മുനമ്പം ഭൂമി വിഷയം മുസ്ലീം ലീഗിലും യുഡിഎഫിലും ഉണ്ടാക്കിയിരിക്കുന്നത് വന്‍ പ്രതിസന്ധിയാണ്. ലീഗില്‍ കെ എം ഷാജി – ഇടി മുഹമ്മദ് ബഷീര്‍ ചേരിക്ക് ഒരു നിലപാടും, സാദിഖലി ശിഹാബ് തങ്ങള്‍ – പി.കെ കുഞ്ഞാലിക്കുട്ടി വിഭാഗത്തിന് മറ്റൊരു നിലപാടുമാണുള്ളത്. നേതാക്കള്‍ തമ്മിലുള്ള ഭിന്നത പുറത്തായതോടെ, ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് ലീഗ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ലീഗിനകത്തും യുഡിഎഫിലും മുനമ്പം വിഷയം തിളച്ചുമറിയുകയാണ് ചെയ്യുന്നത്. ലീഗില്‍ സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഒരു നിലപാട് സ്വീകരിച്ചാല്‍ അതില്‍ പിന്നെ മറിച്ചൊരു നിലപാടില്ലെന്ന് പറയുന്നവര്‍ തന്നെയാണ് ഈ വിഷയത്തിലെ സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്യുന്നത്. ഇത് പരസ്യമായ പൊട്ടിത്തെറിയില്‍ കലാശിക്കും എന്ന ഘട്ടം വന്നതോടെയാണ് പരസ്യ പ്രതികരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് തള്ളി ലീഗ് നേതാക്കളായ കെ.എം ഷാജിയും ഇടി മുഹമ്മദ് ബഷീറും രംഗത്ത് വന്നത് യുഡിഎഫ് നേതൃത്വത്തെയും ശരിക്കും ഉലച്ചിട്ടുണ്ട്. മുനമ്പം വിഷയത്തില്‍ ലീഗിലും കോണ്‍ഗ്രസിലുമുള്ള അഭിപ്രായ ഭിന്നതകള്‍ ആ മുന്നണിയെ തന്നെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍, വി ഡി സതീശന്റെ അഭിപ്രായമല്ല ലീഗിനും യുഡിഎഫിനുമെന്നാണ് കെ എം ഷാജി തുറന്നടിച്ചിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ലീഗ് മുന്നിട്ടിറങ്ങുന്നതിലും ഷാജിക്ക് യോജിപ്പില്ല. ലീഗിനല്ല, ഭരണ സംവിധാനത്തിനാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വമെന്ന് പറഞ്ഞ ഷാജി പ്രശ്‌നപരിഹാരത്തിനായി നേരിട്ട് കളത്തിലിറങ്ങിയ സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടിനെയാണ് പരോക്ഷമായി തള്ളിയിരിക്കുന്നത്.
