1925 ജൂലൈ 9-ന് ജനിച്ച, ഇന്ത്യൻ സിനിമയുടെ ഇതിഹാസ സംവിധായകനും നടനുമായ ഗുരു ദത്തിന്റെ ജന്മശതാബ്ദി അടുത്തയാഴ്ച ആഘോഷിക്കുകയാണ്. ‘പ്യാസ’, ‘കാഗസ് കേ ഫൂൽ’ തുടങ്ങിയ കാലാതീതമായ ക്ലാസിക്കുകളിലൂടെ ഇന്ത്യൻ സിനിമയ്ക്ക് പുതിയ മാനം നൽകിയ ഈ പ്രതിഭയുടെ ജീവിതം, എന്നാൽ ക്യാമറയ്ക്ക് പിന്നിൽ തീവ്രമായ വൈകാരിക സംഘർഷങ്ങളുടെയും മാനസികാരോഗ്യ പ്രശ്നങ്ങളുടെയും ഒരു ദുരന്തകഥയായിരുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, വ്യക്തിപരവും ആഴത്തിലുള്ളതുമായ ചലച്ചിത്രനിർമ്മാണ ശൈലിക്ക് ഗുരു ദത്ത് ഒരു പുതിയ രൂപം നൽകി. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പലപ്പോഴും സ്വന്തം ജീവിതത്തിലെ പോരാട്ടങ്ങളെ പ്രതിഫലിപ്പിച്ചു, അതേസമയം സിനിമകൾ സാമൂഹിക യാഥാർത്ഥ്യങ്ങളെ ചോദ്യം ചെയ്തു. പ്രേക്ഷകരെ ചിന്തിപ്പിക്കാനും അസ്വസ്ഥരാക്കാനും അദ്ദേഹത്തിന്റെ സിനിമകൾക്ക് കഴിഞ്ഞു.
എളിയ തുടക്കവും സിനിമാ രംഗത്തേക്കുള്ള കടന്നുവരവും
ദാരിദ്ര്യം നിറഞ്ഞ ബാല്യകാലവും പ്രക്ഷുബ്ധമായ കുടുംബജീവിതവുമാണ് ദത്തിന്റേത്. പിന്നീട് ബോംബെ സിനിമാ ലോകത്തേക്ക് കടന്നുവന്ന അദ്ദേഹം, തന്റെ കുടുംബപ്പേരായ ‘പദുക്കോൺ’ ഉപേക്ഷിച്ച് ഗുരു ദത്ത് എന്നറിയപ്പെട്ടു. നൃത്തസംവിധായകനായിട്ടായിരുന്നു തുടക്കം, ടെലിഫോൺ ഓപ്പറേറ്ററായും ജോലി ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ കാലഘട്ടം അദ്ദേഹത്തിന്റെ കലാപരമായ കാഴ്ചപ്പാടിനെ സ്വാധീനിച്ചു. ഈ സമയത്താണ് കലാപരമായ നിരാശയും സാമൂഹിക നിരാശയും വിഷയമാക്കിയ ‘കാശ്മകാഷ്’ എന്ന കഥയെഴുതുന്നത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ആയ ‘പ്യാസ’യ്ക്ക് പ്രചോദനമായി.
ദേവ് ആനന്ദുമായുള്ള സൗഹൃദമാണ് 1951-ൽ ‘ബാസി’ എന്ന തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാൻ ദത്തിന് അവസരം നൽകിയത്. ഇത് അദ്ദേഹത്തെ പെട്ടെന്ന് പ്രശസ്തിയിലേക്ക് നയിച്ചു. പ്രശസ്ത ഗായിക ഗീത റോയിയുമായുള്ള പ്രണയവിവാഹവും ഈ കാലയളവിലാണ് നടക്കുന്നത്.
