ഇടതു പ്രതീക്ഷയിൽ അന്തംവിട്ട് പ്രതിപക്ഷം, വടകരയിൽ വിധി എന്തായാലും യു.ഡി.എഫിന് വൻ വെല്ലുവിളിയാകും

ഇടതു പ്രതീക്ഷയിൽ അന്തംവിട്ട് പ്രതിപക്ഷം, വടകരയിൽ വിധി എന്തായാലും യു.ഡി.എഫിന് വൻ വെല്ലുവിളിയാകും

ലോക്‌സഭ തിരഞ്ഞെടുപ്പ് റിസള്‍ട്ട് പുറത്തു വന്നാല്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത് വടകര ലോകസഭ മണ്ഡലമായിരിക്കും. നീണ്ട ഇടവേളയ്ക്കു ശേഷം ഈ മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിഞ്ഞാല്‍ അത് സി.പി.എമ്മിനെ സംബന്ധിച്ച് വലിയ നേട്ടമായി മാറും. ഇനി ഇടതുപക്ഷം പരാജയപ്പെടുകയാണെങ്കില്‍ ബി.ജെ.പിയുടെ വോട്ട് എങ്ങോട്ട് പോയി എന്നതായിരിക്കും എല്ലാവരും ഉറ്റു നോക്കുക. 2019- ല്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ട് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തീര്‍ച്ചയായും അത് . . . ‘കോലീബി ‘ സഖ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുക.
വടകരയില്‍ ഷാഫി പറമ്പില്‍ വിജയിച്ചാല്‍ അതില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് ബി.ജെ.പി ആയിരിക്കും. കാരണം ഷാഫി പ്രതിനിധീകരിക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പ് ഏറ്റവും അധികം ആഗ്രഹിക്കുന്നതും ബി.ജെ.പിയാണ്. കേവലം 3863 വോട്ടുകളുടെ മാത്രം ഭൂരിപക്ഷമാണ് അവിടെ ഷാഫിക്ക് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പിക്ക് അതു കൊണ്ടു തന്നെ പ്രതീക്ഷയും കൂടുതലാണ്.

ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കേഡര്‍ വോട്ടുകള്‍ വടകരയില്‍ ഷാഫിക്ക് അനുകൂലമായി ലഭിച്ചു എന്ന… സി.പി.എം വിലയിരുത്തല്‍ പ്രസക്തമാകുന്നതും ഇവിടെയാണ്. നേമത്ത് സി.പി.എം പൂട്ടിച്ച ബി.ജെ.പി അക്കൗണ്ട് പാലക്കാട്ട് തുറക്കാന്‍ ബി.ജെ.പി കരുക്കള്‍ നീക്കി എന്ന് സി.പി.എം പറഞ്ഞാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് റിസര്‍ട്ട് വരുന്നത് വരെ ആ വാദം തള്ളിക്കളയാന്‍ എന്തായാലും കഴിയുകയില്ല. ഷാഫിക്ക് ബി.ജെ.പിയുടെ വോട്ട് ലഭിച്ചെന്നു തെളിഞ്ഞാല്‍ അത്… കോണ്‍ഗ്രസ്സിനെ മാത്രമല്ല യു.ഡി.എഫിനെയും ശരിക്കും വെട്ടിലാക്കും. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ വിലയാണ് യു.ഡി.എഫിന് നല്‍കേണ്ടി വരിക.

