിത മുന്നേറ്റം നടത്തിയാലും ജൂണ്‍ 22 മുതലാണ് തമിഴക രാഷ്ട്രീയം ശരിക്കും ഇനി മാറാന്‍ പോകുന്നത്. ദളപതി വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളനം ജൂണ്‍ 22 ന് മധുരയില്‍ വച്ച് നടത്താനാണ് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗികമായ അറിയിപ്പ് ഉടനെ തന്നെ വരുമെന്നാണ് സൂചന.

തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്റെ പിന്‍ഗാമിയായി മകന്‍ ഉദയനിധിയും ബി.ജെ.പിയുടെ പ്രധാന മുഖമായി മുന്‍ ഐ.പി.എസ് ഓഫീസര്‍ അണ്ണാമലൈയും കളം പിടിക്കാന്‍ മത്സരിക്കുന്ന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പു തന്നെയാണ് ദളപതിയും ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ തന്നെ തമിഴക ഭരണം പിടിക്കുക എന്നതാണ് തമിഴക വെട്രി കഴകത്തിലൂടെ വിജയ് ലക്ഷ്യമിടുന്നത്. കരുണാനിധിയും ജയലളിതയും വിടവാങ്ങിയ രാഷ്ട്രീയത്തിലെ സ്‌പെയ്‌സാണ് വിജയ് ലക്ഷ്യമിടുന്നത്. എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡി.എം.കെയ്ക്ക് തമിഴക ഭരണം പിടിക്കാന്‍ കഴിഞ്ഞത് ഒത്ത എതിരാളി അദ്ദേഹത്തിന് ഇല്ലാത്തത് കൊണ്ടാണെന്ന വിലയിരുത്തലും ദളപതിയുടെ ക്യാംപിനുണ്ട്.

ഉദയനിധി സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും ഒരിക്കലും ദളപതിക്ക് പറ്റിയ എതിരാളി അല്ലന്നാണ് അവര്‍ പറയുന്നത്. അണ്ണാമലൈയുടെ ബി.ജെ.പി രാഷ്ട്രീയം ദ്രാവിഡ രാഷ്ട്രീയത്തിന് എതിരായതിനാല്‍ അത് തമിഴകത്ത് വേവില്ലെന്ന കാഴ്ചപാടും ദളപതിയെ പിന്തുണയ്ക്കുന്നവര്‍ക്കുണ്ട്. ഈ നിഗമനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് തമിഴക വെട്രി കഴകം കര്‍മ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന സമ്മേളനത്തില്‍ ഇതു സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വിജയ് നടത്തും. ലക്ഷക്കണക്കിന് അനുയായികളെ മധുരയില്‍ എത്തിച്ച് സമ്മേളനം ഒരു ചരിത്രസംഭവം ആക്കാന്‍ തന്നെയാണ് തമിഴക വെട്രി കഴകം ലക്ഷ്യമിടുന്നത്. ദളപതിയുടെ ജന്മദിനമാണ് ജൂണ്‍ 22 എന്നതിനാല്‍ ആരാധകര്‍ സമ്മേളനത്തെ ഉത്സവമാക്കി കൊണ്ടാടാനാണ് സാധ്യത.

