ലണ്ടൻ: ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജോസ് ബട്‌ലർ. വെസ്റ്റ് ഇൻഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്റെ റെക്കോർഡ് മറികടന്നാണ് ബട്‌ലർ ഈ നേട്ടത്തിലെത്തിയത്. ദി ഹണ്ട്രഡ് ലീഗിൽ മാഞ്ചസ്റ്റർ ഒറിജിനൽസിനായി 27 പന്തിൽ പുറത്താകാതെ 51 റൺസ് അടിച്ചുകൂട്ടിയതോടെയാണ് ബട്‌ലർ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
522 ടി20 മത്സരങ്ങളിൽ നിന്നായി 14,833 റൺസാണ് ബട്‌ലറുടെ സമ്പാദ്യം. ഇതിൽ 10 സെഞ്ച്വറികളും 106 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. 14,803 റൺസുള്ള കെയ്റോൺ പൊള്ളാർഡാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. വെസ്റ്റ് ഇൻഡീസിന്റെ തന്നെ ക്രിസ് ഗെയ്ൽ (14,562 റൺസ്), ഇംഗ്ലണ്ട് താരം അലക്സ് ഹെയ്ൽസ് (14,449 റൺസ്), ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ (14,284 റൺസ്) എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഒരു ഇന്ത്യൻ താരം പോലും ഇടം നേടിയിട്ടില്ല. 14,218 റൺസുള്ള വിരാട് കോഹ്‌ലിയാണ് ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം (ആറാം സ്ഥാനം).
Also Read:മയാമിക്ക് മിന്നും ജയം; ഇരട്ടഗോളും അസിസ്റ്റുമായി കളംനിറഞ്ഞ് ലയണൽ മെസി
റൺവേട്ടയിൽ മുന്നിലെത്തിയെങ്കിലും ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് കെയ്റോൺ പൊള്ളാർഡിന്റെ പക്കൽ സുരക്ഷിതമാണ്. 741 മത്സരങ്ങളാണ് പൊള്ളാർഡ് ടി20യിൽ കളിച്ചിട്ടുള്ളത്. സുനിൽ നരെയ്ൻ രണ്ടാമതും, ജോസ് ബട്‌ലർ ഈ പട്ടികയിൽ ഒമ്പതാം സ്ഥാനത്തുമാണ് ഉള്ളത്.






