മലപ്പുറം ജില്ല തൂത്തുവാരുമെന്നാണ് യുഡിഎഫ് പറയുന്നത്, പക്ഷേ അവസാന ലാപ്പിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ അങ്ങനെ ഒരു ആത്മവിശ്വാസും ലീഗ് നേതൃത്വത്തിനുണ്ടോ ? അഭിരാമിയുടെ അഭിപ്രായം എന്താണ് ?
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങൾ ഉള്ള ജില്ലയാണ് മലപ്പുറം. 16 നിയമസഭാ മണ്ഡലങ്ങൾ മലബാറിലെ ഈ ജില്ലയിലുണ്ട്. ഇതിൽ ഏറ്റവും കടുപ്പവും വാശിയേറിയതുമായ തിരഞ്ഞെടുപ്പ് നടക്കുന്നത് 7 മണ്ഡലങ്ങളിലാണ്. പൊന്നാനി, മങ്കട, വേങ്ങര, പെരിന്തൽമണ്ണ, തിരൂർ, താനൂർ, തവനൂർ മണ്ഡലങ്ങളാണിത്. നിലവിൽ താനൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങൾ ഇടതുപക്ഷത്തിൻ്റെ സിറ്റിംങ്ങ് സീറ്റുകളാണ്. ഈ സീറ്റുകൾ നിലനിർത്തുകയും, അതോടൊപ്പം തന്നെ, മങ്കട, വേങ്ങര, പെരിന്തൽമണ്ണ, തിരൂർ എന്നീ മണ്ഡലങ്ങൾ പിടിച്ചെടുക്കുക എന്നതാണ് ഇടതുപക്ഷത്തിൻ്റെ അജണ്ട. അതിനുവേണ്ടി അവർ ആവനാഴിയിലെ സകല ആയുധങ്ങളും എടുത്ത് പ്രയോഗിക്കുന്നുമുണ്ട്. ജനകിയരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കി എന്നത് , ഇടതുപക്ഷത്തിൻ്റെ ആത്മവിശ്വാസം വലിയ രൂപത്തിൽ വർദ്ധിപ്പിച്ചിട്ടുണ്ട് എന്നതും പറയാതിരിക്കാൻ കഴിയുകയില്ല. തിരൂരിൽ വേടൻ പങ്കെടുത്ത പരിപാടി ആയാലും, വേങ്ങരയിൽ സിതാര കൃഷ്ണകുമാർ നയിച്ച സംഗീത നിശ ആയാലും, അത് ഇടതുപക്ഷ സ്ഥാനാർത്ഥികൾ സംഘടിപ്പിച്ച പൊളിറ്റിക്കൽ പരിപാടി ആയാണ് മാറിയിരിക്കുന്നത്. പതിനായിരങ്ങളാണ് ഈ രണ്ട് പരിപാടികളിലും പങ്കെടുത്തത് എന്നത് ലീഗ് നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.
സംസ്ഥാനം മോത്തത്തിൽ വലിയ രൂപത്തിൽ ഇടതുപക്ഷ വിരുദ്ധ തരംഗം ഉണ്ടായില്ലങ്കിൽ, മലപ്പുറത്ത് തിരിച്ചടി ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന അഭിപ്രായം ലീഗ് കേന്ദ്രങ്ങളിൽ നിന്നു തന്നെ ഉയരുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഇനി ഉദാഹരണതിനായി ചിലകാര്യങ്ങൾ കൂടി പറയാം, മുസ്ലീം ലീഗിൻ്റെ കോട്ടകൊത്തളം എന്നൊക്കെ പറയുന്ന മണ്ഡലമാണ് വേങ്ങര. സാക്ഷാൽ പി.കെ കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്ന ഈ മണ്ഡലത്തിൽ ഇപ്പോൾ നടക്കുന്നത് പ്രവചനാതീതമായ മത്സരമാണ്. ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സബാഹ് കുണ്ടുപുഴക്കലിൻ്റെ ജനകീയത തന്നെയാണ്, ഇവിടെ ലീഗ് നേരിടുന്ന പ്രധാന വെല്ലുവിളി. കാര്യങ്ങൾ വസ്തുനിഷ്ടമായി പരിശോധിക്കുമ്പോൾ ആഗ്രയ്ക്കും അങ്ങനെ തോന്നുന്നില്ലേ ?
വേങ്ങരയിൽ അട്ടിമറി നടക്കുമെന്നാണോ അഭിരാമി പറഞ്ഞു വരുന്നത് ? അതൊരു കടന്ന വിലയിരുത്തലല്ലേ ?