ലോകസഭ തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യവും തമിഴക വെട്രി കഴകത്തിന് നേട്ടമാകും. മോശം അവസ്ഥയിലേക്ക് അണ്ണാ ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പോയാല്‍, അത്തരം പാര്‍ട്ടികളില്‍ നിന്നും വലിയ രൂപത്തിലാണ് ദളപതിയുടെ പാര്‍ട്ടിയിലേക്ക് ഒഴുക്ക് ഉണ്ടാകുക. തമിഴകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള താരമാണ് വിജയ് എന്നതിനാല്‍, ദേശീയ തലത്തിലുള്ള നേതാക്കളും ദളപതിയുടെ പാര്‍ട്ടിയെ ഗൗരവമായാണ് നോക്കി കാണുന്നത്. തന്റെ സിനിമകളിലൂടെ മോദി സര്‍ക്കാറിനെയും അണ്ണാ ഡി.എം.കെ നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ച ചരിത്രമാണ് ദളപതിക്കുള്ളത്. തുടര്‍ന്ന് വിജയ് സിനിമകള്‍ക്ക് നേരിട്ട പ്രതിസന്ധിയും വലുതാണ്. ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉള്‍പ്പെടെ റെയ്ഡുകളും പലവട്ടം ദളപതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.എന്നാല്‍ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ അത്തരം ഒരു പക പോക്കല്‍ നിലപാടില്‍ നിന്നും ബി.ജെ.പി ഇപ്പോള്‍ പിന്‍മാറിയിട്ടുണ്ട്. ഡി.എം.കെ, അണ്ണാ ഡി.എം.കെ നേതൃത്വങ്ങളും തന്ത്രപരമായ മൗനമാണ് തുടര്‍ന്നിരുന്നത്. ലോകസഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു നിലപാട് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചിരുന്നത്.

എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍, ഇനി ദളപതിയെയും തമിഴക വെട്രി കഴകത്തെയും എതിര്‍ക്കാതെ ഡി.എം.കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുകയില്ല. വരും ദിവസങ്ങളില്‍ അവര്‍ ദളപതിക്ക് എതിരെ കടുപ്പിക്കാന്‍ തന്നെയാണ് സാധ്യത. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം താരപദവിയില്‍ നിന്നും മുഖ്യമന്ത്രിയാകുക എന്നതാണ് വിജയ് പ്രധാനമായും ലക്ഷ്യമിടുന്നത്. തമിഴകത്തെ ഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങള്‍ വരെ ആയിരക്കണക്കിന് യൂണിറ്റുകള്‍ ഉള്ള വിജയ് മക്കള്‍ ഇയക്കം എന്ന ആരാധക സംഘടനയാണ് തമിഴക വെട്രി കഴകമെന്ന രാഷ്ട്രീയ പാര്‍ട്ടിയായി ഇപ്പോള്‍ രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. ഇതു തന്നെയാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെയും ചങ്കിടിപ്പിക്കുന്നത്.

രാഷ്ട്രീയവും സിനിമയും ഇടകലര്‍ന്ന തമിഴകത്ത് ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല. സിനിമയില്‍ സൂപ്പര്‍ താരമായതുപോലെ എളുപ്പമല്ല രാഷ്ട്രീയത്തില്‍ താരമാകാന്‍ എന്ന് ഡി.എം.കെ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, സോഷ്യല്‍ മീഡിയ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന പുതിയ കാലത്ത്, ദളപതിയുടെ പാര്‍ട്ടിക്ക് ശരവേഗത്തില്‍ മുന്നേറാന്‍ വഴികളും ധാരളമുണ്ട് എന്നതും ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. നിരവധി വര്‍ഷങ്ങളായി കാരുണ്യ പ്രവര്‍ത്തികളിലൂടെ അനവധി പേരെ സഹായിച്ചു കൊണ്ടിരിക്കുന്ന ആരാധക സംഘടനയാണ് വിജയ് മക്കള്‍ ഇയക്കം എന്നതിനാല്‍, യുവസമൂഹം മുതല്‍ സ്ത്രീകളിലും കുട്ടികളിലും മുതിര്‍ന്നവരിലും വരെ വലിയ അംഗീകാരമാണ് ദളപതി വിജയ്ക്ക് ഉള്ളത്. ഇത് വോട്ടായി മാറിയാല്‍ തമിഴകത്ത് വീണ്ടും ചരിത്രം ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യും. 2026-ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനാണ് തമിഴക വെട്രി കഴകത്തിന്റെ തീരുമാനം.

EXPRESS KERALA VIEW

Top