മുസ്ലീം ലീഗ് നേതൃത്വം വലിയ ആശങ്കയിൽ, ജോസ് കെ മാണിയെ അടർത്തിയെടുക്കാനുള്ള നീക്കവും ഒടുവിൽ പാളി !

സിപിഎമ്മുമായും മുഖ്യമന്ത്രിയുമായും ഉടക്കിയ സ്ഥിതിക്ക് ഇനി ഇടതുപക്ഷത്തിന്റെ വാതിലുകള്‍ ലീഗിനായി തുറക്കപ്പെടുകയില്ല. ലീഗിലെ ഏതെങ്കിലും വിഭാഗം പാര്‍ട്ടിവിട്ടു വന്നാല്‍ മാത്രം അപ്പോള്‍ പരിഗണിക്കാം എന്നതാണ് സിപിഎമ്മിന്റെ നിലപാട്. ലീഗിനെ സംബന്ധിച്ച് ഇനിയും അടുത്ത അഞ്ചുവര്‍ഷം പുറത്തിരിക്കുന്നത് ആത്മഹത്യാപരമായിട്ടാണ് ആ പാര്‍ട്ടി കാണുന്നത്. അതുകൊണ്ടു തന്നെ ഇടതുപക്ഷത്തിന്റെ സാധ്യത തകര്‍ക്കാന്‍ ഇടതുപക്ഷത്ത് ഭിന്നിപ്പ് ഉണ്ടാക്കാനാണ് ലീഗ് ഇപ്പോള്‍ ശ്രമിക്കുന്നത്

മുസ്ലീം ലീഗ് നേതൃത്വം വലിയ ആശങ്കയിൽ, ജോസ് കെ മാണിയെ അടർത്തിയെടുക്കാനുള്ള നീക്കവും ഒടുവിൽ പാളി !
മുസ്ലീം ലീഗ് നേതൃത്വം വലിയ ആശങ്കയിൽ, ജോസ് കെ മാണിയെ അടർത്തിയെടുക്കാനുള്ള നീക്കവും ഒടുവിൽ പാളി !

കേരളത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം യഥാര്‍ത്ഥത്തില്‍ മുസ്ലീം ലീഗിനെയാണിപ്പോള്‍ ഏറെ ആശങ്കപ്പെടുത്തിയിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ശക്തമായ നിലപാടാണ് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ തുടങ്ങിയ ആ അകല്‍ച്ച കൂടുതല്‍ ശക്തമായി ഇപ്പോഴും തുടരുകയാണ്. സമസ്തയിലെ ഉന്നത നേതൃത്വവുമായി മുഖ്യമന്ത്രിക്കുള്ള അടുപ്പമാണ് സാദിഖലി തങ്ങളുടെ എതിര്‍പ്പിന് പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മറ്റ് ലീഗ് അധ്യക്ഷന്‍മാരോട് സ്വീകരിച്ചിരുന്ന നിലപാടും പരിഗണനയും സാദിഖലി ശിഹാബ് തങ്ങള്‍ക്ക് നല്‍കാന്‍ സമസ്ത നേതൃത്വത്തിലെ പ്രബല വിഭാഗം ഇപ്പോഴും തയ്യാറായിട്ടില്ല. പണ്ഡിത സഭയായ മുശാവറയില്‍ ഇപ്പോഴും അംഗത്വമില്ലാത്ത ഏക ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ്. സമസ്തക്കാരനല്ലാത്ത പിഎംഎ സലാം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നതിലും ഈ വിഭാഗത്തിന് എതിര്‍പ്പുണ്ട്. സമസ്ത നേതാക്കള്‍ക്ക് എതിരെ പിഎംഎ സലാം നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ ലീഗ് അധ്യക്ഷന്റെ അറിവോടെയാണെന്നാണ് സമസ്തയിലെ എതിര്‍ ചേരി കരുതുന്നത്. സമസ്തയുടെ ഭീഷണി മുന്നില്‍ കണ്ട് ബദല്‍ നീക്കവുമായി മുസ്ലീം ലീഗ് നീങ്ങുന്നതും ഇരു വിഭാഗവും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്.