ഷാജി പ്രസംഗത്തിന്റെ ആവേശത്തില്‍ പറഞ്ഞതാണെന്നും താന്‍ പറഞ്ഞതാണ് യഥാര്‍ത്ഥ നിലപാടെന്നും സാദിഖലി തങ്ങള്‍ക്ക് മാധ്യമങ്ങളോട് പറയേണ്ടി വന്നെങ്കിലും ലീഗ് അണികള്‍ക്ക് സംസ്ഥാന പ്രസിഡന്റിന്റെ ഈ നിലപാട് ദഹിച്ചിട്ടില്ല. മുതിര്‍ന്ന ലീഗ് നേതാവായ ഇടി മുഹമ്മദ് ബഷീറും വി ഡി സതീശന്റെ നിലപാടിനെ പൂര്‍ണമായും എതിര്‍ത്താണ് സംസാരിച്ചിരിക്കുന്നത്. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് അവകാശപ്പെട്ട മുസ്ലീം ലീഗ് ലോക്സഭ കക്ഷിനേതാവ് കൂടിയായ ഇടി മുഹമ്മദ് ബഷീര്‍, കെ എം ഷാജി പറഞ്ഞത് വസ്തുതയാണെന്നും 1950ല്‍ ഫാറൂഖ് കോളേജിനായി മുഹമ്മദ് സിറാജ് സേട്ട് വഖഫ് ചെയ്തതിന് റവന്യൂ രേഖകളില്‍ തെളിവുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Also Read: ഇന്ത്യയുടെ നാവിക സേനയ്ക്ക് മുതല്‍ക്കൂട്ടായി ഇനി റഷ്യന്‍ യുദ്ധക്കപ്പലുകള്‍
മുസ്ലീം ലീഗിന്റെ തീരുമാനം സാദിഖലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. തങ്ങള്‍ ഒരിടത്തും മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഇടി പറയുന്നത്. അവിടെ ഏതെങ്കിലും താമസക്കാരുണ്ടായിരുന്നെങ്കില്‍ അത് മാനുഷിക പ്രശ്നമാണ്. കെ എം ഷാജിയെ തിരുത്താന്‍ പി കെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചത് വിവാദമാക്കേണ്ടെന്നും ഇടി മുഹമ്മദ് ബഷീര്‍ പറയുകയുണ്ടായി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാട് അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ചതിലൂടെ കെ.എം ഷാജിയെ പിന്തുണയ്ക്കുകയാണ് ബഷീറും ചെയ്തിരിക്കുന്നത്. ഇതേ നിലപാട് തന്നെയാണ് കഴിഞ്ഞദിവസം എം കെ മുനീറും വ്യക്തമാക്കിയിരുന്നത്. പ്രതിപക്ഷ നേതാവിനോട് ഇക്കാര്യത്തില്‍ തനിക്ക് യോജിപ്പില്ലെന്നാണ് മുനീര്‍ പറഞ്ഞത്. ലീഗില്‍, കെ.എം.ഷാജി, ഇടി മുഹമ്മദ് ബഷീര്‍ വിഭാഗത്തിന്റെ ഒപ്പം നില്‍ക്കുന്ന നേതാവാണ് എം.കെ മുനീര്‍. സമാന നിലപാടുള്ള നിരവധി നേതാക്കള്‍ ഈ വിഭാഗത്തോടൊപ്പം ഇപ്പോഴും ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്.
അതേസമയം, മുന്നണിയില്‍ തന്നെ കലാപക്കൊടി ഉയര്‍ന്നിട്ടും മുനമ്പം വിഷയത്തില്‍ വി ഡി സതീശന്‍ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാടാണ് ആദ്യം മുതല്‍ സതീശന്റേത്. എന്നാല്‍, കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം നേതാക്കള്‍ക്കും ഈ നിലപാടിനോട് യോജിപ്പില്ല. പ്രശ്‌ന പരിഹാരശ്രമങ്ങളോട് സഹകരിക്കണമെന്നതാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. എന്നാല്‍ മുന്നണിയിലെ ഈ കോലാഹലങ്ങളൊന്നും തന്നെ പ്രതിപക്ഷ നേതാവ് മൈന്റ് പോലും ചെയ്തിട്ടില്ല. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നുള്ള ഇ ടി മുഹമ്മദ് ബഷീറിന്റെയും കെ എം ഷാജിയുടെയും അഭിപ്രായങ്ങള്‍ തള്ളിക്കളത്ത വി ഡി സതീശന്‍ താന്‍ ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: ആയുധ വിപണിയിൽ കുതിച്ച് ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയും നേട്ടമായതായി റഷ്യൻ മാധ്യമം
മുസ്ലീം ലീഗുമായി ഉള്‍പ്പെടെ ആലോചിച്ച ശേഷം കൂട്ടായ തീരുമാനമാണ് യുഡിഎഫ് എടുത്തതെന്നും കെ എം ഷാജിക്കുള്ള മറുപടി കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കിയ സതീശന്‍ ലീഗ് നേതാക്കളുമായി ആലോചിച്ചാണ് ബിഷപ്പുമാരുമായി ചര്‍ച്ച നടത്തിയതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഈ പ്രതികരണം ലീഗില്‍ വലിയ അലയൊലിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന ഘട്ടമെത്തിയതോടെയാണ് ഇനി ഈ വിഷയത്തില്‍ നേതാക്കളില്‍ നിന്ന് പരസ്യ പ്രതികരണമുണ്ടാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും പറയേണ്ടി വന്നിരിക്കുന്നത്.