യാഥാർത്ഥ്യ ബോധത്തോടെയാണ് ഞാൻ കാര്യങ്ങൾ പറയുന്നത്. ഇത് പുതിയ കാലമാണ്. പരമ്പരാഗത കോട്ടകൾഎല്ലാം, അതുപോലെ തുടരണമെന്നില്ല. പല അത്ഭുതങ്ങളും മുൻപ് സംഭവിച്ചിട്ടുള്ള ജില്ല കൂടിയാണ് മലപ്പുറം എന്നതും മറക്കരുത്.

അത് ശരിയാണ്, ടി കെ ഹംസയും കെടി ജലീലും, വി അബ്ദുറഹിമാനും എല്ലാം വിജയിച്ചത് ലീഗ് കോട്ടകൾ തകർത്ത് തന്നെയാണല്ലോ ? പക്ഷേ അതുപോലെയുള്ള ഒരു സാഹചര്യം ഇപ്പോഴും ഉണ്ടെന്ന് പറയാൻ സാധിക്കുമോ?
അന്നത്തെ കാലത്ത്, മലപ്പുറം പോലുള്ള ഒരു ജില്ലയിൽ പൊന്നാപുരംകോട്ടകൾ പൊളിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞെങ്കിൽ, പുതിയ കാലത്ത് അതിലും എളുപ്പത്തിൽ കഴിയുമെന്ന് കരുതുന്നയാളാണ് ഞാൻ.
ഇനി കാര്യത്തിലേക്ക് വരാം,
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, 30596 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച കുഞ്ഞാലിക്കുട്ടിയെ ലീഗ് നേതൃത്വം മലപ്പുറത്തേക്ക് മാറ്റിയത് തന്നെ. സബാഹ് ഉയർത്താനിടയുള്ള വെല്ലുവിളി ഭയന്നാണ് എന്ന ഒരു സംസാരം ലീഗുകാർക്കിടയിൽ പോലും ഉണ്ട്. പകരം കെ.എം ഷാജിയാണ് വേങ്ങരയിൽ ലാൻഡ് ചെയ്തിരിക്കുന്നത്. ലീഗിന് ഇറക്കാൻ പറ്റാവുന്നതിൽ ഏറ്റവും ശക്തനായ ക്രൗഡ് പുള്ളറാണ് കെഎം ഷാജി എന്നതിൽ തർക്കമില്ല. എന്നാൽ, വേങ്ങരയിലെ ജനങ്ങൾക്ക് സുപരിചിതനാണ് എന്നതും, കാരുണ്യ പ്രവർത്തനങ്ങളിലും മറ്റും സജീവമാണ് എന്നതും, സബാഹിന് അനുകൂലമായ ഘടകമാണ്. ഇതിൽ ഏത് ഘടകമാണ് വോട്ടർമാരെ സ്വാധീനിക്കുക എന്നത് വേങ്ങരയിലെ വിധിയെഴുത്തിൽ എന്തായാലും നിർണ്ണായകമാകും. വേങ്ങര കൈവിട്ടാൽ, അതിലപരം ഒരു തിരിച്ചടി ലീഗിന് എന്തായാലും കിട്ടാനുണ്ടാകില്ല.
അപ്പോൾ മങ്കടുടെ അവസ്ഥ എന്താണ് ? അവിടെ ഒരു അട്ടിമറിക്കുള്ള വല്ല സാധ്യതയും ഉണ്ടോ ?
മങ്കടയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ഒരു എക്സ്ക്ലൂസീവ് സ്ഥാനാർത്ഥിയാണ്. മുസ്ലീംലീഗിൻ്റെ മുൻ മണ്ഡലം പ്രസിഡൻ്റായ കുന്നത്ത് മുഹമ്മദാണ് ഇവിടെ ഇടതു സ്ഥാനാർത്ഥി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ഇ കെ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരാണ് ഈ ഇടതു സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകിയിരിക്കുന്നത് എന്നതും ശ്രമേയമാണ്.
സിറ്റിംഗ് എം.എൽ.എ ആയ മഞ്ഞളാം കുഴി അലി തന്നെയാണ് ഇത്തവണയും യു ഡിഎഫിനു വേണ്ടി വീണ്ടും മത്സരിക്കുന്നത്. കഴിഞ്ഞ തവണ 6,246 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് അലി വിജയിച്ചിരിക്കുന്നത്. ഇത്തവണ ആ വിജയം ആവർത്തിക്കേണ്ടതും ലീഗിനെ സംബന്ധിച്ച് അഭിമാന പ്രശ്നമായാണ് നിലവിൽ മാറിയിരിക്കുന്നത്. ലീഗിൻ നിന്നും വിട്ടുപോയ ഒരു നേതാവ് വിജയിക്കുക എന്നത്, ലീഗിന് ഒരിക്കലും സഹിക്കാൻ പറ്റുകയില്ല. പൊരിഞ്ഞ പോരാട്ടം തന്നെയാണ് മങ്കടയിലും ഇപ്പോൾ നടക്കുന്നത് എന്നു തന്നെ ഉറപ്പിച്ചു പറയാം.
