പാർട്ടി മുഖ്യം, ഇ.ഡി.യും അന്വേഷണവുമല്ല..! വിപുല സമിതിയുടെ ഫോക്കസ് മാറ്റി കേന്ദ്രനേതൃത്വം

തുടർഭരണം ലഭിച്ചതോടെ പാർട്ടി സർക്കാരിന് പിന്നിൽ നിഴലായി മാറിയെന്നും 2021ന് ശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും തോറ്റിട്ടും തിരുത്തൽ ഉണ്ടായില്ലെന്നും പാർലമെന്ററി വ്യാമോഹത്തിന് നേതൃത്വം ഉത്തരവാദിയാണെന്നും മൂന്നാം ഭരണം മാത്രമായിരുന്നു ലക്ഷ്യമെന്നും പ്രതിനിധികൾ വിമർശിച്ചു

പാർട്ടി മുഖ്യം, ഇ.ഡി.യും അന്വേഷണവുമല്ല..! വിപുല സമിതിയുടെ ഫോക്കസ് മാറ്റി കേന്ദ്രനേതൃത്വം
പാർട്ടി മുഖ്യം, ഇ.ഡി.യും അന്വേഷണവുമല്ല..! വിപുല സമിതിയുടെ ഫോക്കസ് മാറ്റി കേന്ദ്രനേതൃത്വം

കോഴിക്കോട്: പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി. അന്വേഷണത്തെ ചുറ്റിപ്പറ്റിയ ചർച്ചയിലേക്ക് സി.പി.എം. വിശാല സംസ്ഥാനസമിതി മാറുമെന്ന സൂചനകൾക്കിടെയാണ് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ. ദേശീയ അന്വേഷണ ഏജൻസികളുടെ ഇടപെടൽ പാർട്ടി നേരിടുന്ന വെല്ലുവിളികളിൽ ഒന്നുമാത്രമാണെന്നും പ്രധാന ശ്രദ്ധ പാർട്ടിയുടെ വീഴ്ചകൾ പരിശോധിച്ച് തിരുത്തുന്നതിലായിരിക്കണമെന്നും ജനറൽ സെക്രട്ടറി എം.എ. ബേബി യോഗത്തിൽ വ്യക്തമാക്കി. ഇ.ഡി. എന്ന വാക്ക് പോലും പരാമർശിക്കാതെയാണ് ബേബി നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് അവലോകന ഘട്ടത്തിൽ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരെ പാർട്ടി ഘടകങ്ങളിൽ വിമർശനം ശക്തമായിരുന്നു. ഈ വിമർശനം വിശാല സംസ്ഥാനസമിതിയിലും കടുക്കുമെന്ന ഘട്ടത്തിലാണ് ഇ.ഡി. അന്വേഷണം ചർച്ചയാകുന്നത്.

പിണറായിയെ ലക്ഷ്യമിടുന്നത് പാർട്ടിയെ തകർക്കാനുള്ള നീക്കമാണെന്ന തരത്തിൽ ഇ.ഡി. വിഷയം ഉയർത്തിക്കൊണ്ടുവരാൻ ഒരു വിഭാഗം ശ്രമിച്ചിരുന്നു. യോഗത്തിന് തൊട്ടുമുമ്പ് പിണറായി നടത്തിയ വാർത്താസമ്മേളനവും ഈ ചർച്ചയ്ക്ക് കൂടുതൽ ശക്തി നൽകി. ഇ.ഡി. അന്വേഷണത്തിനെതിരെ പ്രമേയം കൊണ്ടുവരാനുള്ള നീക്കവും ഉണ്ടായി. എന്നാൽ വിശാല സംസ്ഥാനസമിതിയുടെ പ്രധാന ഫോക്കസ് ഇ.ഡിയെ പ്രതിരോധിക്കുന്നതല്ലെന്നും പാർട്ടിയെ ശക്തിപ്പെടുത്തി രാഷ്ട്രീയ തിരിച്ചുവരവ് നടത്തുകയാണെന്നും ബേബിയുടെ വാക്കുകളിൽ വ്യക്തമായി. സൈന്യത്തിലും കേന്ദ്ര അന്വേഷണ ഏജൻസികളിലും ആർ.എസ്.എസ്. പ്രവർത്തകർ നുഴഞ്ഞുകയറുന്നുണ്ടെന്നും അതിന്റെ പ്രശ്നമാണ് കേരളത്തിൽ ഇപ്പോൾ ഉണ്ടാകുന്നതെന്നും ബേബി പറഞ്ഞു.

