രാഹുൽ മാങ്കൂട്ടത്തിൽ കേസ് പിടിവള്ളിയാക്കി ഇടതുപക്ഷം, തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ‘അജണ്ട’മാറ്റിയ വിവാദം

രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായികരിച്ച് കോൺഗ്രസ്സ് മുഖപത്രം തന്നെ മുഖ പ്രസംഗം എഴുതിയത്, പാർട്ടിയിലെ രാഹുൽ വിരുദ്ധർക്കുള്ള കൃത്യമായ മുന്നറിയിപ്പും, അണികൾക്കുള്ള സന്ദേശവുമാണ്

രാഹുൽ മാങ്കൂട്ടത്തിൽ കേസ് പിടിവള്ളിയാക്കി ഇടതുപക്ഷം, തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ‘അജണ്ട’മാറ്റിയ വിവാദം
രാഹുൽ മാങ്കൂട്ടത്തിൽ കേസ് പിടിവള്ളിയാക്കി ഇടതുപക്ഷം, തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ‘അജണ്ട’മാറ്റിയ വിവാദം

സ്ത്രീ പീഡന കേസിൽ, പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നൽകിയാലും ഇല്ലെങ്കിലും ഒരു കാര്യം എന്തായാലും ഉറപ്പാണ്. അത്, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാങ്കൂട്ടത്തിലിന് കോൺഗ്രസ്സ് സീറ്റ് നൽകില്ല എന്നതു തന്നെയാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയുമാണ് ഉറച്ച് നിൽക്കുന്നത്. അങ്ങനെ രാഹുലിന് സീറ്റ് നിഷേധിച്ചാലും, നൽകിയാലും, ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും ഒരു പരമ്പര തന്നെ കോൺഗ്രസ്സിലുണ്ടാകുമെന്നതും വ്യക്തമാണ്. രാഹുൽ മാങ്കൂട്ടത്തിലിന് പകരം വി.ടി ബൽറാമിനെ പാലക്കാട് മത്സരിപ്പിക്കണമെന്ന ആവശ്യവും ആ പാർട്ടിയിൽ ശക്തമാണ്.

എന്നാൽ, സസ്പെൻഷൻ ഒരു നടപടി അല്ലന്നു പറഞ്ഞാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവർ രംഗത്തുള്ളത്. രാഹുലിന് സീറ്റ് നിഷേധിച്ചാൽ, സ്ത്രീ പീഡന കേസിൽപ്പെട്ട എം വിൻസൻ്റ് , എൽദോസ് കുന്നപ്പള്ളി എന്നീ എം.എൽ.എമാർക്കും സീറ്റുകൾ നൽകരുത് എന്നതാണ് ഈ വിഭാഗത്തിൻ്റെ വാദം. മാത്രമല്ല, രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ രംഗത്ത് വന്ന കാസർഗോഡ് എം.പി രാജ് മോഹൻ ഉണ്ണിത്താന് ഇനി സീറ്റ് നൽകാൻ അനുവദിക്കില്ലന്ന മുന്നറിയിപ്പും മാങ്കൂട്ടത്തിലിൻ്റെ അനുയായികൾ നൽകുന്നുണ്ട്, മലപ്പുറത്തു വച്ച് മുൻപ് ആൾക്കൂട്ടം ഒരു സ്ത്രീക്ക് ഒപ്പം രാജ് മോഹൻ ഉണ്ണിത്താനെ തടഞ്ഞ് വച്ച കഥ പുറത്തിട്ടാണ്, ഉണ്ണിത്താന് എതിരെ സൈബർ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ഇവർക്ക് ആർക്കും ബാധകമല്ലാത്ത പാർട്ടി അച്ചടക്കം മാങ്കൂട്ടത്തിലിന് എതിരെ പ്രയോഗിച്ചാൽ, കൂടുതൽ നേതാക്കളുടെ തനിനിറം പൊതു സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടുമെന്ന ഭീഷണിയും നിലവിലുണ്ട്. പാർട്ടി കോൺഗ്രസ്സ് ആയതിനാൽ, മഞ്ഞുമലയുടെ ഒരറ്റം ഉരുകിയാൽ തന്നെ പലതും പുറത്ത് വരാനാണ് സാധ്യത.

കോൺഗ്രസ്സിലെ ഈ സംഭവ വികാസങ്ങൾ, ഇടതുപക്ഷത്തെ സംബന്ധിച്ച് ഇപ്പോൾ വലിയ ലോട്ടറിയാണ്. ശബരിമല വിഷയമുൾപ്പെടെ എടുത്തിട്ട് ഇടതുപക്ഷത്തിന് എതിരെ യു.ഡി.എഫും ബി.ജെ.പിയും കടന്നാക്രമണം നടത്തുന്ന ഘട്ടത്തിൽ തന്നെ, ഒരു കോൺഗ്രസ്സ് എം.എൽ.എ സ്ത്രീ പീഡന കേസിൽ പെട്ടത്, തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ അജണ്ടയെ തന്നെയാണ് മാറ്റി മറിച്ചിരിക്കുന്നത്.

Also Read: ജേണലിസ്റ്റായ യുവതി ഇത്ര വൈകിച്ചത് എന്തുകൊണ്ട്? മാങ്കൂട്ടത്തിലിന് എതിരായ കേസ് തിരിച്ചടിച്ചാൽ ഇടതിന് ‘പണിയാകും’

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മാത്രമല്ല, യു.ഡി.എഫിൻ്റെ ആകെ ഇമേജ് തകർന്ന അവസ്ഥയിലാണ് കാര്യങ്ങൾ ഇപ്പോഴുള്ളത്. വാദി ഭാഗത്തിൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദങ്ങൾ എന്തൊക്കെ ആയാലും, ഒരു ജനപ്രതിനിധി പുലർത്തേണ്ട നൈതികത രാഹുൽ മാങ്കൂട്ടത്തിൽ പുലർത്തിയിട്ടില്ല എന്നത് , കേരളീയ സമൂഹത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. വിവാഹിത ആയാലും അല്ലങ്കിലും മറ്റൊരു സ്ത്രീയുമായി രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള ഒരു യുവ നേതാവ് വഴിവിട്ട ബന്ധം സ്ഥാപിച്ചത് തെറ്റായി പോയി എന്നതു തന്നെയാണ്, പൊതുവികാരം.

