സിപിഐഎമ്മിലെ അപചയങ്ങൾക്കെതിരെ പോരാടിയ തനിക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയമെന്ന് പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയോടെ വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ. പാർട്ടിയിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ ക്രൂശിക്കുകയും തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
താൻ ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും ചേക്കേറില്ല, സ്വതന്ത്രനായി തന്നെ തുടരും. എന്നാൽ യുഡിഎഫിന്റെ നിലപാടുകൾക്കൊപ്പം ഉറച്ചുനിൽക്കും. ജയിക്കണമെന്ന ലക്ഷ്യത്തോടെയല്ല പോരാട്ടത്തിനിറങ്ങിയത്. സിപിഐഎമ്മിനുള്ളിലെ അടിയൊഴുക്കുകൾ തിരിച്ചറിയുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റി, അത് തനിക്ക് അനുകൂലമായ തരംഗമായി മാറി. താൻ കോൺഗ്രസുകാരനായി എന്ന സിപിഐഎം പ്രചാരണം ജനങ്ങൾ തള്ളി. തെറ്റ് തിരുത്താൻ പാർട്ടി തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ചെയ്താൽ അത് അവർക്കും കേരളത്തിനും നല്ലതാണ്. ഐക്യ ജനാധിപത്യ മുന്നണിയുടെ ഓഫീസിൽ എത്തിയത് തന്റെ രാഷ്ട്രീയ മര്യാദയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






