സ്വരാജ് വന്നത് ഇടതുപക്ഷത്ത് വേഗത സൃഷ്ടിച്ചെന്ന് ലീഗിലും അഭിപ്രായം, ‘മാങ്കൂട്ടത്തിൽ അത് ചെയ്യരുതായിരുന്നു’

സ്വരാജ് നിലമ്പൂരിൽ പ്രചരണ രംഗത്ത് ഉണ്ടാക്കിയ മുന്നേറ്റത്തിൽ അമ്പരന്ന് യു.ഡി.എഫും പി.വി അൻവറും. സ്വരാജിനെ പ്രകോപിപിച്ച് കൊണ്ടു വരുന്നതിൽ പങ്ക് വഹിച്ച യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ മുസ്ലീം ലീഗിലും പ്രതിഷേധം ശക്തമാണ്.

സ്വരാജ് വന്നത് ഇടതുപക്ഷത്ത് വേഗത സൃഷ്ടിച്ചെന്ന് ലീഗിലും അഭിപ്രായം, ‘മാങ്കൂട്ടത്തിൽ അത് ചെയ്യരുതായിരുന്നു’
സ്വരാജ് വന്നത് ഇടതുപക്ഷത്ത് വേഗത സൃഷ്ടിച്ചെന്ന് ലീഗിലും അഭിപ്രായം, ‘മാങ്കൂട്ടത്തിൽ അത് ചെയ്യരുതായിരുന്നു’

പതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍, നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയവും പിന്നിട്ടപ്പോള്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ ഉള്‍പ്പെടെ 10 സ്ഥാനാര്‍ത്ഥികളാണ് ഇപ്പോള്‍ മത്സര രംഗത്തുള്ളത്. പ്രധാനമായും ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും തമ്മിലാണ് മത്സരം നടക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജിന് ബി.ജെ.പിയുടെ മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്യപ്പെടുമോ എന്ന ചര്‍ച്ചയും, മണ്ഡലത്തില്‍ സജീവമാണ്. ഗത്യന്തരമില്ലാതെ അവസാന നിമിഷമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയിരുന്നത്. പി. വി അന്‍വറിന്, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ലഭിച്ച ഓട്ടോറിക്ഷ ചിഹ്നം ലഭിച്ചിട്ടില്ല. പകരം കത്രികയാണ് ലഭിച്ചിരിക്കുന്നത്.

P V Anvar

അന്‍വറും യു.ഡി.എഫും പിണറായി ഭരണത്തിന് എതിരായ ജനവിധിയായി ഈ തിരഞ്ഞെടുപ്പിനെ മാറ്റാന്‍ ശ്രമിക്കുമ്പോള്‍, ഇടതുപക്ഷം മുന്നോട്ട് വെയ്ക്കുന്നത് സര്‍ക്കാരിന്റെ വികസന രാഷ്ട്രീയവും, പി.വി അന്‍വറിന്റെ രാഷ്ട്രീയ വഞ്ചനയുമാണ്. പിണറായിസത്തിനെതിരെ രംഗത്തിറങ്ങിയ അന്‍വറും, രാഷ്ട്രീയ എതിരാളിയായ യു.ഡി.എഫും നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞാല്‍, അത് മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചും ഇടതുപക്ഷത്തെ സംബന്ധിച്ചും വന്‍ നേട്ടമായി മാറും. തന്റെ സാന്നിധ്യം കൊണ്ട് ഇടതു മുന്നണി വിജയിച്ചാല്‍ അത് പിണറായിയുടെ വിജയമായിരിക്കും. മാത്രമല്ല, മൂന്നാം ഇടതുപക്ഷ സര്‍ക്കാരിനു അത് വഴിയൊരുക്കുകയും ചെയ്യും.

Also Read: നിലമ്പൂരിൽ മത്സരചിത്രം തെളിഞ്ഞു; പി വി അൻവർ കത്രിക ചിഹ്നത്തിൽ മത്സരിക്കും

Pinarayi Vijayan

എം സ്വരാജിന്റെ വരവോടെ ഇടതുപക്ഷം വലിയ ആവേശത്തിലാണ് ഉള്ളത്. താഴെതട്ടു മുതല്‍ എണ്ണയിട്ട യന്ത്രം പോലെയാണ് സി.പി.എം സംഘടനാ സംവിധാനം പ്രവര്‍ത്തിക്കുന്നത്. പി.വി അന്‍വറിനോടുള്ള പകയും, യു.ഡി.എഫിന്റെ അഹങ്കാരത്തിന് തിരിച്ചടി നല്‍കാനുള്ള ആഗ്രഹവുമാണ്, സി.പി.എം പ്രവര്‍ത്തകരെ കര്‍മ്മനിരതരാക്കിയിരിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം, പാര്‍ട്ടി ചിഹ്നത്തിന് വോട്ട് ചെയ്യാന്‍ ലഭിക്കുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ തന്നെയാണ്, അവരുടെ തീരുമാനം. സ്വരാജ് വന്നതോടെ, മത്സരം കടുപ്പമായെന്ന് ഇപ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാത്രമല്ല, അന്‍വര്‍ അനുഭാവികള്‍ പോലും സമ്മതിച്ചു കഴിഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെ, സ്വരാജിനെ ലക്ഷ്യമിട്ടാണ് എതിരാളികള്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്വരാജിന്റെ സ്വീകാര്യതയും യു.ഡി.എഫിനെയും അന്‍വര്‍ ക്യാംപിനെയും ആശങ്കപ്പെടുത്തുന്നുണ്ട്.

