തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയും സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, മുന്നണിയിൽ പ്രശ്നങ്ങളില്ലെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ വ്യക്തമാക്കി. മുന്നണി രാഷ്ട്രീയത്തില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നാണ് ഇപിയുടെ പ്രതികരണം. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്ത് പരസ്പരം ബോധ്യപ്പെട്ട് പരിഹരിച്ചുകൊണ്ട് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ പ്രശ്നങ്ങളും ഇരുന്ന് ചർച്ച ചെയ്ത് പരസ്പരം ബോധ്യപ്പെട്ട് പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോകും. ഒന്നും അന്തിമമായ കാര്യങ്ങളല്ല. എല്ലാ വിഷയങ്ങളും മുന്നണി എന്ന നിലയിൽ ചർച്ച ചെയ്യുകയും തീരുമാനം എടുക്കുകയും പരിഹരിക്കുകയും ചെയ്യും. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ വരുമ്പോൾ കൂടിയാലോചിക്കുന്നതാണ് മുന്നണി രാഷ്ട്രീയത്തിലെ രീതി. എല്ലാ സംസ്ഥാനങ്ങളിലും ഒട്ടനവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിഎംശ്രീ പദ്ധതിതന്നെ കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാം സംസ്ഥാനങ്ങളിലും നടപ്പിലാക്കിക്കഴിഞ്ഞു. ചില സംസ്ഥാനങ്ങളില്‍ അവരോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതെല്ലാം അതാത് സര്‍ക്കാരുകള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന വിഷയങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലിപ്പോള്‍ ഭരിക്കുന്നത് ബിജെപി സര്‍ക്കാരാണ്. ബിജെപിയെ നയിക്കുന്നത് ആര്‍എസ്എസാണ്. ആര്‍എസ്എസ് അവരുടെ രാഷ്ട്രീയ നയം നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനൊക്കെ എതിരായി പോരാടിക്കൊണ്ടാണ് ഇടതുപക്ഷവും മതേതര ജനാധിപത്യ ശക്തികളും എല്ലാം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം എന്നും ജനകീയ താത്പര്യങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും ഇപി കൂട്ടിച്ചേര്‍ത്തു.