വര്‍ഗീയത പറഞ്ഞ് വോട്ട് പിടിച്ചെന്ന ഗുരുതര ആരോപണം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ നിലനില്‍ക്കുന്നതിനാല്‍ ഷാഫി പറമ്പില്‍ വിജയിച്ചാലും ആ ജയം കോടതി കയറാനാണ് സാധ്യത. നിയമപരമായ നടപടികളുമായി ഇടതുപക്ഷം മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ അതില്‍ നിന്നും എളുപ്പത്തില്‍ തലയൂരാന്‍ യു.ഡി.എഫ് നേതൃത്വത്തിനു കഴിയുകയില്ല. രാഷ്ട്രീയ വിഷയങ്ങള്‍ക്കും അപ്പുറം മതപരമായ സ്വാധീനം ഇത്തവണ വടകരയില്‍ പ്രകടമായതായാണ് സി.പി.എം വിലയിരുത്തുന്നത്. ശൈലജ ടീച്ചര്‍ക്ക് എതിരായ പ്രചരണം… ഷാഫി പറമ്പിലിന്റെ അറിവോടെയാണെന്ന കാര്യത്തിലും സി.പി.എം നേതൃത്വം ഉറച്ചു നില്‍ക്കുകയാണ്. ഈ വെല്ലുവിളികളെ എല്ലാം അതിജീവിച്ച് ശൈലജ ടീച്ചര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞാല്‍, അത് പുതിയ ചരിത്രമായാണ് മാറുക. വടകരയില്‍ ഷാഫി പരാജയപ്പെട്ടാല്‍ അത് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഷാഫിയുടെ ഇമേജിനെ സാരമായി ബാധിക്കും. ഇത് തിരിച്ചറിഞ്ഞതു കൊണ്ടാണ് വിജയിക്കാന്‍ സകല അടവുകളും ഷാഫി ഇപ്പോള്‍ പയറ്റിയിരിക്കുന്നത്.

ഇരുമുന്നണികളുടെയും വാശിയേറിയ മത്സരം വടകരയെ പ്രവചനാതീതമാക്കിയിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പ്രത്യേകിച്ച് ഒരു തരംഗവും ഇല്ലാതെ നടന്ന തിരഞ്ഞെടുപ്പാണ്, ഇപ്പോള്‍ നടന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതായത് രാഹുല്‍ എഫക്ട് ഇല്ല എന്നു മാത്രമല്ല വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുത്തനെ കുറയാനും സാധ്യത കൂടുതലാണ്. 2019-ല്‍ യു.ഡി.എഫിന് കിട്ടിയ വോട്ട് ഷെയറും ഇത്തവണ ആവര്‍ത്തിക്കാന്‍ പോകുന്നില്ല. എങ്ങനെ കുട്ടി കിഴിച്ചു നോക്കിയാലും, ഇടതുപക്ഷത്തിന് നേട്ടമുണ്ടാകാന്‍ തന്നെയാണ് സാധ്യത. പുറത്തു വരുന്ന നിഷ്പക്ഷ വിലയിരുത്തലുകളും ഇടതുപക്ഷത്തിന് അനുകൂലവുമാണ്. 2019-ല്‍ നേടിയ ഒരു സീറ്റില്‍ നിന്നും എത്ര മുന്നോട്ട് പോയാലും അത് സി.പി.എമ്മിനെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്. ലോക സഭയില്‍ ഒരു സീറ്റ് ഉള്ളപ്പോള്‍ തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 99സീറ്റുകളുടെ വമ്പന്‍ ഭൂരിപക്ഷംനേടി തുടര്‍ഭരണം ഇടതുപക്ഷം സാധ്യമാക്കിയിരുന്നത്.

ഇത്തവണ 12 സീറ്റുകളിലാണ് ഇടതുപക്ഷം വിജയം പ്രതീക്ഷിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, ആലത്തൂര്‍, പാലക്കാട്, തൃശൂര്‍, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍ മണ്ഡലങ്ങളാണത്. സി.പി.എം കണക്കുകള്‍ പ്രകാരം, പത്തില്‍ കൂടുതല്‍ സീറ്റുകള്‍ അവര്‍ക്ക് ലഭിച്ചാല്‍, യു.ഡി.എഫില്‍ വലിയ പൊട്ടിത്തെറിയാണ് സംഭവിക്കുക. മുസ്ലീം ലീഗിനും പിന്നെ . . . ആ മുന്നണിയില്‍ തുടരാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും.

