തദ്ദേശത്തില്‍ മൂന്ന് ടേം നിബന്ധനയുമായി ലീഗ്, നേതാക്കള്‍ക്ക് മാത്രം തോന്നിയപോലെ

സാധാരണ പ്രവർത്തകരും പ്രാദേശിക നേതാക്കളും മത്സരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം നിബന്ധന കർശനമാക്കിയ ലീഗ് നിയമസഭയിലും ലോക്‌സഭയിലും രാജ്യസഭയിലും ഈ നിബന്ധന മുന്നോട്ടുവെക്കുന്നുമില്ല

തദ്ദേശത്തില്‍ മൂന്ന് ടേം നിബന്ധനയുമായി ലീഗ്, നേതാക്കള്‍ക്ക് മാത്രം തോന്നിയപോലെ
തദ്ദേശത്തില്‍ മൂന്ന് ടേം നിബന്ധനയുമായി ലീഗ്, നേതാക്കള്‍ക്ക് മാത്രം തോന്നിയപോലെ

ദ്ദേശ തെരഞ്ഞെടുപ്പിൽ ഒരാൾക്ക് പരമാവധി മൂന്ന് ടേം നിബന്ധന തുടരാൻ തീരുമാനിച്ചിരിക്കുകയാണ് മുസ്ലീം ലീഗ്. എന്നാൽ നിയമസഭയിലും പാർലമെന്റിലും നേതാക്കൾക്ക് ഇളവ് നൽകിയുള്ള ഇരട്ടത്താപ്പ് ലീഗ് തുടരുകയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിൽ മൂന്ന് ടേം അംഗങ്ങളായവർ വീണ്ടും മത്സരിക്കേണ്ടെന്ന് 2020തിലാണ് ലീഗ് തീരുമാനിച്ചിരുന്നത്. 30 ശതമാനം സീറ്റെങ്കിലും യുവാക്കൾക്ക് നൽകാനായിരുന്നു ഈ തീരുമാനം. സാധാരണ പ്രവർത്തകരും പ്രാദേശിക നേതാക്കളും മത്സരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം നിബന്ധന കർശനമാക്കിയ ലീഗ് നിയമസഭയിലും ലോക്‌സഭയിലും രാജ്യസഭയിലും ഈ നിബന്ധന മുന്നോട്ടുവെക്കുന്നുമില്ല. താപ്പാനകളായ നേതാക്കളെ മാറ്റാതെ താഴെ തട്ടിൽ ടേം നിബന്ധന ശക്തമാക്കുന്നത് അണികൾക്കിടയിൽ പ്രതിഷേധമായി പുകയുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് മൂന്ന് ടേം നിബന്ധന നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ടേം നിബന്ധനയിൽ വെട്ടിനിരത്തിയപ്പോൾ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, കെ.പി.എ മജീദ് എന്നിവർ ഇളവ് നേടി. മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, അഡ്വ. കെ.എൻ.എ ഖാദർ, അഡ്വ.എം. ഉമ്മർ അടക്കമുള്ള എം.എൽ.മാരെയാണ് മാറ്റി നിർത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ അവഗണിക്കപ്പെട്ട യൂത്ത് ലീഗിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവസരം നൽകുമെന്നാണ് ലീഗ് നേതൃത്വം വാക്ക് നൽകിയിരുന്നത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ മുതിർന്ന നേതാക്കളായ ഇ.ടി മുഹമ്മദ്ബഷീറും എം.പി അബ്ദുസമദ് സമദാനിയും സീറ്റു നേടി.

