പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് ഔദ്യോഗികമായി തുടക്കമാകും. അയോധ്യ രാമക്ഷേത്ര അഴിമതി, പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച, ലഡാക്ക് സമരനേതാവ് സോനം വാങ്ചുക്കിനെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത നടപടി തുടങ്ങിയ വിവിധ വിഷയങ്ങൾ ഉന്നയിച്ച് സഭയിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധമുണ്ടാകുമെന്നാണ് സൂചന. സോനം വാങ്ചുക്കിന്റെ കസ്റ്റഡിയും പരീക്ഷാ തട്ടിപ്പുകളും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി. ശിവദാസൻ എംപി രാജ്യസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളിലെ വിമത എംപിമാരെ കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗത്തിൽ നിന്ന് വാക്കൗട്ട് നടത്തിയിരുന്നു.
വിവാദമായ എഫ്‌സിആർഎ ഭേദഗതി ബിൽ വീണ്ടും അവതരിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ നിലപാടിലാണ്. ഇതിന് പുറമെ സുപ്രിം കോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള സുപ്രധാന ബില്ലും ലോക്സഭയിൽ അവതരിപ്പിക്കും. വന്ദേമാതരത്തെ അപമാനിക്കുന്നത് കുറ്റകരമാക്കുന്ന ദേശീയ ബഹുമതികൾ അപമാനിക്കുന്നത് തടയൽ ഭേദഗതി ബിൽ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും. ആകെ 6 പ്രധാന ബില്ലുകളാണ് ഈ സമ്മേളനത്തിൽ സഭയുടെ പരിഗണനയ്ക്ക് വരുന്നത്. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പാർലമെന്റ് മാർച്ചും ഇന്ന് നടക്കും.