Aryadan Shoukath

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്ന ദിവസം, പി.വി അന്‍വര്‍ യു.ഡി.എഫ് നേതൃത്വത്തിനു മുന്നില്‍ വച്ച ഡിമാന്റും രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. ഈ ഡിമാന്റ് മുന്‍ നിര്‍ത്തി യു.ഡി.എഫും പി.വി അന്‍വറിനെ ഇപ്പോള്‍ അവസരവാദിയായാണ് ചിത്രീകരിക്കുന്നത്. അതായത്, സിപി.എം എന്താണോ പി.വി അന്‍വറിനെ കുറിച്ച് പറയുന്നത്, അതുതന്നെയാണ് യു.ഡി.എഫ് ക്യാംപുകളും ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. നിലമ്പൂരില്‍ സ്വരാജ് ജയിച്ചാലും, ഷൗക്കത്ത് ജയിച്ചാലും അത് പി.വി അന്‍വറിന് വന്‍ തിരിച്ചടിയാകും. സ്വരാജ്, അന്‍വറിനെ സംബന്ധിച്ച് രാഷ്ട്രീയ എതിരാളിയാണെങ്കില്‍, ആര്യാടന്‍ ഷൗക്കത്ത്, വ്യക്തിപരമായ ശത്രുവാണ്. ഇപ്പോഴും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഷൗക്കത്തിനെ പാലം വലിക്കുമെന്നാണ് അന്‍വര്‍ വിഭാഗം കരുതുന്നത്. ഇടതുപക്ഷത്തിന്റെ വോട്ട് ചോര്‍ത്താന്‍ പറ്റില്ലെന്ന യാഥാര്‍ത്ഥ്യം, ഇതിനകം തന്നെ അന്‍വര്‍ ക്യാംപ് തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ടാകുമെന്നാണ്, രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

Also Read: നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പെന്ന് ആവർത്തിച്ച് രാജീവ് ചന്ദ്രശേഖർ

VD Satheesan

പ്രചരണം ശക്തമായി മുന്നേറുമ്പോള്‍, പ്രചരണ രംഗത്ത് സ്വരാജും ഷൗക്കത്തും ഒപ്പത്തിനൊപ്പമാണെങ്കിലും, സംഘടനാ സംവിധാനത്തില്‍ ഇടതുപക്ഷമാണ് മുന്നിട്ട് നില്‍ക്കുന്നത്. സി.പി.എം സംഘടനാ സംവിധാനത്തിന് ഒപ്പമെത്താന്‍ യു.ഡി.എഫ് ഇപ്പോള്‍ പരക്കം പായുകയാണ്. നിലമ്പൂരില്‍ വീണാല്‍, പ്രതിപക്ഷ നേതാവിന്റെ കസേര ഒഴിയേണ്ടി വരുമെന്നതിനാല്‍, വി.ഡി സതീശന്‍, സര്‍വ്വ ശക്തിയുമെടുത്താണ് നിലമ്പൂരില്‍ തമ്പടിച്ച് പ്രവര്‍ത്തിക്കുന്നത്. സകല യു.ഡി.എഫ് നേതാക്കളും നിലമ്പൂരിലുണ്ട്. സ്വരാജിനെ കൊണ്ടുവരാന്‍ വെല്ലുവിളിച്ചത് അബദ്ധമായി പോയി എന്ന തോന്നല്‍, ഇപ്പോള്‍ പല കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുമുണ്ട്.

M Swaraj

സ്വരാജ് വിജയിച്ചാല്‍, സ്വരാജിനെയും സി.പി.എമ്മിനെയും പ്രകോപിപ്പിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും അച്ചടക്ക നടപടിക്ക് സാധ്യതയുണ്ട്. മുസ്ലീം ലീഗ് നേതൃത്വം തന്നെ ഇക്കാര്യം കോണ്‍ഗ്രസ്സ് നേതൃത്വത്തോട് ആവശ്യപ്പെട്ടാലും അത്ഭുതപ്പെടാനില്ല. സ്വരാജ് വന്നതാണ്, മത്സരം പ്രവചനാതീതമാക്കിയതെന്നാണ്, ലീഗ് നേതൃത്വം വിലയിരുത്തുന്നത്. സ്വരാജിനായി ഇടതുപക്ഷ നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെയാണ് നിലമ്പൂരില്‍ തമ്പടിച്ച്, പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഇടതുപക്ഷ, യുവജന – വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരും മണ്ഡലത്തില്‍ സജീവമാണ്.


Express View

വീഡിയോ കാണാം

Share Email
Top