ബി.ജെ.പി കേന്ദ്ര നേതൃത്വവുമായുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ അടുപ്പം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗവും തുഷാറിന്റെ ‘കനത്ത ‘ പരാജയം വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. ബി.ഡി.ജെ.എസ് ഒരു വോട്ട് ബാങ്ക് എല്ലന്നത് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ തുഷാറിന് ഇത്തവണ ലഭിക്കുന്ന വോട്ടിന്റെ എണ്ണം ധാരാളമാണ് എന്നാണ് ബി.ജെ.പി അണികളും അടക്കം പറയുന്നത്. അതു കൊണ്ടു തന്നെ മിക്കവാറും ബി.ജെ.പി വോട്ടുകള്‍ തുഷാറിന്റെ പെട്ടിയില്‍ വീണിട്ടില്ലെന്നു തന്നെയാണ് സൂചന. ഗ്രൗണ്ട് റിയാലിറ്റിയും അതു തന്നെയാണ്. ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളിലെ അവസ്ഥയും ഇതിനു സമാനമായാലും അത്ഭുതപ്പെടാനില്ല. പത്തനംതിട്ടയില്‍ പി.സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം തട്ടിതെറിപ്പിക്കാന്‍ ഇടപ്പെട്ട തുഷാറിനെ കോട്ടയത്തെ ബി.ജെ.പിക്കാര്‍ പാഠം പഠിപ്പിച്ചെന്നു തന്നെയാണ് താഴെ തട്ടില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.

തൃശൂരില്‍ വിജയിക്കുമെന്ന് ഉറപ്പിക്കുന്ന ബി.ജെ.പി തിരുവനന്തപുരത്തും വലിയ വിജയ സാധ്യതയാണ് കാണുന്നത്. പാലക്കാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വയനാട് മണ്ഡലത്തില്‍ വോട്ട് ശതമാനം കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനുണ്ട്. അതേസമയം കഴിഞ്ഞ തവണ വലിയ തോതില്‍ വോട്ട് നേടിയ പത്തനംതിട്ടയില്‍ വന്‍ പ്രഹരം കിട്ടുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. പി.സി ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതിലുള്ള അതൃപ്തിയും അനില്‍ ആന്റണിക്കെതിരായ ആരോപണങ്ങളുമാണ് പത്തനം തിട്ടയില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകാന്‍ പോകുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഇവിടെ ഏറ്റവും അധികം വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനാണ്. ആലപ്പുഴയില്‍ നടക്കുന്ന ശക്തമായ ത്രികോണ മത്സരവും ഇടതുപക്ഷത്തെ തുണക്കാനാണ് സാധ്യത. അതേ സമയം പന്ന്യന്‍ രവീന്ദ്രന്‍ പിടിക്കുന്ന വോട്ടുകളായിരിക്കും തിരുവനന്തപുരത്തിന്റെ ഗതി നിര്‍ണ്ണയിക്കുക. തൃശൂരിന്‍ പൂരം വിവാദം ഉള്‍പ്പെടെ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പിയുള്ളത്. ഇവിടെയും ശക്തമായ ത്രികോണ മത്സരമായതിനാല്‍ ഒരു പ്രവചനം അസാധ്യമാണ്. കോണ്‍ഗ്രസ്സിന് ആത്മവിശ്വാസം നഷ്ടപ്പെട്ടതോടെ ഇടതുപക്ഷത്തിന് സാധ്യത ഏറെയാണെന്നാണ് ഇടതു കേന്ദ്രങ്ങള്‍ പറയുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, 20-ല്‍ 20 നേടുമെന്ന അവകാശവാദത്തില്‍ നിന്നും യു.ഡി.എഫ് നേതൃത്വം പിന്നോട്ട് പോയിട്ടുണ്ട്. സമസ്തയുടെ നിലപാട് ഏത് രൂപത്തില്‍ ബാധിക്കുമെന്ന കാര്യത്തിലും നേതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍ ,വടകര, കോഴിക്കോട്, പാലക്കാട്, മണ്ഡലങ്ങളില്‍ ഇടതുപക്ഷം വിജയിച്ചാല്‍, അതിനു പിന്നില്‍ സമസ്തയുടെ കരങ്ങളും ഉറപ്പിക്കാമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നത്.

EXPRESS KERALA VIEW

Top