ലീഗ് വോട്ട് ബാങ്കിൽ വിള്ളൽ വീഴുമോ എന്ന് ലീഗിന് ഭയം, നിലമ്പൂരിൽ ഇടതുപക്ഷ തന്ത്രത്തിൽ ആശങ്ക

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ ചോരുമോയെന്ന ആശങ്കയിലാണ് മുസ്ലീം ലീഗ് നേതൃത്വം. പ്രചരണ രംഗത്ത് വൻ മുന്നേറ്റമാണ് ലീഗ് കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്.

ലീഗ് വോട്ട് ബാങ്കിൽ വിള്ളൽ വീഴുമോ എന്ന് ലീഗിന് ഭയം, നിലമ്പൂരിൽ ഇടതുപക്ഷ തന്ത്രത്തിൽ ആശങ്ക
ലീഗ് വോട്ട് ബാങ്കിൽ വിള്ളൽ വീഴുമോ എന്ന് ലീഗിന് ഭയം, നിലമ്പൂരിൽ ഇടതുപക്ഷ തന്ത്രത്തിൽ ആശങ്ക

നിലമ്പൂരില്‍ നിലംതൊടാതെ യു.ഡി.എഫ് പരാജയപ്പെട്ടാല്‍, മുസ്ലീം ലീഗിനെ സംബന്ധിച്ച്, പിന്നീട് യു.ഡി.എഫില്‍ തുടരുക എന്നത് പ്രയാസമുള്ള കാര്യമാകും. യു.ഡി.എഫിന് വിജയിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയെന്ന് മുസ്ലീം ലീഗ് വിലയിരുത്തുന്ന മണ്ഡലമാണ് നിലമ്പൂര്‍. ആര്യാടന്‍മാരുടെ പഴയ ലീഗ് വിരുദ്ധ വിമര്‍ശനങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നതും മുസ്ലീം ലീഗ് അനുഭാവികളെയാണ് പ്രതിരോധത്തിലാക്കുന്നത്. പ്രവര്‍ത്തകര്‍ക്കിടയിലെ ആശങ്കയകറ്റാന്‍, ലീഗ് നേതാക്കളും എം.എല്‍.എമാരും മണ്ഡലത്തില്‍ സജീവമാണെങ്കിലും, അതെല്ലാം വോട്ടായി മാറുമോ എന്നതാണ് ഇനി അറിയാനുള്ളത്.

Also Read: ​ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, എം സ്വരാജ് മികച്ച വിജയം നേടും; എ എ റഹീം

ലീഗ് വോട്ട് ബാങ്കിനും സ്വീകാര്യനാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സ്വരാജ് എന്നതാണ്, ലീഗ് നേതൃത്വം നേരിടുന്ന പ്രധാന വെല്ലുവിളി. ന്യൂനപക്ഷ വിഷയങ്ങളില്‍, പ്രത്യേകിച്ച് മുസ്ലീം സമുദായവുമായി ബന്ധപ്പെട്ട് മുന്‍പ് ഉയര്‍ന്ന വിവാദങ്ങളിലെല്ലാം, കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ച നേതാവാണ് എം സ്വരാജ്. മുസ്ലീം സമുദായത്തിനുള്ളില്‍, സംസ്ഥാനത്ത് തന്നെ ഏറ്റവും സ്വീകാര്യതയുള്ള നേതാക്കളുടെ ഒരു ലിസ്റ്റ് എടുത്താല്‍, ആ പട്ടികയിലെ മുന്‍നിരയില്‍ എന്തായാലും സി.പി.എം നേതാവായ സ്വരാജിന്റെ പേര് കാണും. അതു പോലെ തന്നെ, ജാതി – മത ഭേദമന്യേ, പുതിയ തലമുറയിലും വലിയ സ്വാധീനമാണ് സ്വരാജിനുള്ളത്.

M Swaraj And P. K. Kunhalikutty

സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെയാണ്, കോണ്‍ഗ്രസ്സിനും മുസ്ലീം ലീഗിനും നിലമ്പൂരില്‍ വെല്ലുവിളിയാകുന്നത്. പി.വി അന്‍വര്‍ എത്ര വോട്ട് പിടിച്ചാലും ഇല്ലെങ്കിലും, ഇടതുപക്ഷ വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാകില്ലെന്നാണ്, സി.പി.എം നേതൃത്വം കരുതുന്നത്. തുടക്കത്തില്‍ സ്വരാജിനെ മത്സരിപ്പിക്കുന്ന കാര്യമേ സി.പി.എം ആലോചിച്ചിരുന്നില്ല. മറ്റ് പല ഓപ്ഷനുകളായിരുന്നു അവരുടെ മുന്നിലുണ്ടായിരുന്നത്. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഉള്‍പ്പെടെ വെല്ലുവിളിച്ചപ്പോള്‍, ആ വെല്ലുവിളി ഏറ്റെടുത്താണ് സ്വരാജിനെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനും തദ്ദേശ തിരഞ്ഞെടുപ്പിനും തൊട്ട് മുന്‍പ് നടക്കുന്ന, നിര്‍ണ്ണായക തിരഞ്ഞെടുപ്പായതിനാല്‍, നിലമ്പൂരില്‍ യു.ഡി.എഫിന് പരാജയമുണ്ടായാല്‍, അത് പിന്നീട് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കും.