സ്വപ്ന പദ്ധതികളും ആത്മഹത്യ ശ്രമങ്ങളും: ‘പ്യാസ’യുടെ പിറവി
സ്വന്തമായി സിനിമാ കമ്പനി ആരംഭിച്ച് ‘ആർ-പാർ’, ‘മിസ്റ്റർ & മിസിസ് 55’ തുടങ്ങിയ വിജയ ചിത്രങ്ങൾ നൽകിയ ശേഷം, കലാപരമായ ആഴം തേടി അദ്ദേഹം ‘പ്യാസ’ നിർമ്മിക്കാൻ തീരുമാനിച്ചു. ഭൗതിക ലോകത്തിലെ ഒരു കലാകാരന്റെ പോരാട്ടത്തെ ആവിഷ്കരിച്ച ഈ ചിത്രം, ടൈം മാഗസിന്റെ 20-ാം നൂറ്റാണ്ടിലെ മികച്ച 100 സിനിമകളിൽ ഇടംനേടി.
എന്നാൽ ‘പ്യാസ’യുടെ നിർമ്മാണവേളയിൽ ദത്ത് കടുത്ത സമ്മർദ്ദത്തിലായിരുന്നു. തിരക്കഥയിലും സംഭാഷണങ്ങളിലും നിരന്തരം മാറ്റങ്ങൾ വരുത്തിയും, ക്ലൈമാക്സ് രംഗം 104 തവണ റീഷൂട്ട് ചെയ്യുകയും ചെയ്ത അദ്ദേഹം പൂർണ്ണതയ്ക്കായി ശ്രമിച്ചു. ഈ സമയത്ത് അദ്ദേഹത്തിന്റെ ഉറക്കം നഷ്ടപ്പെടുകയും മദ്യത്തിലും ഉറക്കഗുളികകളിലും അഭയം തേടുകയും ചെയ്തു. 1956-ൽ, ‘പ്യാസ’യുടെ പണി പൂർത്തിയാകാറായപ്പോൾ, 31 വയസ്സുകാരനായ ഗുരു ദത്ത് ആത്മഹത്യക്ക് ശ്രമിച്ചു. കുടുംബം ഓടിയെത്തിയെങ്കിലും, മാനസികാരോഗ്യത്തിന് പ്രൊഫഷണൽ പിന്തുണ തേടിയില്ല. മാനസികാരോഗ്യം അക്കാലത്ത് സാമൂഹികമായി അപമാനമായി കണക്കാക്കപ്പെടുന്ന വിഷയമായിരുന്നതുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് സഹോദരി ലളിത ലജ്മി പറയുന്നു.

വിജയങ്ങൾക്കിടയിലെ ശൂന്യതയും പരാജയത്തിന്റെ കയ്പും
1957-ൽ പുറത്തിറങ്ങിയ ‘പ്യാസ’ വലിയ വിജയമായിരുന്നെങ്കിലും, ഗുരു ദത്ത് പലപ്പോഴും ഒരു ശൂന്യതാബോധം പ്രകടിപ്പിച്ചു. “എനിക്ക് ഒരു സംവിധായകനാകണം, നടനാകണം, നല്ല സിനിമകൾ ചെയ്യണം – എല്ലാം ഞാൻ നേടിയിട്ടുണ്ട്. എനിക്ക് പണമുണ്ട്, എല്ലാം ഉണ്ട്, എന്നിട്ടും എനിക്ക് ഒന്നുമില്ല,” എന്ന് അദ്ദേഹം പറഞ്ഞതായി ഛായാഗ്രാഹകൻ വി.കെ. മൂർത്തി ഓർമ്മിക്കുന്നു.
‘പ്യാസ’യുടെ വിജയത്തിൽ ആവേശഭരിതനായി, തന്റെ അടുത്ത ചിത്രമായ ‘കാഗസ് കേ ഫൂൽ’ അദ്ദേഹം സംവിധാനം ചെയ്തു. ഒരു ചലച്ചിത്രകാരന്റെ അസന്തുഷ്ടമായ ദാമ്പത്യത്തിന്റെയും ബന്ധങ്ങളുടെ തകർച്ചയുടെയും കഥ പറഞ്ഞ ഈ ചിത്രം, ദത്തിന്റെ വ്യക്തിജീവിതത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു. എന്നാൽ, ഇന്ന് ക്ലാസിക്കായി വാഴ്ത്തപ്പെടുന്ന ഈ ചിത്രം അക്കാലത്ത് വാണിജ്യപരമായി പരാജയപ്പെട്ടു. ഈ പരാജയം അദ്ദേഹത്തിന് ഒരിക്കലും മറികടക്കാൻ കഴിഞ്ഞില്ലെന്ന് പറയപ്പെടുന്നു. “ജീവിതത്തിൽ രണ്ടേ രണ്ട് കാര്യങ്ങളേയുള്ളൂ: വിജയവും പരാജയവും. അതിനിടയിൽ ഒന്നുമില്ല,” എന്ന് പറഞ്ഞു കൊണ്ട് സഹതാരം വഹീദ റഹ്മാൻ അദ്ദേഹത്തെ ഓർത്തെടുക്കുന്നുണ്ട്. ‘കാഗസ് കേ ഫൂൽ’ നു ശേഷം ദത്ത് പിന്നീട് ഒരു സിനിമയും സംവിധാനം ചെയ്തിട്ടില്ല.
