നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പോരാട്ടം, യഥാര്‍ത്ഥത്തില്‍ വേറെ ലെവലിലാണ് ഇപ്പോള്‍ നടക്കുന്നത്. രാഷ്ട്രീയ എതിര്‍ സ്ഥാനാര്‍ത്ഥികളോട് മാത്രമല്ല, ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളോട് കൂടിയാണ് സ്വരാജ് ഏറ്റുമുട്ടുന്നത്. ദൃശ്യ മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയകളിലും എല്ലാം സ്വരാജിനെ ടാര്‍ഗറ്റ് ചെയ്ത വാര്‍ത്തകള്‍ക്കും പോസ്റ്റുകള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് ഇപ്പോള്‍ വ്യാപകമായി തിരികൊളുത്തിയിരിക്കുന്നത്. സ്വരാജും ഇടതുപക്ഷവും മാത്രം ഒരു ഭാഗത്തും, മറ്റെല്ലാവരും മറുഭാഗത്തും എന്നതാണ് നിലവിലെ അവസ്ഥ. ഇക്കാര്യത്തില്‍ യു.ഡി.എഫും ബി.ജെ.പിയും മാത്രമല്ല, ആര്യാടന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്ന പി.വി അന്‍വറും മുന്‍പന്തിയില്‍ തന്നെയാണുള്ളത്.
ആര്യാടന്‍ ഷൗക്കത്ത് തോല്‍ക്കുമെന്ന് പരസ്യമായി പറയാന്‍, പി.വി അന്‍വറിനെ നിര്‍ബന്ധിതമാക്കിയത് തന്നെ, പ്രചരണ രംഗത്തെ സ്വരാജിന്റെ കുതിപ്പ് കണ്ടതു കൊണ്ടാണ്. പി.വി അന്‍വറില്ലാത്ത ഇടതുപക്ഷം നിലമ്പൂരില്‍ വിജയിക്കുന്നത് സ്വപ്നത്തില്‍ പോലും അന്‍വര്‍ ആഗ്രഹിക്കുന്നില്ല. അതു കൊണ്ടു തന്നെ, വോട്ടെടുപ്പിന്റെ അവസാന നിമിഷമെങ്കിലും, യു.ഡി.എഫ് നേതൃത്വം വിട്ടുവീഴ്ചക്ക് തയ്യാറായി അന്‍വറുമായി ഒത്തുതീര്‍പ്പില്‍ എത്തുമെന്നാണ്, അന്‍വറിന്റെ അനുയായികളും നിലവില്‍ കരുതുന്നത്.

യു.ഡി.എഫ് നേതാക്കള്‍ ചില ഉറപ്പുകള്‍ നല്‍കിയാല്‍ അന്‍വര്‍ മത്സരരംഗത്ത് നിന്നും പിന്‍മാറുന്നതായി പ്രഖ്യാപിക്കാനുള്ള സാധ്യത എന്തായാലും ഇനിയുമുണ്ട്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള ദിവസം കഴിഞ്ഞെങ്കിലും യു.ഡി.എഫ് ഉറപ്പ് നല്‍കിയാല്‍, സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പിന്‍മാറുന്നതായി പ്രഖ്യാപിക്കാന്‍ അന്‍വറിനും പിടിവള്ളി കിട്ടും. പി.വി അന്‍വര്‍ യു.ഡി.എഫിന്റെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പ്രവര്‍ത്തകര്‍ ആ മുന്നണിയിലുണ്ട്. ഇക്കൂട്ടത്തില്‍ നേതാക്കളുമുണ്ട്.
എന്നാല്‍, പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും വി.ഡി സതീശനെ മാറ്റണമെന്നും അതല്ലെങ്കില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍, തനിക്ക് ആഭ്യന്തരമോ വനംവകുപ്പോ നല്‍കണമെന്നുമുള്ള പി.വി അന്‍വറിന്റെ ഡിമാന്റാണ്, അന്‍വര്‍ അനുകൂലികളായ യു.ഡി.എഫ് നേതാക്കള്‍ക്ക് പോലും ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. പി.വി അന്‍വറിന്റെ ഈ ഡിമാന്റുകളും, യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളും ശരിക്കും ആസ്വദിക്കുന്നത് ഇടതുപക്ഷമാണ്. അന്‍വര്‍ സര്‍ക്കാറിനും, മുഖ്യമന്ത്രിക്കും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം തന്നെ ഏറ്റുപിടിച്ച യു.ഡി.എഫിന് ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടില്ലേ എന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ, എന്തായാലും അന്‍വറും അന്‍വറിന്റെ രാഷ്ട്രീയവും അസ്തമിക്കുമെന്ന വിലയിരുത്തലിലാണ് സി.പി.എം നേതൃത്വമുള്ളത്.

