കല്‍പ്പറ്റ: രാജ്യത്ത് ഫെഡറല്‍ സംവിധാനമുണ്ടായിരിക്കെ കേന്ദ്രത്തിന് സംസ്ഥാനത്തെ സഹായിക്കുകയെന്ന ഉത്തരവാദിത്തമുണ്ടെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ദുരന്താനന്തര ആവശ്യങ്ങളുടെ വിലയിരുത്തല്‍ ഇല്ലെന്ന് പറഞ്ഞ് കേന്ദ്രം സഹായം വൈകിപ്പിക്കുകയാണ്. ഇത് കുറ്റപ്പെടുത്തലുകളുടെ സമയമല്ലിതെന്നും സ്പീക്കര്‍ പറഞ്ഞു. വയനാട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘വയനാട് സുരക്ഷിതം’ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തനിവാരണമല്ല ഇനിയുള്ള കാലങ്ങളില്‍ ദുരന്ത ലഘൂകരണമാണ് ആവശ്യമെന്നും സ്പീക്കര്‍ പറഞ്ഞു.
Also Read: വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം; പ്രത്യേക പാക്കേജുമില്ല
ചടങ്ങില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി ചെയര്‍മാന്‍ എംവി ശ്രേയാംസ്‌കുമാറിനെ സ്പീക്കര്‍ ആദരിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കാതല്‍ തള്ളിക്കളയാനാകില്ലെന്നും സമര്‍ദ്ദങ്ങള്‍ കാരണം ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ വിദൂരതയില്‍ നില്‍ക്കുകയാണെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രാദേശിക തലത്തില്‍ എന്ത് ചെയ്യാനാകുമെന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.