സ്വരാജ് വിജയിച്ചാല്‍, സ്വതന്ത്ര പരീക്ഷണത്തേക്കാള്‍, പാര്‍ട്ടി പരീക്ഷണത്തിന് തന്നെയാണ്, സി.പി.എമ്മും ഭാവിയില്‍ പ്രാമുഖ്യം നല്‍കുക. ലീഗ് ഏറ്റവും വലിയ പാര്‍ട്ടിയായ മലപ്പുറം ജില്ലയില്‍ പോലും ലീഗിനെ വിറപ്പിച്ച ചരിത്രമാണ് സി.പി.എമ്മിനുള്ളത്. 16 നിയമസഭാ സീറ്റുകള്‍ ഉള്ള മലപ്പുറത്ത് നിലവില്‍ 4 സീറ്റുകളാണ് സി.പി.എമ്മിനുള്ളൂവെങ്കിലും ഒന്ന് ആഞ്ഞ് പിടിച്ചാല്‍ സി.പി.എമ്മിന് ഇപ്പോഴും തകര്‍ക്കാന്‍ കഴിയുന്ന കോട്ട തന്നെയാണ് മലപ്പുറം. പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ കേവലം 38 വോട്ടിനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗ് വിജയിച്ചിരുന്നത്. മങ്കടയില്‍ 6,246, തിരൂരില്‍ 7,214, തിരൂരങ്ങാടിയില്‍ 9578, എന്നിങ്ങനെയാണ് അവരുടെ കുറഞ്ഞ ഭൂരിപക്ഷം. മഞ്ചേരിയിലും വള്ളിക്കുന്നിലും പതിനയ്യായിരത്തില്‍ താഴെയാണ് ലീഗിനു ഭൂരിപക്ഷമുള്ളത്.

Aryadan Shoukath

കോട്ടക്കല്‍, കൊണ്ടോട്ടി അടക്കമുള്ള മണ്ഡലങ്ങളിലും, വാശിയേറിയ മത്സരമാണ് നടക്കുന്നത്. ഇവിടങ്ങളില്‍ പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ ലീഗിനെതിരെ വന്‍ വെല്ലുവിളി ഉയര്‍ത്താന്‍ ഇടതുപക്ഷത്തിനു കഴിയും. കോണ്‍ഗ്രസ്സിന്റെ പിന്തുണയില്ലെങ്കില്‍, കഴിഞ്ഞ തവണ തന്നെ രണ്ട് സീറ്റുകളില്‍ ലീഗ് ഒതുങ്ങുമായിരുന്നു. കണക്കുകള്‍ വ്യക്തമാക്കുന്നതും അതു തന്നെയാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ഇടഞ്ഞ് നിന്ന ആര്യാടന്‍ ഷൗക്കത്തിനെ കോണ്‍ഗ്രസ്സില്‍ ഉറപ്പിച്ചു നിര്‍ത്താന്‍, നിലമ്പൂര്‍ സീറ്റില്‍ മത്സരിപ്പിക്കാന്‍, മുസ്ലീം ലീഗ് നേതാക്കള്‍ തന്നെ നേരിട്ട് ഇടപെടല്‍ നടത്തിയിരിക്കുന്നത്.
ടി.കെ ഹംസയിലൂടെയും കെടി ജലീലിലൂടെയും വി. അബ്ദുറഹിമാനിലൂടെയും മലപ്പുറത്ത് രാഷ്ട്രീയ അട്ടിമറി സാധ്യമാക്കിയ സി.പി.എം സ്വതന്ത്ര പരീക്ഷണത്തെ എക്കാലത്തും പോത്സാഹിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ, ഇനിയും യു.ഡി.എഫ് ക്യാംപില്‍ നിന്നും, കൂടുതല്‍ നേതാക്കള്‍ ഇടതുപക്ഷത്ത് എത്താനും സാധ്യത ഏറെയാണ്.

Also Read: ​നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്

എന്തിനേറെ, നിലമ്പൂരില്‍ സ്വരാജ് വിജയിച്ചാല്‍, ലീഗില്‍ നിന്നുവരെ സി.പി.എമ്മിലേക്ക് ഒഴുക്കിന് സാധ്യതയുണ്ട്. 2026-ലും യു.ഡി.എഫിന് ഭരണം ലഭിക്കില്ലെന്ന് ഉറപ്പായാല്‍, ലീഗിലെ പ്രബല വിഭാഗം തന്നെ, ഇടതുപക്ഷ ഘടകകക്ഷിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. മലപ്പുറത്തെ സി.പി.എം, പ്രധാനമായും പോരാടുന്നത് ലീഗിനെതിരെയാണ്. ലീഗ് വിരുദ്ധ വോട്ടുകളാണ് സി.പി.എമ്മിന്റെ വോട്ട് ബാങ്ക്. കോണ്‍ഗ്രസ്സിന് ഒറ്റയ്ക്ക് നിന്നാല്‍ ജയിക്കാവുന്ന ഒരു മണ്ഡലം പോലും മലപ്പുറം ജില്ലയില്‍ ഇല്ലെന്നതും, ഒരു യാഥാര്‍ത്ഥ്യമാണ്. കോണ്‍ഗ്രസ്സിന്റെ കോട്ടയായ നിലമ്പൂരില്‍ പോലും, ലീഗ് പിന്തുണയില്ലെങ്കില്‍, കോണ്‍ഗ്രസ്സിന്റെ അവസ്ഥ ദയനീയമാണ്. അതാകട്ടെ, ഒരു യാഥാര്‍ത്ഥ്യവുമാണ്.


Express View

വീഡിയോ കാണാം

Share Email
Top