കോൺഗ്രസ്സ് ഭിന്നതയിൽ അടിപതറി ലീഗ്, മൂന്നാം വട്ടവും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന് ഭയം

കോണ്‍ഗ്രസ്സിലെ ഈ സംഭവ വികാസങ്ങള്‍ മുസ്ലീം ലീഗിനെയാണ് ഏറ്റവും അധികം ഭയപ്പെടുത്തുന്നത്. കോണ്‍ഗ്രസ്സിലെ ഈ തമ്മിലടിയില്‍ തട്ടി ലഭിക്കാവുന്ന ഭരണം പോലും നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ലീഗ് നേതൃത്വമുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തിനായി ഇപ്പോഴേ കോണ്‍ഗ്രസ്സില്‍ തമ്മിലടി തുടങ്ങിയത് പൊതുസമൂഹത്തിനിടയില്‍ വളരെ മോശമായ ഒരു പ്രതിച്ഛായ സൃഷ്ടിക്കാന്‍ കാരണമായതായാണ് ലീഗ് വിലയിരുത്തല്‍.

കോൺഗ്രസ്സ് ഭിന്നതയിൽ അടിപതറി ലീഗ്, മൂന്നാം വട്ടവും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന് ഭയം
കോൺഗ്രസ്സ് ഭിന്നതയിൽ അടിപതറി ലീഗ്, മൂന്നാം വട്ടവും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന് ഭയം

കോണ്‍ഗ്രസ്സ് ഇപ്പോള്‍, പുകയുന്ന ഒരു ബോംബാണ്. ഏത് നിമിഷവും അത് പൊട്ടിത്തെറിക്കും. ആ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ ഇപ്പോള്‍ പോകുന്നത്. മുഖ്യമന്ത്രി പദ മോഹവുമായി രമേശ് ചെന്നിത്തലയും വി.ഡി സതീശനും കെ.സി വേണുഗോപാലും നടത്തുന്ന നീക്കങ്ങളാണ് കോണ്‍ഗ്രസ്സില്‍ സ്‌ഫോടനാത്മകമായ അന്തരീക്ഷത്തിന് കാരണമായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നേകാല്‍ വര്‍ഷം മാത്രം ബാക്കി നില്‍ക്കെ, എങ്ങനെയും അധികാരത്തില്‍ വരാനല്ല മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാനാണ് തരം താണ രാഷ്ട്രീയക്കളികള്‍ ഈ നേതാക്കള്‍ കളിക്കുന്നത്.

കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയില്‍ ഉണ്ടായ ഭിന്നത ഇപ്പോള്‍ എം.എല്‍.എമാരിലേക്കും മറ്റ് നേതാക്കളിലേക്കും പടര്‍ന്നിരിക്കുകയാണ്. വി.ഡി സതീശനെതിരെ രാഷ്ട്രീയകാര്യ സമിതിയില്‍ എ.പി അനില്‍കുമാര്‍ തുറന്നടിച്ചത് കെ.സി വേണുഗോപാലിന്റെ ഒറ്റ പിന്തുണയിലാണ്. ശൂരനാട് രാജശേഖരന്‍, സതീശനെതിരെ രംഗത്ത് വന്നതാകട്ടെ രമേശ് ചെന്നിത്തലയുടെ ആശീര്‍വാദത്തോടെയാണ്. വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ ഈ രണ്ട് വിഭാഗങ്ങള്‍ക്കും കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പിന്തുണയുമുണ്ട്. നിയമസഭാ തിരഞ്ഞടുപ്പ് വരെ എങ്ങനെയും പ്രസിഡന്റ് സ്ഥാനത്ത് തുടരുക എന്നതാണ് കെ.സുധാകരന്റെ ലക്ഷ്യം. അതിന് മുമ്പ് അദ്ദേഹത്തെ മാറ്റുക എന്നത് സതീശന്റെയും തന്ത്രമാണ്.