അടുത്തതായി പെരുന്തൽമണ്ണയെടുക്കാം, എന്താണ് അവിടുത്തെ ഇപ്പോഴത്തെ അവസ്ഥ ?
പെരിന്തൽമണ്ണ മണ്ഡലം 2021 ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് കേവലം. 38 വോട്ടുകൾക്കാണ്. അതു കൊണ്ടു തന്നെ, ഇത്തവണ ഈ മണ്ഡലത്തിൽ നിന്നും വിജയിക്കാൻ കഴിയുമെന്നാണ് ഇടതു നേതാക്കൾ കരുതുന്നത്. സിറ്റിംങ് എം. എൽ. എ ആയ നജീബ് കാന്തപുരത്തെ നേരിടാൻ, വി.പി മുഹമ്മദ് ഹനീഫയെ ആണ് ഇടതുപക്ഷം പെരിന്തൽമണ്ണയിൽ കളത്തിലിറക്കിയിരിക്കുന്നത്. സി.പി.എമ്മിന് ശക്തമായ സംഘടനാ അടിത്തറയുള്ള ഒരു മണ്ഡലം കൂടിയാണ് പെരിന്തൽമണ്ണ. ആഞ്ഞ് പിടിച്ചാൽ, ഇടതുപക്ഷത്തിന് പ്രതീക്ഷക്ക് വകയുള്ള മണ്ഡലം തന്നെയാണ് പെരിന്തൽമണ്ണ.
താനൂർ, തിരൂർ മണ്ഡലങ്ങളിലെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ? മന്ത്രി അബ്ദുറഹിമാൻ്റെ മണ്ഡലമാറ്റം ആർക്കാണ് ഗുണം ചെയ്യുക ?
താനൂരിൽ നിന്നും തിരൂരിലേക്ക് മാറിയ വി അബ്ദുഹിമാൻ ഇത്തവണ തിരൂർ പിടിച്ചിരിക്കും എന്ന വാശിയിലാണ് മുന്നോട്ട് പോകുന്നത്.
7,214 വോട്ടുകളുടെ ഭൂരിപക്ഷമാണ് 2021-ൽ തിരൂരിൽ നിന്നും ലീഗ് സ്ഥാനാർത്ഥി നേടിയിരുന്നത്. ഈ ഭൂരിപക്ഷം എളുപ്പത്തിൽ മറികടക്കാൻ കഴിയുമെന്നതാണ്, അബ്‌ദുറഹ്മാൻ്റെയും ഇടതുപക്ഷത്തിൻ്റെയും കണക്ക് കൂട്ടൽ. സിറ്റിംഗ് എം.എൽ.എ ആയ കുറുക്കോളി മൊയ്തീൻ തന്നെയാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കുന്നത്.
ഇനി താനൂരിലെ കാര്യം പറയാം ,
ഇടതുസ്ഥാനാർത്ഥി മുഹമ്മദ് സമീറും യുഡിഎഫ് സ്ഥാനാർത്ഥിയായി പി.കെ നവാസും മത്സരിക്കുന്ന താനൂർ മണ്ഡലത്തിൽ നിന്നും , 2021-ലെ തിരഞ്ഞെടുപ്പിൽ 985 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഇടതു സ്ഥാനാർത്ഥിയായ അബ്ദുറഹിമാൻ വിജയിച്ചിരുന്നത്. ഈ കണക്കുകളിൽ പ്രതീക്ഷ അർപ്പിച്ചാണ് താനൂരിൽ യു ഡ എഫും സ്ഥാനാർത്ഥി മുന്നോട്ട് പോകുന്നത്. അവരും വലിയ വിജയ പ്രതീക്ഷയിലാണുള്ളത്. എന്നാൽ, സീറ്റ് നിലനിർത്താൻ മാത്രമല്ല, ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ കൂടിയാണ് ഇടതുപക്ഷം താനൂരിൽ ശ്രമിക്കുന്നത്. നാട്ടുകാരൻ എന്ന പ്രതിച്ഛായ ഗുണം ചെയ്യുമെന്നതാണ് സമീറിൻ്റെ പ്രതീക്ഷ.
ഇടതുപക്ഷത്തിൻ്റെ സിറ്റിംഗ് സീറ്റുകളായ തവനൂരിലെയും പൊന്നാനിയിലെയും നിലവിലെ അവസ്ഥയെ കുറിച്ച് കൂടി പറയൂ, അതും കൂടി അറിയണമല്ലോ ?