രാജ്യസഭയിൽ നോക്കാമെന്ന വാഗ്ദാനവും പാഴ്‌വാക്കായി. പി.വി അബ്ദുൽവഹാബിന് തന്നെ ലീ​ഗ് വീണ്ടും രാജ്യസഭാ ടിക്കറ്റ് നൽകുകയായിരുന്നു. രണ്ടാമത്തെ ഒഴിവിലാവട്ടെ ഡൽഹിയിലെ അഭിഭാഷകനും കെ.എം.സി.സി നേതാവുമായ ഹാരിസ് ബീരാനും രാജ്യസഭയിലെത്തി. ലീഗിന് വേണ്ടി തെരുവിൽ സമരം ചെയ്ത യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കൾ തുടർച്ചയായി അവഗണിക്കപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പലരും കുത്തകയായി വെക്കാറാണ് സാധാരണ പതിവ്. ചിലയിടത്ത് ഭർത്താവും ഭാര്യയും സഹോദരങ്ങളും വരെ പഞ്ചായത്തംഗങ്ങളാകും. മുസ്ലീം ലീഗിൽ തലമുറമാറ്റത്തിനായി മൂന്നു ടേം നിബന്ധന കൊണ്ടുവന്ന സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പക്ഷേ കുഞ്ഞാലിക്കുട്ടിയും മുനീറും വഹാബും ഇടി മുഹമ്മദ് ബഷീറും അടങ്ങുന്ന നേതാക്കളുടെ കാര്യത്തിൽ മൗനം പാലിക്കുകയാണ് ചെയ്തത്.

Also Read: കോണ്‍ഗ്രസില്‍ കൂട്ടരാജി; കായംകുളത്ത് ആറ് വാര്‍ഡ് പ്രസിഡന്റുമാര്‍ രാജിവെച്ചു

യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കൾക്കാവട്ടെ നേതൃത്വത്തിനെ തിരുത്താനുള്ള ആർജ്ജവവുമില്ല താനും. മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് കേന്ദ്ര മന്ത്രി പദവി സ്വപ്‌നം കണ്ട് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ സ്ഥാനം രാജിവെച്ച് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ഡൽഹിയിലേക്ക് പോയിരുന്നു. കേന്ദ്രത്തിൽ യു.പി.എക്ക് ഭരണം നഷ്ടപ്പെട്ടതോടെ വീണ്ടും വേങ്ങരയിൽ മത്സരിച്ച് നിയമസഭയിലേക്ക് പോയി. കുഞ്ഞാലിക്കുട്ടിയുടെയും കാര്യത്തിൽ ലീഗിന്റെ ഒരു ടേം നിബന്ധനയും നടപ്പാകില്ല. മികച്ച പാർലമെന്റേറിയനായ ബനാത്ത്‌വാലയെ തഴഞ്ഞാണ് മുസ്ലീം ലീഗ് നേതൃത്വ നിരയിലില്ലാതിരുന്ന പ്രവാസി വ്യവസായിയായിരുന്ന പി.വി അബ്ദുൽവഹാബിന് 2004ൽ രാജ്യസഭാ എം.പി സ്ഥാനം നൽകിയത്.

പണക്കാർക്ക് മുന്നിൽ ലീഗ് രാജ്യസഭാ എം.പി സ്ഥാനം അടിയറവെക്കുകയാണെന്ന ആരോപണം അന്ന് ശക്തമായിരുന്നു. എന്നാൽ 2015ലും അതിനു ശേഷം 2021ലും വഹാബിനെ തന്നെ ലീഗ് രാജ്യസഭയിലേക്കയച്ചു. പാർട്ടി പ്രവർത്തനപരിചയമോ സംഘടനാ മികവോ അല്ല ലീഗിൽ പ്രധാനമെന്ന് തെളിയിച്ച് അഡ്വ. ഹാരിസ് ബീരാനെയും രാജ്യസഭയിലേക്കയക്കുകയായിരുന്നു മുസ്ലീം ലീഗ്. അണികൾക്ക് ടേം നിബന്ധനയും നേതാക്കൾക്ക് തോന്നിയപോലെയുമെന്ന നിബന്ധനകളാണിപ്പോൾ മുസ്ലീം ലീഗിനെ കേരള രാഷ്ട്രീയത്തിൽ പരിഹാസ്യമാക്കുന്നത്.

EXPRESS VIEW

Share Email
Top