VD Satheesan and Ramesh Chennithala

അടുത്തയിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താനായതും യു.ഡി.എഫിന്റെ വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതും സതീശന്റെ മിടുക്കായി ഹൈക്കമാന്‍ഡ് വിലയിരുത്തുമോ എന്ന ഭയമാണ് ചെന്നിത്തല വിഭാഗത്തിനുള്ളത്. പഴയ ഐ ഗ്രൂപ്പിനെ ഒപ്പം നിര്‍ത്തി സതീശനെ തളയ്ക്കാന്‍ ചെന്നിത്തല വിഭാഗം ശ്രമിക്കുമ്പോള്‍ എ വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ സതീശനും ഊര്‍ജിതമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്സ് ദേശീയ നേതാക്കളായ ശശി തരൂരും കൊടിക്കുന്നില്‍ സുരേഷുമാണ് മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന മറ്റു രണ്ടുപേര്‍. ഇവര്‍ ഇരുവരും അവരുടേതായ രൂപത്തിലുള്ള ഒരവസരത്തിനായാണ് കാത്തിരിക്കുന്നത്.

Also Read: ബൈഡന്റെ നയങ്ങളെല്ലാം പൊളിച്ചെഴുതി ട്രംപ്, ഹൂതി വിമതർ വീണ്ടും ഭീകരസംഘടന

അതേസമയം, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ചെന്നിത്തല – സതീശന്‍ വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ഒത്തു തീര്‍പ്പ് ഫോര്‍മുല എന്ന നിലയില്‍ കേരളത്തില്‍ ലാന്‍ഡ് ചെയ്യാനാണ് പദ്ധതി തയ്യാറാക്കുന്നത്. യു.ഡി.എഫിന് ഭരണം കിട്ടുന്ന സാഹചര്യം ഉണ്ടായാല്‍ മുന്‍പ് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് എ.കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതു പോലെ, എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് മുഖ്യമന്ത്രിയാകുക എന്നതാണ് കെ.സിയുടെ തന്ത്രം. ഈ ഇടപെടലുകള്‍ എല്ലാം കോണ്‍ഗ്രസ്സിലെ ചേരി പോരുകള്‍ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. നേതാക്കള്‍ തമ്മിലുള്ള ഐക്യം എന്തായാലും ഇല്ലാതായി കഴിഞ്ഞു.

k c venugopal

കോണ്‍ഗ്രസ്സിലെ ഈ സംഭവ വികാസങ്ങള്‍ മുസ്ലീം ലീഗിനെയാണ് ഏറ്റവും അധികം ഭയപ്പെടുത്തുന്നത്. കോണ്‍ഗ്രസ്സിലെ ഈ തമ്മിലടിയില്‍ തട്ടി ലഭിക്കാവുന്ന ഭരണം പോലും നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ലീഗ് നേതൃത്വമുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തിനായി ഇപ്പോഴേ കോണ്‍ഗ്രസ്സില്‍ തമ്മിലടി തുടങ്ങിയത് പൊതുസമൂഹത്തിനിടയില്‍ വളരെ മോശമായ ഒരു പ്രതിച്ഛായ സൃഷ്ടിക്കാന്‍ കാരണമായതായാണ് ലീഗ് വിലയിരുത്തല്‍. 2026-ലും ഭരണം ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്സില്‍ മാത്രമല്ല ലീഗിലും അത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന തിരിച്ചറിവും ലീഗ് നേതൃത്വത്തിനുണ്ട്.

ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് സി.പി.എമ്മിന്റെ കണ്ണിലെ കരടായി മാറിയ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ് കോണ്‍ഗ്രസ്സിലെ പൊട്ടിത്തെറിയില്‍ ഏറെ ആശങ്കപ്പെടുന്നത്. ഇനി ഒരു അഞ്ച് വര്‍ഷം കൂടി പുറത്തിരിക്കുക എന്നത് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ക്ക് മാത്രമല്ല പാണക്കാട് തങ്ങള്‍മാര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റുകയില്ല. ഇക്കാര്യം സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ പലവട്ടം പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്.