Sayyid Sadiq Ali Shihab Thangal

സംസ്ഥാന ഭരണകൂടവുമായി എന്തുകാര്യം സംസാരിക്കാനും ലീഗിന്റെ ഇടനില സമസ്തയ്ക്ക് ആവശ്യമില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതും ലീഗിനെ സംബന്ധിച്ച് തിരിച്ചടിയാണ്. പത്ത് വര്‍ഷം ഭരണത്തിന് പുറത്തിരിക്കേണ്ടി വരുന്നത് പോലെ ഇനിയും ഒരു 5വര്‍ഷം കൂടി പുറത്തിരിക്കേണ്ടി വരിക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ലീഗ് നേതൃത്വമുള്ളത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് സീറ്റ് നില നിര്‍ത്താനായത് ലീഗിന് ആശ്വാസമായിട്ടുണ്ടെങ്കിലും ചേലക്കരയില്‍ മുന്നേറ്റം നടത്താന്‍ കഴിയാതിരുന്നത് അവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് പാണക്കാട് എത്തി സാദിഖലി തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് പ്രചരണം തുടങ്ങിയിരുന്നത്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും ചേലക്കരയില്‍ തമ്പടിച്ച് പ്രചരണം നടത്തിയിട്ടും ഒരു അട്ടിമറി വിജയം അവര്‍ക്ക് സാധ്യമായിരുന്നില്ല. രമ്യാ ഹരിദാസിനു വേണ്ടി ലീഗ് പ്രവര്‍ത്തകര്‍ അരയും തലയും മുറുക്കി ഇറങ്ങിയിട്ടു പോലും ഇവിടെ ന്യൂനപക്ഷ വോട്ടുകള്‍ കൂടുതലും നേടിയത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാണ്. അതായത് ഭരണ വിരുദ്ധ വികാരം ശക്തമായിരുന്നു എങ്കില്‍ ചേലക്കരയില്‍ ഇടതുപക്ഷം പരാജയപ്പെടുമായിരുന്നു. അത് സംഭവിക്കാതിരുന്നത് ഇടതുപക്ഷത്തിന്റെ മൂന്നാം ഊഴം സജീവമാക്കുന്നതാണ്. ഇതാണിപ്പോള്‍ ലീഗ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നത്.

Pinarayi Vijayan

സിപിഎമ്മുമായും മുഖ്യമന്ത്രിയുമായും ഉടക്കിയ സ്ഥിതിക്ക് ഇനി ഇടതുപക്ഷത്തിന്റെ വാതിലുകള്‍ ലീഗിനായി തുറക്കപ്പെടുകയില്ല. ലീഗിലെ ഏതെങ്കിലും വിഭാഗം പാര്‍ട്ടിവിട്ടു വന്നാല്‍ മാത്രം അപ്പോള്‍ പരിഗണിക്കാം എന്നതാണ് സിപിഎമ്മിന്റെ നിലപാട്. ലീഗിനെ സംബന്ധിച്ച് ഇനിയും അടുത്ത അഞ്ചുവര്‍ഷം പുറത്തിരിക്കുന്നത് ആത്മഹത്യാപരമായിട്ടാണ് ആ പാര്‍ട്ടി കാണുന്നത്. അതുകൊണ്ടു തന്നെ ഇടതുപക്ഷത്തിന്റെ സാധ്യത തകര്‍ക്കാന്‍ ഇടതുപക്ഷത്ത് ഭിന്നിപ്പ് ഉണ്ടാക്കാനാണ് ലീഗ് ഇപ്പോള്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവുമായി ചര്‍ച്ചക്ക് ശ്രമിക്കുന്നതും ലീഗ് സമ്മര്‍ദ്ദത്തിന്റെ ഫലമായാണ്. ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ എത്തിയാല്‍ ഇടതുപക്ഷത്തിന്റെ സാധ്യത അടയുമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് പറയത്തക്ക സ്വാധീനം ഇല്ലാത്തതിനാല്‍ ജോസ് കെ മാണി വരട്ടെ എന്ന നിലപാടാണ് ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിനുമുള്ളത്. എന്നാല്‍, ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ച കേരള കോണ്‍ഗ്രസ് നേതൃത്വം ഇടതുപക്ഷം വിടില്ലെന്നും നയം വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫില്‍ നിന്നും തങ്ങളെ ചവിട്ടി പുറത്തിറക്കിയതാണെന്നാണ് ജോസ് കെ മാണി തുറന്നടിച്ചിരിക്കുന്നത്.