അതേസമയം, അന്‍വറിന്റെ സാന്നിധ്യം യു.ഡി.എഫിന് ക്ഷീണമാകുമെന്ന് കണ്ട്, യു.ഡി.എഫിനു വേണ്ടി പ്രതിരോധം തീര്‍ക്കുന്നതിപ്പോള്‍, മുഖ്യധാരാ ചാനലുകളാണ്. ഇടതുപക്ഷ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ അന്‍വറിന്റെ ആരോപണങ്ങള്‍ ആയുധമാക്കിയവര്‍ക്ക് ഇപ്പോള്‍, അന്‍വര്‍ സതീശനും ഷൗക്കത്തിനും എതിരെ പറയുന്നതെല്ലാം വിഡ്ഢിത്തവും വാസ്തവ വിരുദ്ധവുമാണ്. അവര്‍ വലിയ രൂപത്തിലാണ് അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് എതിരെ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് പ്രതിരോധം തീര്‍ക്കുന്നത്.
അന്‍വറിന് മാധ്യമങ്ങള്‍ സ്പെയ്സ് കൊടുക്കരുത് എന്നു വരെ ഇപ്പോള്‍ പറയുന്ന ചാനല്‍ അവതാരകര്‍ ഇടതുപക്ഷത്തിനും മുഖ്യമന്ത്രിക്കും എതിരെ അന്‍വര്‍ കലിതുള്ളിയപ്പോള്‍, അത് ലൈവായി തന്നെ ആഘോഷമാക്കിയവരാണ് എന്നത് രാഷ്ട്രീയ കേരളം മറന്നു പോകരുത്. മാധ്യമങ്ങളുടെ ഈ ഇരട്ടതാപ്പ് നയമാണ്, ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടത്. ‘ഇടതുപക്ഷത്തിന് എതിരെ പറഞ്ഞാല്‍, അത് യാഥാര്‍ത്ഥ്യം, യു.ഡി.എഫിന് എതിരെ പറഞ്ഞാല്‍, അതെല്ലാം വാസ്തവ വിരുദ്ധമെന്ന് പറയുന്നത് തന്നെ, ഇരട്ടതാപ്പ് നയമാണ്. അതെന്തായാലും ചൂണ്ടിക്കാട്ടാതിരിക്കാന്‍ കഴിയുകയില്ല.

നിലമ്പൂരില്‍ യു.ഡി.എഫ് പരാജയപ്പെട്ടാല്‍, തങ്ങള്‍ ഇതുവരെ സര്‍ക്കാരിനെതിരെ പ്രചരിപ്പിച്ചതെല്ലാം, ജനങ്ങള്‍ക്കിടയില്‍ ഏശിയില്ലെന്നത് തെളിയിക്കപ്പെടുമെന്ന ഭയമാണ്, ഒരുവിഭാഗം മാധ്യമങ്ങളുടെ ഇപ്പോഴത്തെ നിലപാടിന് പിന്നിലുള്ളത്. സ്വരാജിനെ ഇകഴ്ത്തി കാണിക്കാനും, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രമോട്ട് ചെയ്യാനും, ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ, ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്, നിലമ്പൂരില്‍ വിജയിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞാല്‍, അത്… മാധ്യമങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്ക് മേലുള്ള തിരിച്ചടി കൂടിയായാണ് ചരിത്രം രേഖപ്പെടുത്തുക.
Express View
വീഡിയോ കാണാം