മുനമ്പം വിഷയത്തില്‍ ലീഗ് നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മുസ്ലീം സംഘടനകളുമായി ആലോചിച്ചാണ് അത് പറഞ്ഞതെന്നുമാണ് സാദിഖലിയും കുഞ്ഞാലിക്കുട്ടിയും അവകാശപ്പെടുന്നത്. ലീഗ് അതില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇനി ഇക്കാര്യത്തില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് ലീഗിന്റെ അക്കൗണ്ടില്‍ വരില്ലെന്ന് തറപ്പിച്ച് പറയാനും ഇരു നേതാക്കളും തയ്യാറായാത് മറ്റു നേതാക്കള്‍ക്കുള്ള ഒരു മുന്നറിയിപ്പു കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.
Also Read: ബൈഡന്റെ ആ തീരുമാനത്തിനെതിരെ പുടിൻ പ്രതികാരനടപടിയെടുക്കും: റഷ്യയുടെ മുന്നറിയിപ്പ്
മുനമ്പം വിഷയത്തില്‍ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നല്‍കിയിരിക്കുന്ന മറുപടി. കോടതികളാണ് അന്തിമ വിധി പ്രസ്താവിക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ വാദം. സമാന നിലപാട് മറ്റു ചില മുസ്ലീം സംഘടനകള്‍ക്കുമുണ്ട്. മുനമ്പം വിഷയത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവിനുള്ള അവസരം ആരും ഉണ്ടാക്കരുതെന്നും ഒരാളെയും വിവാദ ഭൂമിയില്‍ നിന്നും ഇറക്കി വിട്ടില്ലെന്നതുമാണ് സംസ്ഥാന സര്‍ക്കാറിന്റെ നയം. ഒരു ജുഡിഷ്യല്‍ കമ്മിഷനെ തന്നെ പ്രശ്‌നം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുകയാണ്.
മുനമ്പം വഖഫ് ഭൂമിയാണെന്ന് ഉത്തരവിറക്കിയത് പാണക്കാട് റഷീദലി തങ്ങള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ ആണെന്നാണ് നിയമ മന്ത്രി പി രാജീവ് പറയുന്നത്. ഈ വിഷയത്തില്‍ ഇടതുപക്ഷത്ത് അഭിപ്രായ വ്യത്യസമില്ലെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ബി.ജെ.പിയാകട്ടെ, വിഷയം സജീവമാക്കി നിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. കേന്ദ്ര ഇടപെടല്‍ നടത്തി ക്രൈസ്തവ വോട്ട് ബാങ്കില്‍ പിടിമുറുക്കാനാണ് ബി.ജെ.പി നീക്കം നടത്തുന്നത്.
മുനമ്പം വിഷയത്തില്‍ ശരിക്കും പെട്ടു പോയിരിക്കുന്നത് യുഡിഎഫാണ്. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തിനെതിരെയാണ് ആ മുന്നണിയില്‍ ഭിന്നത ഉണ്ടായിരിക്കുന്നത്. ഇനി മാറ്റി പറഞ്ഞാല്‍, ഉള്ള ക്രൈസ്തവ വോട്ടുകളും ഹിന്ദു വോട്ടുകളും നഷ്ടമാകുമോ എന്ന ഭീതിയും പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. ചുരുക്കി പറഞ്ഞാല്‍, മുനമ്പം വിഷയം ഇപ്പോള്‍ ഏറ്റവും വലിയ തലവേദനയായിരിക്കുന്നത് യു.ഡി.എഫിലാണ്. ഒറ്റക്കെട്ടായി ഒരു തീരുമാനം എടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ആ മുന്നണിയുള്ളത്.
വീഡിയോ കാണാം