ALSO READ:കൂടുതൽ കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു! ഇടത് അനുഭാവികളായ ജീവനക്കാരെ ഒഴിവാക്കാൻ നീക്കമെന്ന് ആരോപണം

പിണറായിക്കെതിരായ ഇ.ഡി.യും മാധ്യമങ്ങളും നടത്തുന്ന കടന്നാക്രമണം പാർട്ടിക്കെതിരായതാണെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകത ബേബി ചൂണ്ടിക്കാട്ടിയെന്നും പിന്നീട് എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ബേബി അങ്ങനെ പറഞ്ഞില്ലല്ലോ എന്ന ചോദ്യത്തിന് പറഞ്ഞുവെന്ന് ഗോവിന്ദൻ ആവർത്തിച്ചു. ഇ.ഡി. എന്ന വാക്ക് ബേബി പറഞ്ഞിട്ടില്ലെന്ന് വീണ്ടും ചൂണ്ടിക്കാട്ടിയപ്പോൾ, അത് പറയേണ്ടതില്ലെന്നും നേതാക്കൾക്കെതിരായ കടന്നാക്രമണം പാർട്ടിക്കെതിരായ കടന്നാക്രമണമാണെന്ന് പറഞ്ഞതിൽ എല്ലാമുണ്ടെന്നുമായിരുന്നു മറുപടി.

അതേസമയം, യു.ഡി.എഫ്. സർക്കാരിന്റെ വീഴ്ചകൊണ്ട് മാത്രം സി.പി.എമ്മും ഇടതുപക്ഷവും മുന്നേറരുതെന്നും തെളിച്ചമുള്ള പ്രവർത്തനത്തിലൂടെയാണ് തിരിച്ചുവരേണ്ടതെന്നും ബേബി പറഞ്ഞു. ഇതിനായി പാർട്ടിക്ക് എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ തിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച വൈകീട്ടുള്ള ആദ്യഘട്ട ചർച്ചയിൽ കണ്ണൂർ, കാസർകോട്, തൃശ്ശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഭൂരിഭാഗം പ്രതിനിധികളും നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചു. തിരിച്ചടിയിൽനിന്ന് തിരിച്ചുവരാനുള്ള നിർദേശങ്ങൾ റിപ്പോർട്ടിലില്ലെന്നും സംസ്ഥാന നേതൃത്വം മാറിനിൽക്കുകയും വീഴ്ചയുടെ ഉത്തരവാദിത്വം കീഴ്ഘടകങ്ങളിൽ മാത്രം ചുമത്തുകയും ചെയ്യുന്ന സമീപനം തിരുത്തലാകില്ലെന്നും പ്രതിനിധികൾ പറഞ്ഞു. തളിപ്പറമ്പിലെ തോൽവി പരാമർശിക്കാത്തതും ചൂണ്ടിക്കാട്ടി. തുടർഭരണം ലഭിച്ചതോടെ പാർട്ടി സർക്കാരിന് പിന്നിൽ നിഴലായി മാറിയെന്നും 2021ന് ശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും തോറ്റിട്ടും തിരുത്തൽ ഉണ്ടായില്ലെന്നും പാർലമെന്ററി വ്യാമോഹത്തിന് നേതൃത്വം ഉത്തരവാദിയാണെന്നും മൂന്നാം ഭരണം മാത്രമായിരുന്നു ലക്ഷ്യമെന്നും പ്രതിനിധികൾ വിമർശിച്ചു. വിപ്ലവപ്പാർട്ടിയെന്ന സങ്കൽപ്പം തന്നെ നഷ്ടപ്പെടുത്തിയെന്നും അവർ അഭിപ്രായപ്പെട്ടു.

Share Email
Top