പശ്ചിമ ബംഗാളിൽ പ്രചരണ രംഗത്ത് മുന്നേറി ഇടതുപക്ഷം, ഇത്തവണ വലിയ മുന്നേറ്റത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ

പശ്ചിമ ബംഗാളിൽ പ്രചരണ രംഗത്ത് മുന്നേറി ഇടതുപക്ഷം, ഇത്തവണ വലിയ മുന്നേറ്റത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കാന്‍ പോകുന്നത് പശ്ചിമ ബംഗാളിലാണ്. 42 ലോക്‌സഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ആ സംസ്ഥാനത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളിലാണ് ബി.ജെ.പി അട്ടിമറി വിജയം നേടിയിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സിന് 22 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ്സിനു ലഭിച്ചിരുന്നത് രണ്ട് സീറ്റുകളാണ്.

ഒറ്റ സീറ്റില്‍ പോലും ജയിക്കാതെ തകര്‍ന്നടിഞ്ഞ ഇടതുപക്ഷം ഇത്തവണ പക്ഷേ വലിയ ഓളമാണ് ബംഗാളില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന് അനുകൂലമായി ബംഗാളിനെ പാകപ്പെടുത്താനുള്ള രാഷ്ട്രീയ ഉത്തരവാദിത്വം ഡി.വൈ.എഫ്.ഐ ഏറ്റെടുത്തത് ബംഗാളിന്റെ നിലവിലെ രാഷ്ട്രീയ അവസ്ഥയെയാണ് മാറ്റി മറിച്ചിരിക്കുന്നത്. അടുത്തയിടെ കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച റാലിയില്‍ പത്തുലക്ഷത്തില്‍ അധികം ആളുകളാണ് പങ്കെടുത്തിരുന്നത്. ഇത് തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും ബി.ജെ.പിയെയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു.

ഇതിനു പിന്നാലെ ഇപ്പോള്‍… ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും വലിയ ആള്‍ക്കൂട്ടം ദൃശ്യമായിരിക്കുകയാണ്. ഇതാകട്ടെ
റോഡ് ഷോകളിലും പൊതുയോഗങ്ങളിലും ദൃശ്യവുമാണ്. ഏഴു ഘട്ടമായാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ രണ്ടു ഘട്ടത്തിലായി ഉത്തര ബംഗാളിലെ ആറു മണ്ഡലത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇടതുപക്ഷം വലിയ ആത്മവിശ്വാസത്തിലാണ്. ചിട്ടയായ പ്രവര്‍ത്തനമാണ് എല്ലായിടത്തും നടന്നത്. ഇടതുമുന്നണിയുടെ റോഡ് ഷോകളിലും പൊതുയോഗങ്ങളിലും വന്‍ ജനസാന്നിധ്യമുണ്ടായത് രാഷ്ട്രീയ നിരീക്ഷകരെയും ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഇനി 36 മണ്ഡലത്തില്‍ മെയ് ഏഴു മുതല്‍ ജൂണ്‍ ഒന്നുവരെ നീണ്ടുനില്‍ക്കുന്ന അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിനിടെ ബംഗാള്‍ ഗവര്‍ണ്ണര്‍ക്കെതിരെ ഒരു യുവതി ഉന്നയിച്ച പരാതിയും വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. മമത സര്‍ക്കാറിന്റെ പകപോക്കല്‍ നടപടിയുടെ ഭാഗമായാണ് ഈ പരാതിയെ ബി.ജെ.പി നേതൃത്വം കാണുന്നത്. പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച മമത സര്‍ക്കാറിന്റെ നടപടിയെ രാഷ്ട്രിയ മുതലെടുപ്പായും ബി.ജെ.പി വിമര്‍ശിക്കുന്നുണ്ട്.

അതേസമയം നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകള്‍ ഉള്‍പ്പെടെ തിരികെ പിടിക്കാനുള്ള പ്രവര്‍ത്തനമാണ് ഇടതുപക്ഷം നടത്തുന്നത്. സി. പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മൂഖര്‍ജിയുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത്. ബി.ജെ.പിയുടെ ആദ്യ മന്ത്രിസഭയില്‍ അംഗമായ മമത ബാനര്‍ജിയുടെ തൃണമൂല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബി.ജെ.പി മുന്നണിയിലേക്ക് പോകുമെന്നാണ് സി.പി.എം നേതാക്കള്‍ ആരോപിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് തന്നെ ആദ്യമായി ശക്തമായി പ്രതികരിച്ച സംസ്ഥാനം ഇടതുപക്ഷം ഭരിക്കുന്ന കേരളമാണെന്നും ബംഗാളിലെ സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്. പൗരത്വ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയ ശേഷം മാത്രമാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരു പോലും സമാന നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നത്. മാത്രമല്ല പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഏറ്റവും അധികം ജനങ്ങള്‍ അണിനിരന്ന പ്രക്ഷോഭം നടത്തിയതും ഇടതുപക്ഷമാണ്. കേരളത്തില്‍ നടന്ന മനുഷ്യ ശ്യംഖലയില്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തിരുന്നത്. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം പ്രചരണം നടത്തുന്നത്. മോദി സര്‍ക്കാറിനെതിരെ എന്ത് സമരമാണ് മമത നടത്തിയതെന്ന ചോദ്യവും സി.പി.എം ഉയര്‍ത്തുന്നുണ്ട്. ഡല്‍ഹിയിലും ബംഗാളിലും ഉള്‍പ്പെടെ ഇടതു സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഓരോ ചോദ്യങ്ങളും ഇടതുപക്ഷ നേതാക്കള്‍ ചോദിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെതിരായ പ്രതിഷേധത്തേക്കാള്‍ മമത സര്‍ക്കാറിനോടുള്ള പ്രതിഷേധമാണ് തിരഞ്ഞെടുപ്പില്‍ പ്രകടമാക്കപ്പെടുക എന്നതാണ് അവരുടെ കണക്കു കൂട്ടല്‍.

പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ 30 ഇടത്താണ് ഇടതുപക്ഷം ഇത്തവണ മത്സരിക്കുന്നത്. ഇതില്‍ സി.പി.എം മാത്രം 23 സീറ്റുകളിലാണ് മത്സരിക്കുന്നത്. ആര്‍എസ്പി മൂന്ന് സീറ്റിലും സിപിഐയും ഫോര്‍വേഡ് ബ്ലോക്കും രണ്ടുവീതം സീറ്റുകളിലുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസുമായി 12 ഇടത്താണ് ഇടതുപക്ഷത്തിന് സീറ്റ് ധാരണയുള്ളത്. തൃണമൂലിന്റെയും ബി.ജെ.പിയുടെയും പരാജയം ഉറപ്പു വരുത്താനാണ് ഇത്തരമൊരു ധാരണ അവരിപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. നിലവിലെ സിപിഎം സ്ഥാനാര്‍ഥികളില്‍ 15 പേരും പുതുമുഖങ്ങളാണ്. അഞ്ച് സീറ്റുകള്‍ വനിതകള്‍ക്കായും സി.പി.എം വിട്ടു നല്‍കിയിട്ടുണ്ട്. ഈ സ്ഥാനാര്‍ഥികളില്‍ 11 പേരും 35 വയസ്സിന് താഴെയുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്. രാജ്യത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഏക സംസ്ഥാനം കൂടിയാണ് ബംഗാള്‍…

EXPRESS KERALA VIEW

Top