ആവശ്യം സ്വതന്ത്ര പലസ്തീൻ; ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്ന കപ്പലിന് പ്രവേശനാനുമതി നിഷേധിച്ച് സ്‍പെയിൻ

ആവശ്യം സ്വതന്ത്ര പലസ്തീൻ; ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്ന കപ്പലിന് പ്രവേശനാനുമതി നിഷേധിച്ച്  സ്‍പെയിൻ

ബാഴ്സലോണ: ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്ന ഡാനിഷ് കപ്പലിന് തുറമുഖത്തേക്ക് പ്രവേശനാനുമതി നിഷേധിച്ച് സ്‍പെയിൻ. വിദേശകാര്യമന്ത്രി ജോസ് മാനുവൽ അൽബ്രാസാണ് കപ്പലിനെ തുറമുഖത്ത് പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി തടഞ്ഞ വിവരം അറിയിച്ചത്. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു കപ്പലിനെ തടയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രായേലിലേക്ക് ഇനിയും ആയുധങ്ങളുമായി കപ്പൽ വന്നാലും സ്പെയിനി​ലെ തുറമുഖങ്ങളിലേക്ക് അവ​യെ പ്രവേശിപ്പിക്കില്ല. മിഡിൽ ഈസ്റ്റിന് ഇപ്പോൾ ആയുധങ്ങളല്ല ആവശ്യം. സമാധാനമാണ് വേണ്ടതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

അതേസമയം, കപ്പലിനെ സംബന്ധിക്കുന്ന വിവരങ്ങൾ വിദേശകാര്യമന്ത്രി വ്യക്തമാക്കിയില്ല.

മെയ് 21ന് തുറമുഖത്തിൽ പ്രവേശിക്കാനാണ് ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുന്ന ഡാനിഷ് കപ്പൽ അനുമതി തേടിയതെന്ന് സ്‍പെയിൻ ഗതാഗതമന്ത്രി അറിയിച്ചു. ഇസ്രായേലിലെ ഹൈഫ തുറമുഖത്തേക്ക് 27 ടൺ സ്ഫോടക വസ്തുക്കളുമായാണ് കപ്പൽ യാത്ര തിരിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.

ഇസ്രായേലിൻ്റെ ഗസ അധിനിവേശത്തെ രൂക്ഷമായി വിമർശിക്കുന്ന യുറോപ്പിലെ രാജ്യങ്ങളിലൊന്നാണ് സ്‍പെയിൻ. മറ്റ് യുറോപ്യൻ രാജ്യങ്ങളെ തങ്ങളുടെ നിലപാടിനൊപ്പം ചേർക്കാനും സ്‍പെയിൻ ശ്രമിക്കുന്നുണ്ട്. സ്വതന്ത്രമായ പലസ്തീൻ രാഷ്ട്രം രുപീകരിക്കണമെന്നാണ് സ്‍പെയിനിൻ്റെ നിലപാട്. ഗസയിൽ ആക്രമണം തുടങ്ങിയതിന് പിന്നാലെ ഇസ്രായേലിനുള്ള ആയുധവിൽപനയും സ്‍പെയിൻ നിർത്തിവച്ചിരുന്നു.

Top