Jose K Mani

യുഡിഎഫ് പുറത്താക്കിയ ജോസ് കെ മാണി വിഭാഗത്തിന് അഭയം നല്‍കിയത് ഇടതുപക്ഷമായതിനാല്‍ കേരള കോണ്‍ഗ്രസ്സ് മുന്നണി വിടല്ലെന്നാണ് സിപിഎം നേതാക്കളും തറപ്പിച്ച് പറയുന്നത്. അഥവാ കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ടാല്‍ വഞ്ചന രാഷ്ട്രീയത്തിന്റെ വക്താവായാണ് ജോസ് കെ മാണി അറിയപ്പെടുക. കാരണം, മന്ത്രി സ്ഥാനവും മറ്റ് പദവികളും മാത്രമല്ല സ്വന്തം രാജ്യസഭ സീറ്റ് പോലും ജോസ് കെ മാണിക്കായി വിട്ടു നല്‍കിയ പാര്‍ട്ടിയാണ് സിപിഎം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ സ്വന്തം സീറ്റ് ഭദ്രമാക്കിയത് സിപിഐയാണ്. ഇതെല്ലാം കൃത്യമായി അറിയുന്ന ജോസ് കെ മാണിക്ക് സിപിഎമ്മുമായി ബന്ധം വേര്‍പ്പെടുത്തുക പ്രയാസമാണ്. ഇവിടെയാണ് ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും കണക്ക് കൂട്ടലുകളും തെറ്റിപ്പോകുന്നത്.

ഇടതുപക്ഷം ഈ രൂപത്തില്‍ ശക്തമായി നിന്നാല്‍ 2026-ല്‍ തിരിച്ചു വരവ് പ്രയാസമാണെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റും വിലയിരുത്തുന്നത്. പാലക്കാട് വിജയിച്ചത് കൊണ്ടായില്ല, ചേലക്കര പിടിക്കണമെന്ന് ആവര്‍ത്തിച്ച് കെ സി വേണുഗോപാല്‍ പറഞ്ഞതും നിലവിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യം വിലയിരുത്തിയാണ്. ഇനി നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമല്ല. വാര്‍ഡ് പുനര്‍ നിര്‍ണ്ണയം ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് ആരോപിച്ച് ഇപ്പോള്‍ തന്നെ യുഡിഎഫും ബിജെപിയും രംഗത്ത് വന്നു കഴിഞ്ഞിട്ടുണ്ട്.

k c venugopal

സിപിഎം സംഘടനാ സമ്മേളനങ്ങള്‍ക്ക് തൊട്ടു പിന്നാലെ വരുന്ന തിരഞ്ഞെടുപ്പായതിനാല്‍ ഇടതുപക്ഷത്തിന്റെ സംഘടന സംവിധാനവും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. ഇതിന്റെ റിസള്‍ട്ടും തദ്ദേശ തിരഞ്ഞെടുപ്പിലാണ് ദൃശ്യമാകാന്‍ പോകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടി ഇടതുപക്ഷം വന്‍ വിജയം നേടിയാല്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അതിന്റെ പ്രതിഫലനമുണ്ടാകാന്‍ സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസ്സിലും ലീഗിലും വന്‍ പൊട്ടിത്തെറിയുണ്ടാകും. യുഡിഎഫ് എന്ന സംവിധാനം തന്നെയാണ് അതോടെ ഇല്ലാതായി മാറുക. സിപിഎമ്മിനെയും അതിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകളെയും പോലെ ഭരണമില്ലാത്തപ്പോള്‍ കരുത്ത് കൂടുന്ന ചരിത്രമല്ല പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളതെന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.

Express View

വീഡിയോ കാണാം

Share Email
Top