അവിവാഹിതനായ രാഹുലിന് എതിരെ, ഇങ്ങനെ വിവാഹം കഴിച്ചവരും അല്ലാത്തവരുമായ നിരവധി സ്ത്രീകൾ രംഗത്ത് വരുന്നത് ഗൗരവമായി കാണണമെന്ന വികാരം, യു.ഡി.എഫ് ഘടക കക്ഷികൾക്കുമുണ്ട്. അവരത് കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം. ഈ വികാരം കൂടി മനസ്സിലാക്കിയാണ് രാജ് മോഹൻ ഉണ്ണിത്താൻ രാഹുലിന് എതിരെ ആഞ്ഞടിച്ചിരുന്നത്. എന്നാൽ, അതിപ്പോൾ ഉണ്ണിത്താന് തന്നെ വിനയായിരിക്കുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായികരിച്ച് കോൺഗ്രസ്സ് മുഖപത്രം തന്നെ മുഖ പ്രസംഗം എഴുതിയത്, പാർട്ടിയിലെ രാഹുൽ വിരുദ്ധർക്കുള്ള കൃത്യമായ മുന്നറിയിപ്പും, അണികൾക്കുള്ള സന്ദേശവുമാണ്.

‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലൂടെയാണ്, രാഹുൽ മാങ്കൂട്ടത്തിൽ സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്ന് മുഖപത്രം തുറന്നടിക്കുന്നത്.

Also Read: ബിജെപി ‘തൂക്കുമോ’ തൃശൂർ, അതോ യുഡിഎഫ് നേടുമോ?

രാഹുലിനെതിരെ ഉയർന്നിട്ടുള്ളത് വ്യാജമായ ലൈംഗികാരോപണമാണെന്നും, സിപിഐഎം ‘കഴുത്തോളം മാലിന്യത്തിൽ’ മുങ്ങി നിൽക്കുമ്പോഴും കോൺഗ്രസിനെതിരെ സദാചാര പ്രസംഗം നടത്തുന്നുവെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഐഎമ്മിൽ നിന്ന് ഉണ്ടാകുന്നത് ‘അതിസാരവും ഛർദിയും’ ആണെന്നും, തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടിയുള്ള ഇത്തരം തന്ത്രങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും വീക്ഷണം ഓർമ്മിപ്പിക്കുന്നു.1996-ലെ സൂര്യനെല്ലി കേസും 2006-ലെയും 2011-ലെയും ഐസ്ക്രീം പാർലർ കേസും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോഴും സിപിഐഎം മാലിന്യം വമിക്കുന്ന വ്യാജ കഥകളുണ്ടാക്കുന്നു. ജനപ്രിയനായ ഒരു നേതാവിനെതിരെയുള്ള രാഷ്ട്രീയ ആരോപണം മാത്രമാണിതെന്നും എഡിറ്റോറിയൽ വിമർശിക്കുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത കുറ്റമെന്നും കോൺഗ്രസ് പത്രം വാദിക്കുന്നു. കോൺഗ്രസ് നേതാക്കൾ തള്ളിപ്പറയുമ്പോഴും രാഹുൽ മാങ്കൂട്ടത്തിലിന് മുഖപത്രം ശക്തമായ പിന്തുണയാണ് നൽകുന്നത് .

ഇത്രയും ശക്തമായ ന്യായീകരണങ്ങൾ നിരത്തി പിന്തുണ കോൺഗ്രസ്സ് മുഖപത്രം രാഹുലിന് നൽകിയത് കോൺഗ്രസ്സിലെ രാഹുൽ വിരുദ്ധരെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതം തന്നെയാണ്. ഇതോടെ, രാഹുൽ വിഷയത്തിൽ കോൺഗ്രസ്സിലുണ്ടായ രണ്ടഭിപ്രായം മറ്റൊരു തലത്തിലേക്കാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. അതൊരു പൊട്ടിത്തെറിയിൽ എത്തിയാലും ഇനി അത്ഭുതപ്പെടേണ്ടതില്ല.

കോൺഗ്രസ്സിലെ ഈ സംഭവ വികാസങ്ങൾ, പരമാവധി പ്രചരണ വിഷയമാക്കി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് ഇടതുപക്ഷം ഇപ്പോൾ ശ്രമിക്കുന്നത്. അക്കാര്യത്തിൽ അവർ ഇതിനകം തന്നെ ഏറെ മുന്നോട്ട് പോയിട്ടുമുണ്ട്. പത്ത് വർഷത്തോളം ഇടതുപക്ഷം തുടർച്ചയായി ഭരിച്ചിട്ടും, ഭരണ വിരുദ്ധ വികാരം തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും പ്രകടമായില്ലങ്കിൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നണിയിൽ നിൽക്കണമോ എന്ന കാര്യത്തിൽ, മുസ്ലിംലീഗിനും തീരുമാനമെടുക്കേണ്ടതായി വരും. ഇനിയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരിക എന്നത് , ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ലീഗ് നേതൃത്വം ഇപ്പോഴുള്ളത്. അതാകട്ടെ, ഒരു യാഥാർത്ഥ്യവുമാണ്.

EXPRESS VIEW

വീഡിയോ കാണാം…

Share Email
Top