അമേരിക്കൻ സേന ഇറാനിൽ നടത്തിയ കനത്ത ആക്രമണത്തിന് പിന്നാലെ, ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ പ്രത്യാക്രമണം. ബഹ്‌റൈനിലെയും കുവൈത്തിലെയും അമേരിക്കൻ താവളങ്ങൾക്ക് നേരെയാണ് ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായത്. എന്നാൽ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഈ ശത്രുതാപരമായ ആക്രമണങ്ങളെ വിജയകരമായി നേരിട്ടതായി കുവൈത്ത് സൈനിക ജനറൽ സ്റ്റാഫ് ഔദ്യോഗികമായി അറിയിച്ചു. ജനങ്ങൾ കേട്ട വൻ സ്ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ തകർക്കുന്നതിന്റെ ഭാഗമായിട്ടുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൗരന്മാരും താമസക്കാരും ശാന്തരായിരിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ബഹ്‌റൈൻ, കുവൈത്ത് ആഭ്യന്തര മന്ത്രാലയങ്ങൾ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തിന് പ്രതികാരമായി അമേരിക്ക ഇറാനിലെ എൺപതോളം സൈനിക ലക്ഷ്യങ്ങളിൽ കൃത്യമായ ബോംബാക്രമണം നടത്തിയതാണ് ഒടുവിലത്തെ സംഘർഷങ്ങൾക്ക് വഴിവെച്ചത്. ഇറാന്റെ റഡാർ സൈറ്റുകൾ, കമാൻഡ് കൺട്രോൾ ശൃംഖലകൾ, മിസൈൽ സംഭരണശാലകൾ, സൈനിക ബോട്ടുകൾ എന്നിവ തകർത്തതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. ഇതിന് തൊട്ടുമുമ്പ് ഇറാനുമേലുള്ള എണ്ണ ഉപരോധത്തിന്റെ ഇളവുകൾ അമേരിക്കൻ ട്രഷറി റദ്ദാക്കുകയും ചെയ്തിരുന്നു. ഈ ഉപരോധവും സൈനിക നീക്കവും ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച സുപ്രധാന മെമ്മോറാണ്ടത്തിന്റെ ലംഘനമാണെന്നും, അമേരിക്ക വൻ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് മിഡിൽ ഈസ്റ്റിനെ ആശങ്കയിലാഴ്ത്തി ഇറാന്റെ പ്രത്യാക്രമണം ഉണ്ടായത്.