അവസാന വർഷങ്ങൾ: ഏകാന്തതയുടെ പിടിയിൽ
പിന്നീട് ‘ചൗധ്വിൻ കാ ചന്ദ്’ പോലുള്ള വാണിജ്യ വിജയങ്ങളിലൂടെ അദ്ദേഹം നിർമ്മാതാവ് എന്ന നിലയിൽ തിരിച്ചുവന്നു. തുടർന്ന് ‘സാഹിബ് ബീബി ഔർ ഗുലാം’ എന്ന സിനിമ നിർമ്മിക്കുമ്പോൾ, അദ്ദേഹത്തിന്റെ വ്യക്തിജീവിതം കടുത്ത പ്രക്ഷുബ്ധതയിലായിരുന്നു. ഉറക്കമില്ലായ്മ, ഉറക്കഗുളികകളോടുള്ള ആശ്രയം, തകർന്ന ദാമ്പത്യം എന്നിവ അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ വല്ലാതെ ബാധിച്ചു. “എനിക്ക് ഭ്രാന്താകുമെന്ന് തോന്നുന്നു” എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നതായി എഴുത്തുകാരൻ ബിമൽ മിത്ര ഓർമ്മിക്കുന്നു.
ഒരു രാത്രിയിൽ, ദത്ത് വീണ്ടും ജീവനൊടുക്കാൻ ശ്രമിച്ചു. മൂന്ന് ദിവസം അബോധാവസ്ഥയിലായിരുന്നു. ഡോക്ടർ സൈക്യാട്രിസ്റ്റിനെ വിളിക്കാൻ നിർദ്ദേശിച്ചിട്ടും, കുടുംബം അത് പിന്തുടർന്നില്ല. തന്റെ സഹോദരൻ നിശബ്ദമായി സഹായത്തിനായി നിലവിളിക്കുകയാണെന്ന് ലളിത ലജ്മി പിന്നീടാണ് മനസ്സിലാക്കിയത്.
1964 ഒക്ടോബർ 10 ന്, വെറും 39 വയസ്സിൽ, ഗുരു ദത്തിനെ തന്റെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അമിത അളവിൽ ഉറക്കഗുളികകൾ കഴിച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. “അദ്ദേഹം എപ്പോഴും അതിനായി (മരണം) ആഗ്രഹിച്ചിരുന്നു, അതിനായി കൊതിച്ചിരുന്നു… അത് അദ്ദേഹത്തിന് ലഭിച്ചു എന്ന് എനിക്കറിയാം,” വഹീദ റഹ്മാൻ പിന്നീട് എഴുതി.

‘പ്യാസ’യിലെ നായകനെപ്പോലെ, ഗുരു ദത്തിനും യഥാർത്ഥ പ്രശംസ ലഭിച്ചത് അദ്ദേഹം ലോകത്തോട് വിട പറഞ്ഞതിന് ശേഷമാണ്. അദ്ദേഹത്തിന്റെ ദർശനാത്മകവും കാവ്യാത്മകവുമായ ചിത്രങ്ങൾ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ എന്നെന്നും തിളങ്ങിനിൽക്കും. അദ്ദേഹം കൂടുതൽ കാലം ജീവിച്ചിരുന്നെങ്കിൽ ഇന്ത്യൻ സിനിമയുടെ ഗതിയെത്തന്നെ മാറ്റിയെഴുതുമായിരുന്നു എന്ന് സിനിമാ പ്രേമികൾ ഇന്നും വിശ്വസിക്കുന്നു.