Sayyid Sadiq Ali Shihab Thangal

ഭരണവിരുദ്ധ വികാരം യു.ഡി.എഫിനെ അധികാരത്തില്‍ ഏറ്റുമെന്ന ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും പ്രതീക്ഷകള്‍ക്ക് അടുത്തയിടെ നടന്ന ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും തിരിച്ചടിയാണ്. കടുത്ത ഭരണ വിരുദ്ധ വികാരമുണ്ടായിട്ടും ഈ രണ്ട് സംസ്ഥാനങ്ങളിലും തുടര്‍ ഭരണം ബി.ജെ.പിക്ക് സാധ്യമായിരുന്നു. ഈ ചരിത്രം കേരളത്തിലും ആവര്‍ത്തിച്ചാല്‍ ഇടതുപക്ഷത്തിന് മൂന്നാം ഊഴം സാധ്യമാകും. പുകയുന്ന കോണ്‍ഗ്രസ്സ് മാത്രമല്ല ലീഗും അതോടെ പൊട്ടിത്തെറിക്കും.

Also Read: ഭീഷണിയിലൂടെ റഷ്യയെ വരുതിയിലാക്കാൻ ട്രംപിന്റെ കുതന്ത്രം

നിലമ്പൂരിലെ നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പുമാണ് 2026-ലെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കാനുള്ളത്. ഇതില്‍, പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ നിലമ്പൂരില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയമായി അത് യു.ഡി.എഫിന്റെ ആത്മവിശ്വാസത്തെ വല്ലാതെ ബാധിക്കും. പി.വി അന്‍വര്‍ രാജിവച്ച ഒഴിവില്‍ നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ അന്‍വറിന്റെ കൂടി പിന്തുണ ലഭിക്കുന്ന സാഹചര്യത്തില്‍ യു.ഡി.എഫിന് നിലമ്പൂര്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഏത് മണ്ഡലം ഇടതുപക്ഷത്ത് നിന്നും പിടിച്ചെടുക്കാന്‍ കഴിയുമെന്ന ചോദ്യം ഉയരും. വി.ഡി സതീശന്‍ മുന്നോട്ട് വെച്ച വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ ലിസ്റ്റ് തന്നെ അതോടെ അപ്രസക്തമാകും.

P V Anvar

ഇടതുപക്ഷത്തിനാകട്ടെ, കുറ് മാറി മുഖ്യമന്ത്രിയെ ഉള്‍പ്പെടെ വെല്ലുവിളിക്കുകയും രാജിവച്ച് പുതിയ പോര്‍മുഖം തുറക്കുകയും ചെയ്ത പി.വി അന്‍വര്‍ പിന്തുണയ്ക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമാകും. ഇനി അഥവാ പരാജയപ്പെട്ടാല്‍ അത് നിലമ്പൂരിലെ മാത്രം പ്രത്യേക രാഷ്ട്രീയ സാഹചര്യമായി വിശദീകരിച്ച് പ്രതിരോധിക്കാനും കഴിയും. നിലമ്പൂരിലെ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തന്നെ തമ്മിലടിയില്‍ കലാശിക്കുമെന്ന കണക്ക് കൂട്ടലും സി.പി.എമ്മിനുണ്ട്. സംഘടനാപരമായി കോണ്‍ഗ്രസ്സ് പകച്ച് നില്‍ക്കുമ്പോള്‍ ഇതിനകം തന്നെ, സി.പി.എം നിലമ്പൂരില്‍ പണി തുടങ്ങിയിട്ടുണ്ട്. ജില്ലാ കമ്മറ്റി അംഗങ്ങള്‍ക്ക് വിവിധ പ്രദേശങ്ങളുടെ ചുമതല വിഭജിച്ച് നല്‍കിയാണ് സി.പി.എം ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങിയിരിക്കുന്നത്.


Express View

വീഡിയോ കാണാം…

Share Email
Top