തൃശൂർ: തൃപയാറിൽ നടന്ന അപകടത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. വണ്ടിയുടെ രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ക്ലീനർ ആയിരുന്നു വണ്ടി ഓടിച്ചിരുന്നതെന്നും ക്ലീനർക്ക് ഡ്രൈവിങ്ങ് ലൈസൻസ് ഇല്ലായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു. അപകടമുണ്ടാക്കിയ കണ്ണൂർ സ്വദേശികളായ അലക്‌സ്, ജോസ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. രണ്ട് പേരും ഇപ്പോഴും മദ്യ ലഹരിയിലാണെന്നും വാഹനമോടിച്ച സമയവും മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Also Read: കെഎസ്ആര്‍ടിസി ബസിൽ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം
ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും കരുതിക്കൂട്ടിയുള്ള നരഹത്യ എന്ന് തന്നെ പറയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ട്രാൻസ്‌പോർട്ട് കമ്മീഷണർ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽപ്പെട്ട മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. റോഡ് ബ്ലോക്ക് ചെയ്ത ബാരിക്കേഡ് തകർത്തുകൊണ്ടാണ് മദ്യപിച്ചയാൾ രണ്ട് പിഞ്ചു കുഞ്ഞുങ്ങളടക്കം, ഉറങ്ങിക്കിടന്നവരുടെ മുകളിൽക്കൂടി വണ്ടി കയറ്റിപ്പോയത്.