ഇടതുപക്ഷത്തിൻ്റെ സിറ്റിംണ്ട് സീറ്റികളായ തവനൂരിലും പൊന്നാനിയിലും ശക്തമായ മത്സരം നടക്കുന്നുണ്ടെങ്കിലും, ഈ മണ്ഡലങ്ങൾ നിലനിർത്താൻ കഴിയുമെന്നു തന്നെയാണ് ഇടതുപക്ഷ കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. തവനൂരിൽ കെടി ജലീലിന് എതിരെ ഡിസിസി പ്രസിഡൻ്റ് വി എസ് ജോയിയെ ആണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. 2021-ൽ കെ.ടി ജലീലിന് തവനൂരിൽ ലഭിച്ച ഭൂരിപക്ഷം 2564 ആണ്. അന്ന് ഭൂരിപക്ഷം കുറയാൻ കാരണം, മന്ത്രിയായിരിക്കെ ജലീലിന് എതിരെ ഉയർന്ന ആരോപണങ്ങൾ തന്നെ ആയിരുന്നു. അത് നമുക്കൊക്കെ അറിയാവുന്ന കാര്യവുമാണല്ലോ?
എന്നാൽ, ഈ ആരോപണങ്ങളിൽ ഒന്ന് പോലും തെളിയിക്കാൻ പറ്റാത്ത സാഹചര്യത്തിൽ, ക്ലീൻ ഇമേജുമായാണ് ഇത്തവണ കെടി ജലീൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അത് തീർച്ചയായും അദ്ദേഹത്തിന് ആത്മവിശ്വാസം നൽകുന്ന കാര്യം തന്നെയാണ്.
ഇടതുപക്ഷ കോട്ടയായ പൊന്നാനിയിൽ അഡ്വ. എം. കെ സക്കീറിനെയാണ് ഇടതുപക്ഷം സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. 17, 043 വോട്ടുകളുടെ ഭൂരിപക്ഷമാണ് കഴിഞ്ഞ തിരഞെടുപ്പിൽ ഇടതുപക്ഷം പൊന്നാനിയിൽ നിന്നും നേടിയിരുന്നത്. അദ്ദേഹത്തിന് എതിരെ യു ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത്, ചാനൽ മുഖം കൂടി ആയിട്ടുള്ള കെപി നൗഷാദലിയെ ആണ്. സി.പി.എമ്മിന് വലിയ അടിത്തറ ഉള്ള മണ്ഡലമായതിനാൽ, എന്തൊക്കെ അടിഒഴുക്കുകൾ ഉണ്ടായാലും പൊന്നാനി ഇടതുപക്ഷത്തെ കൈവിടില്ലന്നു തന്നെയാണ് ഞാനും കരുതുന്നത്.
മലപ്പുറത്തെ 16 നിയമസഭാ മണ്ഡലങ്ങളിൽ, ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളുടെ കാര്യം മാത്രമാണ് നമ്മൾ ഇവിടെ ചർച്ച ചെയ്തിരിക്കുന്നത്. മറ്റ് 9 മണ്ഡലങ്ങളിലും, സ്വാഭാവികമായും വലിയ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറംജില്ലയിൽ നിന്നും 15 ലക്ഷം വോട്ടുകൾ യു ഡി എഫ് നേടിയപ്പോൾ, പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിൽ പോലും, 10 ലക്ഷം വോട്ടുകളാണ് ഇടതുപക്ഷം നേടിയിരിക്കുന്നത്. ഈ ഘട്ടത്തിൽ ആ കണക്ക് കൂടി പറയാതിരിക്കാൻ കഴിയുകയില്ല.
ഇത്തവണയും , ലീഗിൻ്റെ ഉറച്ച കോട്ടകളെ പോലും വിറപ്പിക്കുന്ന തരത്തിലുള്ള പോരാട്ടം കാഴ്ചവയ്ക്കാൻ എന്തായാലും ഇടതുപക്ഷത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. അതാകട്ടെ, ഒരു യാഥാർത്ഥ്യവുമാണ്. ബാക്കി കാര്യങ്ങൾ ഇനി വോട്ടെണ്ണി കഴിഞ്ഞിട്ട് നമുക്ക് ചർച്ച ചെയ്യാം…
( എക്സ്പ്രസ്സ് കേരളയിലെ മാധ്യമ പ്രവർത്തകയായ ആഗ്ര കൃഷ്ണ സബ് എഡിറ്ററായ അഭിരാമിയുമായി നടത്തിയ അഭിമുഖം )
EXPRESS VIEW
വീഡിയോ കാണാം…..






