ന്യൂഡൽഹി: ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മതിക്കാത്തതിന് അമ്മയെ മകൻ കൊലപ്പെടുത്തി. ഡൽഹിയിലെ ഖയാല മേഖലയിലാണ് മകൻ വീട്ടമ്മയായ സുലോചന (45) യെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 8:30 ഓടെയാണ് സംഭവം. മകൻ സാവൻ തന്നെയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. കമ്മലുകൾക്ക് വേണ്ടി കവർച്ചക്കാർ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മകൻ പൊലീസിനോട് പറഞ്ഞത്.
പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചപ്പോൾ വിലപിടിപ്പുള്ള വേറൊരു വസ്തുവും നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് വീട്ടുകാരെയും അയൽക്കാരെയും ചോദ്യം ചെയ്യുകയായിരുന്നു. പൊലീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാൻ കഴിയാതെ സാവൻ പതറാൻ തുടങ്ങി. വിശദമായി ചോദ്യം ചെയ്തപ്പോൾ അമ്മയെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിക്കുകയായിരുന്നു.
Also Read: എം.ഡി.എം.എയുമായി മയക്കുമരുന്ന് സംഘത്തിലെ പ്രധാനി പിടിയിൽ
ജ്യേഷ്ഠൻ കപിലിൻ്റെ വിവാഹം അടുത്തിടെ നിശ്ചയിച്ചിരുന്നു. തനിക്കറിയാവുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് സാവൻ അമ്മയോട് പറഞ്ഞു. എന്നാൽ അമ്മക്ക് സമ്മതമില്ലായിരുന്നു. ഇതിൽ ക്ഷുഭിതനായ സാവൻ അമ്മയുടെ കൊലപാതകം ആസൂത്രണം ചെയ്യാൻ തുടങ്ങി. ആദ്യം അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കവർച്ചക്കഥ മെനയുകയായിരുന്നു. എന്നാൽ പൊലീസ് ഇയാളുടെ നുണകൾ പരിശോധിച്ച് സത്യം കണ്ടെത്തി. തുടർന്നാണ് അറസ്റ്റ് ചെയ്തത്.