CMDRF

എസ്.യു.വി വിപണിയിൽ പോര് മുറുകും; ഫോര്‍ച്യൂണറിനെ വെല്ലുവിളിക്കാൻ നിസാൻ എക്‌സ്-ട്രെയില്‍

എസ്.യു.വി വിപണിയിൽ പോര് മുറുകും; ഫോര്‍ച്യൂണറിനെ വെല്ലുവിളിക്കാൻ നിസാൻ എക്‌സ്-ട്രെയില്‍
എസ്.യു.വി വിപണിയിൽ പോര് മുറുകും; ഫോര്‍ച്യൂണറിനെ വെല്ലുവിളിക്കാൻ നിസാൻ എക്‌സ്-ട്രെയില്‍

എസ്.യു.വി വിഭാഗത്തില്‍ ടൊയോട്ട ഫോര്‍ച്യൂണറിനെ വെല്ലുവിളിക്കാൻ തയാറെടുത്ത് നിസാന്‍ എക്‌സ്-ട്രെയില്‍ വിപണിയിലെത്തി. ആകര്‍ഷകമായ ഡിസൈനും കൂടുതല്‍ സ്ഥലസൗകര്യവും ഫീച്ചറുകളും നല്‍കിയാണു വാഹനം എത്തുന്നത്. പ്രീമിയം എസ്.യു.വി സെഗ്മെന്റില്‍ എക്‌സ്-ട്രെയില്‍ കോളിളക്കം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് നിര സീറ്റുകളാണ് വാഹനത്തിനു നല്‍കിയിരിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും വരിയിൽ സ്പ്ലിറ്റ് -ഫോള്‍ഡിംഗ് സീറ്റുകളാണ്. ഇവ ആവശ്യാനുസരണം മടക്കാനും നിവര്‍ത്താനുമാകും. സ്ലൈഡിങ്, റീക്ലൈനിങ് ഫങ്ഷനുകളും സീറ്റുകള്‍ക്കു നല്‍കിയിട്ടുണ്ട്. ലഗേജ് സ്പേസ് 585 ലിറ്ററാണ്. രണ്ടാമത്തെ വരി സീറ്റ് മടക്കിയാല്‍ കൂടുതല്‍ കാര്‍ഗോ സ്പേസ് ലഭിക്കും എന്നതും ശ്രദ്ധേയമാണ്.

സുരക്ഷയ്ക്കു കൂടുതല്‍ പ്രാധാന്യം നല്‍കിയാണു വാഹനം നിര്‍മിച്ചിരിക്കുന്നത്. ഏഴ് എയര്‍ബാഗുകള്‍, ഓട്ടോമാറ്റിക് ഹെഡ് ലാമ്പ്, വൈപ്പര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ -സ്റ്റാര്‍ട്ട് അസിസ്റ്റ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, 360 ഡിഗ്രി ക്യാമറ, ലിമിറ്റഡ് -സ്ലിപ്പ് ഡിഫറന്‍ഷ്യല്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ നിസാന്‍ എക്‌സ്-ട്രെയിലില്‍ ഒരുക്കിയിട്ടുണ്ട്. 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ അടങ്ങിയ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഡ്യുവല്‍ പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ് തുടങ്ങിയ സൗകര്യങ്ങളും കീലെസ് എന്‍ട്രിയും വാഹനത്തെ മികച്ചതാക്കുന്നു. 49.92 ലക്ഷം രൂപയാണു എക്‌സ്-ഷോറൂം വില.

163 ബി.എച്ച്.പിയും 300 എന്‍.എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എൻജിനാണ് വഹനത്തിന്റെ കുരുത്ത്. ഇതിനൊപ്പം 12 വാട്ട് മൈല്‍ഡ് -ഹൈബ്രിഡ് സിസ്റ്റവും നല്‍കിയിരിക്കുന്നു. എട്ട് സ്റ്റെപ്പ് സി.വി.ടി ഗിയര്‍ബോക്‌സുമായി എൻജിന്‍ ജോടിയാക്കിയിരിക്കുന്നു. ഫ്രണ്ട് വീലുകളിലേക്ക് പവര്‍ ട്രാന്‍സ്മിഷന്‍ നടത്തുന്ന തരത്തിലാണു വാഹനം ട്യൂണ്‍ ചെയ്തിരിക്കുന്നത്.
വലിപ്പത്തിന്റെ കാര്യത്തില്‍ എക്‌സ്-ട്രെയില്‍ ഈ സെഗ്‌മെന്റില്‍ ഇറങ്ങുന്ന ഏതൊരു വാഹനത്തോടും കിടപിടിക്കും. പുതിയ നിസാന്‍ എക്‌സ്-ട്രെയിലിന് 4,680 എം.എം നീളവും 1,840 എം.എം വീതിയും 1,725 എം.എം ഉയരവുമാണ് നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ വീല്‍ബേസ് 2,705 എം.എം ആണ്. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് ആയാണ് എക്‌സ്-ട്രെയിലിനെ നിര്‍മാതാക്കള്‍ വില്‍പ്പനക്ക് എത്തിച്ചിരിക്കുന്നത്.

Top